ന്യൂഡല്‍ഹി: മാര്‍ച്ച് 15ന് വൈകിട്ട് അഞ്ചു മണിയാകുമ്പോള്‍ രാജ്യത്ത് ബി.ജെ.പി ഉള്‍പ്പെടെയുള്ള വിവിധ പാര്‍ട്ടികളുടെ ഉടുതുണി അഴിഞ്ഞുവീഴും. അന്ന് ആ സമയത്താണ് ഇലക്ടറല്‍ ബോണ്ട് വഴി പാര്‍ട്ടികള്‍, പ്രത്യേകിച്ച് കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയുടെ പോക്കറ്റില്‍ എത്ര കോടി രൂപ വീണു എന്നറിയാനുള്ള കണക്കുകള്‍ പുറത്തുവരാനിരിക്കുന്നത്.
ഇലക്ടറല്‍ ബോണ്ട് രാജ്യം കണ്ട വലിയ അഴിമതികളില്‍ ഒന്നാണെന്ന് ഇതിനകം തന്നെ വ്യക്തമായിക്കഴിഞ്ഞു. ഇരുപതിനായിരം കോടിയിലേറെ രൂപയാണ് ബോണ്ട് വഴി പാര്‍ട്ടികളുടെ പോക്കറ്റില്‍ വീണത് എന്നു തെളിഞ്ഞു കഴിഞ്ഞു. ഇതില്‍ കൂടുതലും കിട്ടിയത് ബി.ജെ.പിക്കാണെന്ന വിവരം ഇതിനകം പുറത്തുവന്നു കഴിഞ്ഞു. ആരെല്ലാമാണ് അതു നല്‍കിയത്, എതെല്ലാമാണ് മുതലാളിമാരില്‍ നിന്നാണ് അതു കിട്ടിയത് എന്നെല്ലാം അറിയുമ്പോഴാണ് മുഖംമൂടികള്‍ അഴിഞ്ഞുവീഴുന്നതും, ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ ആര്‍ക്കെല്ലാം ചെയ്തുകൊടുത്തു എന്ന് അറിയുന്നതും.
കഴിഞ്ഞ ഫെബ്രുവരി 22നാണ് ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രിംകോടതിയുടെ ഭരണഘടനാ ബഞ്ച് വിധി പ്രസ്താവിച്ചത്. രാജ്യത്തെ മുഖ്യവും വലുതുമായ ബാങ്കായ എസ്.ബി.ഐ ആണ് പാര്‍ട്ടികള്‍ക്കു വേണ്ടി ബോണ്ട് ഇറക്കി പണം സമാഹരിച്ച് കൈമാറിയത്. മൂന്നാഴ്ചയായിട്ടും എസ്.ബി.ഐ കണക്കുകള്‍ പുറത്തുവിട്ടില്ല. അതിനാലാണ് കഴിഞ്ഞ ദിവസം സുപ്രിംകോടതി 24 മണിക്കൂറിനകം കണക്കുകള്‍ ഇലക്ഷന്‍ കമ്മിഷനു നല്‍കാന്‍ ഉത്തരവിട്ടത്. അതനുസരിച്ച് ചൊവ്വാഴ്ച വൈകിട്ട് എസ്.ബി.ഐ കമ്മിഷന് കണക്കുകള്‍ കൈമാറി. മാര്‍ച്ച് 15ന് വൈകിട്ട് അഞ്ചുമണിക്കു മുമ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ അതു പ്രസിദ്ധീകരിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
2019 എപ്രില്‍ 12നും ഇക്കൊല്ലം ഫെബ്രുവരി 15നും മധ്യേയാണ് എസ്.ബി.ഐ ഇലക്ടറല്‍ ബോണ്ട് ഇറക്കിയത്. ഈ വരുന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ കണക്കുകള്‍ തിരിഞ്ഞടിക്കുമെന്ന് ഭയന്നായിരിക്കണം തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ഒരു തീയതിവരെ സമയം നീട്ടിക്കിട്ടണമെന്ന് ബാങ്ക് ആവശ്യപ്പെട്ടത്. എന്നാല്‍, പറ്റില്ലെന്നും 24 മണിക്കൂറിനകം നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ കൈക്കൊള്ളുമെന്നും സുപ്രിംകോടതി മുന്നറിയിപ്പു നല്‍കിയപ്പോഴാണ് എസ്.ബി.ഐ മുട്ടിടിച്ച് കണക്കുകള്‍ നല്‍കിയത്.
ഇനി വരാനിരിക്കുന്ന വിശദാംശങ്ങളില്‍ ആരൊക്കെയാണ് പണം നല്‍കിയത് എന്നതു സംബന്ധിച്ച വിവരം പുറത്തുവരുമെന്ന് ഇനിയും ഉറപ്പായിട്ടില്ല. കാരണം, പല ബോണ്ടുകളും അജ്ഞാതരായ ആളുകളാണ് വാങ്ങിയിട്ടുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍, കള്ളപ്പണം വ്യാജ ഉറവിടങ്ങളില്‍നിന്ന് പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന അവസ്ഥ.
ഇനി, ഈ പണം എങ്ങോട്ടാണ് പോകുന്നത്?. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു മാത്രമല്ല, പാര്‍ട്ടി വളര്‍ത്താനും അതുപയോഗിക്കുന്നു. അതിനെക്കാള്‍ അതു ചെലവിടുന്നത് സര്‍ക്കാരുകളെ അട്ടിമറിക്കാനും എം.പിമാരെയും എം.എല്‍.എമാരെയും വിലയ്ക്കു വാങ്ങാനുമാണ് എന്നതാണ്. ഇതാണ് ജനാധിപത്യത്തിന്റെ കഴുത്തില്‍ കത്തിവയ്ക്കുന്ന ഇടപാടായി മാറിയത്. സുപ്രിംകോടതി ജനാധിപത്യം സംരക്ഷിക്കുന്ന വിധിയാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
















