ദോഹ: പ്രാദേശിക ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ 100 പുൽമേടുകൾ പച്ചപിടിപ്പിക്കാനുള്ള പദ്ധതിക്ക് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തുടക്കം കുറിച്ചു.
പദ്ധതിയുടെ തുടക്കത്തിൽ ഈ വർഷം 36 പുൽമേടുകളുടെ പുനരുദ്ധാരണമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. പ്രദേശങ്ങളെ മാലിന്യമുക്തമാക്കുന്നതും അവിടെ തദ്ദേശീയ മരങ്ങൾ നടുന്നതും ഉൾപ്പെടുന്നതാണ് പദ്ധതി. പുൽമേടുകളിൽ വളരുന്ന സസ്യങ്ങൾ കൂടുതലായി വളർത്തുകയും വ്യാപ്തി വികസിപ്പിക്കുകയും ചെയ്യുക, ചെടികളെ സ്വാഭാവിക നിലയിലേക്ക് പുനഃസ്ഥാപിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളിൽപ്പെടുന്നു.
നിർദിഷ്ട പ്രദേശങ്ങളിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് തടയുന്നതിനായി അതിർത്തികളിൽ വേലി കെട്ടി സംരക്ഷിക്കുകയും ചെയ്യും. അതേസമയം, മേഖലയിലെ പ്രകൃതിദത്ത വൈവിധ്യവും പ്രകൃതിസൗന്ദര്യവും ആസ്വദിക്കാൻ പ്രത്യേക അനുമതി പ്രകാരം വ്യക്തികളെ അനുവദിക്കും.പദ്ധതിയുടെ ഓരോ ഘട്ടത്തിലും പുൽമേടുകളെക്കുറിച്ച വിവരങ്ങൾ ശേഖരിക്കും. ശേഷം, വളർച്ചയുടെ ഘട്ടത്തിൽ ഇവയെ പ്രത്യേക ഗണത്തിൽ ഉൾപ്പെടുത്തി പരിപാലിക്കും.
പുനരുദ്ധാരണത്തിനായി പുൽമേടുകൾ തെരഞ്ഞെടുക്കുന്നതിൽ പാരിസ്ഥിതികവും സാമൂഹികവുമായ നിരവധി മാനദണ്ഡങ്ങൾ പരിഗണിക്കും. അപൂർവ സസ്യങ്ങളുള്ള, വംശനാശ ഭീഷണി നേരിടുന്ന പുൽമേടുകൾക്കായിരിക്കും പദ്ധതിയിൽ മുൻഗണന നൽകുക.പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ പ്രൊട്ടക്ഷൻ ആൻഡ് നാച്ചുറൽ റിസർവ്സ് അസി. അണ്ടർ സെക്രട്ടറി ഡോ. ഇബ്റാഹിം അൽ മസ്ലമാനി, വന്യജീവി വികസന വകുപ്പ് ഡയറക്ടർ മുഹമ്മദ് അഹ്മദ് അൽ ഖൻജി, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ഖത്തറിന്റെ വടക്കൻ പ്രദേശത്തെ പുൽമേടായ റൗദത് അൽ ഖയ്യ അടുത്തിടെ സന്ദർശിച്ചിരുന്നു.ഖത്തറിന്റെ പ്രധാന ഭൂപ്രദേശങ്ങളെ സംരക്ഷിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനുമുള്ള നടപടികൾ വകുപ്പ് അതിന്റെ മുൻഗണനകളിലൊന്നായി സ്വീകരിച്ചിട്ടുണ്ടെന്ന് വന്യജീവി വികസന വകുപ്പ് മേധാവി അൽ ഖൻജി പറഞ്ഞു.
നേരത്തെ വിവിധ വർഷങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 31 പുൽമേടുകൾ പുനരുദ്ധരിക്കാനും അവിടെ 17463 കാട്ടുമരങ്ങൾ നട്ടുപിടിപ്പിക്കാനും മന്ത്രാലയത്തിന് സാധിച്ചിരുന്നു.ഖത്തറിന്റെ പ്രധാന ഭൂപ്രദേശം പുൽമേടുകളാൽ ഏറെ സമ്പന്നമാണ്. മന്ത്രാലയം നടത്തുന്ന സർവേ കണക്കുകൾ പ്രകാരം വയലുകൾ, പുല്ല്, ഔഷധച്ചെടികൾ, മരങ്ങളല്ലാത്ത സസ്യങ്ങൾ എന്നിവ ഉൾപ്പെടുന്ന തുറസ്സായ ആവാസവ്യവസ്ഥകളോ വയലുകളോ ആണെന്ന് വ്യക്തമാക്കുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ