തിരുവനന്തപുരം: സിഎഎ ചട്ടം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്താൻ കേരളം. ഇന്ന് ചേർച്ച മന്ത്രിസഭാ യോഗ തീരുമാനം. നിയമമന്ത്രി പി രാജീവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഏത് രൂപത്തിൽ ആവശ്യപ്പെടണമെന്ന് അഭിഭാഷകരുമായി ആലോചിക്കും. നിയമം തന്നെ ഭരണഘടന വിരുദ്ധമെന്നാകും കേരളം സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടുക.
മുൻപ് സിഎഎക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനം കേരളമായിരുന്നു. മുതിർന്ന അഭിഭാഷകരുമായി എജി ഇന്ന് ചർച്ച നടത്തുമെന്ന് നിയമ മന്ത്രി അറിയിച്ചു. സുപ്രീംകോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അഭിഭാഷകരുമായുള്ള ചർച്ചകൾക്കായി എജി ഡൽഹിയിലാണുള്ളത്. അടിയന്തരമായി നിയമം റദാക്കേണ്ടതുണ്ട്. പഴയ ഹര്‍ജി മെന്‍ഷന്‍ ചെയ്യും. ചില താല്പര്യങ്ങള്‍ മുന്നില്‍ കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നിയമം ഭരണഘടന വിരുദ്ധം. അത് കേരളത്തില്‍ നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അവസാന തീരുമാനം പറയേണ്ടത് സുപ്രീംകോടതിയാണ്. ബിജെപി ഇംഗ്ലീഷില്‍ പറയുന്നത് കേരളത്തിലെ കോണ്‍ഗ്രസ് മലയാളത്തില്‍ പറയുന്നു. ബിജെപി വിരുദ്ധത അല്ല ഇടതുപക്ഷ വിരുദ്ധതയാണ് കേരളത്തിലെ കോണ്‍ഗ്രസിന്. അത് ഫലത്തില്‍ ബിജെപിക്ക് സഹായകരമാണ്. എത്രയും പെട്ടെന്ന് ഹര്‍ജി നല്‍കുമെന്നും മന്ത്രി അറിയിച്ചു.
വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ബിജെപി അജണ്ടയുടെ പ്രചാരകരായി കോണ്‍ഗ്രസ് മാറി. പ്രധാന പ്രശ്‌നത്തെ കോണ്‍ഗ്രസ് കയ്യൊഴിയുകയാണ്. കേരളത്തില്‍ ആക്രമണ സ്വഭാവത്തിലേക്കു പോകണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകും.ബിജെപി ആഗ്രഹിക്കുന്നത് അതാണ്.പക്ഷേ അത്തരം കാര്യങ്ങളില്‍ ജാഗ്രത വേണമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
സിഎഎ ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയിൽ പ്രത്യേക ഹർജി നൽകുമെന്നാണ് അദ്ദേഹം പറഞ്ഞത്. പൗരത്വ ഭേദഗതിക്കെതിരെ സമർപ്പിച്ച ഹർജിയോടൊപ്പമാണ് പുതിയ ഹർജിയും നൽകുന്നത്. ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ഇന്നലെ ഹർജി സമർപ്പിച്ചിരുന്നു.