ന്യൂഡൽഹി: കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അജയ് കപൂർ ബിജെപിയിൽ ചേർന്നു. ബീഹാറിൻ്റെ ചുമതലയുണ്ടായിരുന്ന നേതാവായിരുന്നു മുൻ കാൺപൂർ എംഎൽഎ കൂടിയായ അജയ് കപൂർ.കപൂറിനെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാൺപൂർ സീറ്റിൽ നിന്ന് വീണ്ടും മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കെയാണ് പാർട്ടി വിട്ട് അദ്ദേഹം ബിജെപിയിൽ ചേർന്നത്.
— Ajay Kapoor (Modi Ka Pariwar) (@ajaykapoorsevak) March 13, 2024
മാർച്ച് 3-ന് പട്‌നയിൽ നടന്ന ഇൻഡ്യ സഖ്യത്തിന്റെ റാലിക്ക് ശേഷമാണ് അജയ് കപൂർ അടക്കമുള്ള നേതാക്കൾ കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചത്. ബിഹാറിലെ സീറ്റ് പങ്കിടലുമായി ബന്ധപ്പെട്ട് കോൺഗ്രസ്, ആർജെഡി നേതാക്കൾ വരും ദിവസങ്ങളിൽ ഡൽഹിയിൽ യോഗം ചേരാനിരിക്കെ കൂടിയാണ് അജയ് കപൂർ ബിജെപിയിൽ അംഗത്വം എടുത്തിരിക്കുന്നത്.
കാൺപൂരിലെ ഗോവിന്ദ് നഗർ, കിദ്വായ് നഗർ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച മുൻ എം.എൽ.എ കൂടിയായ അജയ് കപൂർ, 2002 മുതൽ 2017 വരെ തുടർച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളിൽ വിജയിച്ച കോൺഗ്രസ് നേതാവ് കൂടിയാണ്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അജയ് കപൂർ കാൺപൂരിലെ കിദ്വായ് നഗർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബിജെപി സ്ഥാനാർത്ഥി മഹേഷ് ത്രിവേദി 38,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ അജയ് കപൂറിന് 76,000 വോട്ടുകൾ ലഭിച്ചു
അജയ് കപൂറിന്റെ പാർട്ടി വിടാനുള്ള തീരുമാനം കോൺഗ്രസിനും ഇൻഡ്യ സഖ്യത്തിനും വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. കാൺപൂരിൽ ബിജെപി അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയേക്കുമെന്നാണ് വിവരം.
















