ബംഗളൂരു: രൂക്ഷമായ ജലക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ തമിഴ്‌നാടിന് ഒരു തുള്ളി വെള്ളം പോലും നല്‍കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സര്‍ക്കാര്‍ കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കുന്നുവെന്ന ബിജെപിയുടെ ആരോപണം അദ്ദേഹം പൂര്‍ണമായും നിഷേധിച്ചു. സംസ്ഥാനത്തെ ജലക്ഷാമത്തില്‍ ബംഗളൂരുവിലെ സ്വാതന്ത്ര്യ പാര്‍ക്കില്‍ ബിജെപിയുടെ പ്രതിഷേധം നടന്നതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
ബിജെപി പറയുന്നതെല്ലാം പച്ചക്കള്ളമാണ്. വെള്ളം ഉണ്ടെങ്കിലല്ലേ വിട്ടുനല്‍കൂ. തമിഴ്‌നാട് വെള്ളം ചോദിച്ചിട്ടു പോലുമില്ല. ഇനിയിപ്പോ തമിഴ്‌നാടോ, കേന്ദ്രമോ ആവശ്യപ്പെട്ടാലും വെള്ളം വിട്ടുനല്‍കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
സംസ്ഥാനത്തുടനീളമുള്ള പല ഗ്രാമങ്ങളിലെയും ജലസ്രോതസ്സുകള്‍ വറ്റിവരണ്ടു. തലസ്ഥാന നഗരിയില്‍ 3000ലധികം കുഴല്‍ക്കിണറുകള്‍ വറ്റിവരണ്ടു. കഴിഞ്ഞ വര്‍ഷത്തേക്കാളും കടുത്ത വേനലും ജലക്ഷാമവുമാണ് ഇത്തവണ കര്‍ണാടക നേരിടുന്നത്. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ നീന്തല്‍ക്കുളങ്ങള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. ആരെങ്കിലും അങ്ങനെ ചെയ്താല്‍ പിഴയീടാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാലാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പൗരത്വഭേദഗതി നിയമം പാസാക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു.
Read also :
- FACT CHECK| ടിഡിപിക്ക് വോട്ട് അഭ്യര്‍ഥിച്ച് നടി സാമന്ത ? | loksabha election 2024
- ദേശീയപാതക്കാർ 2 കൊല്ലം കഴിഞ്ഞാൽ പോകും പിന്നെ ദുരിതം പേറേണ്ടത് നമ്മൾ’ | AN Shamseer
- ദലിത് ജീവനക്കാരിയെ അപമാനിക്കാൻ ശ്രമം:ഐഐഎമ്മിൽ 8 ജീവനക്കാർക്കെതിരെ കേസെടുത്തു
കഴിഞ്ഞ മൂന്ന് നാല് പതിറ്റാണ്ടുകള്‍ക്കിടെ ആദ്യമായാണ് ഇത്തരമൊരു ജലപ്രതിസന്ധി ബെംഗളൂരു അഭിമുഖീകരിക്കുന്നതെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രി ഡി ക ശിവകുമാര്‍ പറഞ്ഞു. ഇതാദ്യമായാണ് ഇത്രയധികം താലൂക്കുകളെ വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാവേരി നദിയില്‍നിന്നുള്ള ജലവും ഭൂഗര്‍ഭജലവുമാണ് ബെംഗളൂരുവിന്റെ രണ്ട് ജലസ്രോതസ്സുകള്‍. കുടിവെള്ളത്തിനൊഴികെ മലിനജല ശുചീകരണപ്ലാന്റില്‍ നിന്നുള്ള പുനഃചംക്രമണജലമാണ് വിവിധ ആവശ്യങ്ങള്‍ക്കായി നഗരവാസികള്‍ ഉപയോഗിക്കുന്നത്. 2600-2800 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ഒരു ദിവസം ബംഗളൂരുവില്‍ ആവശ്യമായുള്ളത്. എന്നാല്‍ നിലവില്‍ അതിന്റെ പകുതി അളവ് മാത്രമാണ് ലഭ്യമാക്കുന്നത്.