മനാമ: ജനങ്ങളെ തമ്മിലടിപ്പിച്ച് ഭരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് ഐ.വൈ.സി.സി ബഹ്റൈൻ. വർഗീയത ജനങ്ങളുടെ മനസ്സിൽ കുത്തിവെച്ച് അത് വോട്ടാക്കിമാറ്റാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
വീണ്ടും ബി.ജെ.പി അധികാരത്തിലെത്തിയാൽ പൊതുതെരഞ്ഞെടുപ്പ് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി എം.പി പ്രഖ്യാപിച്ചിരുന്നു. അതും ഇന്ന് പൗരത്വ വിഷയവുമായി ബന്ധപ്പെട്ട വിഷയത്തിൽ വന്ന സർക്കാർ ഉത്തരവുംകൂടി കൂട്ടിവായിച്ചാൽ ഇന്ത്യ ജനാധിപത്യത്തിൽനിന്നും ഏകാധിപത്യത്തിലേക്കു മാറും എന്നതിൽ ഒരു സംശയവുമില്ല.
ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. അത് സംഘ്പരിവാർ ശക്തികളുടെ പിന്തുണയോടെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറിനെതിരെയുള്ള വോട്ടുകളായി മാറണമെന്ന് ഐ.വൈ.സി.സി പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ