ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി. 11 സംസ്ഥാനങ്ങളിൽ നിന്ന് 72 സ്ഥാനാർഥികളടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടത്. മനോഹർ ലാൽ ഖട്ടർ, അനുരാഗ് ഠാക്കൂർ, പ്രഹ്ലാദ് ജോഷി തുടങ്ങിയ പ്രമുഖരൊക്കെ പട്ടികയിലുണ്ട്.
ആദ്യഘട്ട പട്ടികയിൽ ഇടം പിടിക്കാതെ പോയ പ്രമുഖ നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരി രണ്ടാം പട്ടികയിൽ ഇടംപിടിച്ചു. അദ്ദേഹം സിറ്റിങ് സീറ്റായ നാഗ്പുരിൽത്തന്നെ മത്സരിക്കും. 2014ലെയും 2019 ലെയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിതിൻ ഗഡ്കരി നാഗ്പുർ മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചിരുന്നു.
മുൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കർണാലിൽനിന്ന് മത്സരിക്കും. ഹിമാചൽ പ്രദേശിലെ ഹാമിർപുരിൽ നിന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ മത്സരിക്കും. കർണാടക മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മ കർണാടകയിലെ ഹാവേരിയിൽനിന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ധാർവാടിൽ നിന്നും മത്സരിക്കും.
പിയുഷ് ഗോയൽ മുംബൈ നോർത്തിൽനിന്നും കർണാട മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്ര ഷിമോഗയിൽനിന്ന് മത്സരിക്കും.
മുൻ പ്രധാനമന്ത്രി കൂടിയായ ജനതാദൾ നേതാവ് എച്ച്.ഡി.ദേവെഗൗഡയുടെ മരുമകൻ സി.എൻ.മഞ്ജുനാഥ് ബെംഗളൂരു റൂറലിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കും.
ദാദര്‍ നഗര്‍ ഹവേലി, ദില്ലി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ 72 സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. അതേസമയം, കേരളത്തിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പേരുകൾ രണ്ടാം പട്ടികയിലില്ല. കേരളത്തിൽ ഒഴിവുള്ള സീറ്റുകളിൽ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
Read more ….
- ഝാർഖണ്ഡിലെ കോൺഗ്രസ്സ് എം.എൽ.എയുടെ വീട്ടിൽ ഇ.ഡി റെയ്ഡ് : റെയ്ഡ് ബി.ജെ.പിയിലേക്കുള്ള ക്ഷണം നിരസിച്ചതിനെന്ന ആരോപണവുമായി എം. എൽ.എ
- ശശി തരൂരിന്റെ കൈയിൽ തിരുവനന്തപുരം സുരക്ഷിതമോ ? | Lok Sabha Election 2024 | Vox Pop | Shashi Tharoor
- KU കലോത്സവം; കോഴ ആരോപണത്തിൽ SFIയുടെ പങ്ക് വെളിപ്പെടുന്നു