അബുദാബി/ദുബായ് ∙ യുഎഇയുടെ ചരിത്രം സ്റ്റാംപുകളിലൂടെ പ്രദർശിപ്പിച്ച മലയാളിക്ക് വെള്ളി മെഡൽ. എമിറേറ്റ്സ് ഫിലാറ്റലിക് അസോസിയേഷൻ നടത്തിയ രാജ്യാന്തര സ്റ്റാംപ് പ്രദർശനത്തിലാണ് യുഎഇയെ പ്രതിനിധീകരിച്ച് പങ്കെടുത്ത കണ്ണൂർ തവക്കര സ്വദേശി പി.സി. രാമചന്ദ്രന് വെള്ളിത്തിളക്കം നേടാനായത്. ഈ പ്രദർശനത്തിൽ പങ്കെടുത്ത് സമ്മാനം നേടിയ ഏക ഇന്ത്യക്കാരനാണ് 72 വയസ്സുള്ള രാമചന്ദ്രൻ. 8 വിഭാഗങ്ങളിലായി നടന്ന പ്രദർശനത്തിൽ യുഎഇ കൂടാതെ സൗദി, ഒമാൻ, ബഹ്റൈൻ, ഖത്തർ, ഈജിപ്ത്, ലബനൻ, സിംഗപ്പൂർ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും പങ്കെടുത്തു. യുഎഇ രൂപീകരണത്തിനു മുൻപ് ബ്രിട്ടിഷ് ഭരണകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഇന്ത്യൻ സ്റ്റാംപുകൾ, 1964ൽ വിവിധ നാട്ടുരാജ്യങ്ങളായിരുന്ന കാലഘട്ടത്തിലെ സ്റ്റാംപുകൾ, 1971 ഡിസംബർ 2ന് യുഎഇ രൂപീകരിച്ചതു മുതൽ 2024 വരെ ഇറക്കിയ അപൂർവ സ്റ്റാംപുകൾ എന്നിവയെല്ലാം രാമചന്ദ്രന്റെ ശേഖരത്തിലുണ്ട്.
കഴിഞ്ഞ വർഷം ഷാർജയിൽ രാജ്യാന്തര പ്രദർശനത്തിൽ ട്രാവൻകൂറിന്റെ ചരിത്രം പറയുന്ന സ്റ്റാംപുകളുമായെത്തി രാമചന്ദ്രൻ വെള്ളി മെഡൽ നേടിയിരുന്നു. 2021ൽ സിംഗപ്പൂർ, മലയ (മലേഷ്യ) തപാൽ ചരിത്രം പ്രദർശിപ്പിച്ച് വെങ്കലം നേടി. ഗൾഫ് രാജ്യങ്ങളിലെ മറ്റ് സ്റ്റാംപ് പ്രദർശനങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
45 വർഷമായി സ്റ്റാംപുകൾ ശേഖരിക്കുന്ന രാമചന്ദ്രന്റെ പക്കൽ ഇന്ത്യയുടെ അപൂർവ നാണയങ്ങളും സ്റ്റാംപുകളും, കേരളപ്പിറവിക്കു മുൻപും ശേഷവുമുള്ള സ്റ്റാംപുകളുമുണ്ട്. മൂന്നര പതിറ്റാണ്ടിലേറെയായി യുഎഇയിലുള്ള രാമചന്ദ്രൻ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ഫിനാൻസ് മാനേജരായി വിരമിച്ച ശേഷം കരാമയിൽ വിശ്രമജീവിതം നയിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ