മഹാരാഷ്ട്രയിൽ‌ വീണ്ടും പേരുമാറ്റം; അഹമ്മദ് ന​ഗർ ഇനി അഹില്യ ന​ഗർ; എട്ട് റെയിൽവേസ്റ്റേഷനുകളുടെ പേരിലും മാറ്റം

 

മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും സ്ഥലപ്പേരുകൾ മാറ്റി സംസ്ഥാന സർക്കാർ. അഹ്മദ്‌നഗറിന്‍റെ പേര് ‘അഹല്യ നഗര്‍’ എന്നാണ് പുനർ നാമകരണം ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ ആണ് എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്.

എട്ട് സബ് അർബൻ റെയിൽവേസ്റ്റേഷനുകളുടേയും പേര് മാറ്റും. ബ്രിട്ടീഷ് ഭരണകാലത്ത് നൽകിയ പേരുകൾ മാറ്റുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഏക്നാഥ് ഷിൻ‌ഡെ മന്ത്രിസഭ റെയിൽവേ സ്റ്റേഷനുകളുടേയും പേര് മാറ്റിയിരിക്കുന്നത്.

18-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മറാത്ത രാജ്ഞിയാണ് അഹല്യാഭായ് ഹോൽക്കർ. അഹല്യ ഹോല്‍ക്കറുടെ 298-ാം ജന്മവാര്‍ഷികത്തിലാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. 2022 ജൂണിൽ ഔറംഗബാദ്‌ ജില്ലയെ ഛത്രപതി സംബാജിനഗറെന്നും ഒസ്മാനാബാദിനെ ധാരാശിവ് എന്നും മഹാരാഷ്ട്ര സർക്കാർ പുനർ നാമകരണം ചെയ്തിരുന്നു.

മഹാരാഷ്ട്രയുടെ സാംസ്കാരിക പൈതൃകത്തിന് അനുസൃതമായി റെയിൽവേസ്റ്റേഷനുകൾക്ക് പേരുനൽകാനുള്ള തീരുമാനത്തിന്റെ ഭാ​ഗമായാണ് റെയിൽവേസ്റ്റേഷനുകളുടെ പേരുകൾ മാറ്റുന്നത്. കറി റോഡിന്റെ പേര് ലാൽബാ​ഗെന്നും മറൈൻ ലൈൻസിന്റെ പേര് മുംബാദേവിയെന്നും സാൻഡ്ഹേർസ്റ്റ് റോഡിന്റെ പേര് ഡോൻ​ഗ്രിയെന്നും കോട്ടൺ ​ഗ്രീന്റെ പേര് കലാചോക്കിയെന്നും ചാർനി റോഡിന്റെ പേര് ​ഗിർ​ഗോണിയെന്നും ഡോക്കിയാർഡ് റോഡിന്റെ പേര് മസ്​ഗോണെന്നും കിം​ഗ് സർക്കിളിന്റെ പേര് തിർതകർ പർശിവ്നാഥെന്നുമാണ് മാറ്റുന്നത്.

അഹമ്മദ്‌നഗറിന്റെ പേര് മാറ്റണമെന്ന് ബി.ജെ.പി ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. മറാത്ത സാമ്രാജ്യത്തിന്റെ പാരമ്പര്യ കുലീന രാജ്ഞിയായ അഹല്യാഭായ് ഹോൾക്കർ ജനിച്ചത് അഹമ്മദ്‌നഗർ ജില്ലയിലെ ചോണ്ടി ഗ്രാമത്തിലാണെന്നും അതുകൊണ്ട് ജില്ലക്ക് അഹല്യാ നഗർ എന്ന് പേര് നൽകണമെന്നുമുള്ള ബി.ജെ.പി വാദം അംഗീകരിച്ചാണ് സർക്കാർ നടപടി.

 Read more ….