ശബരി റെയിൽപാത നിർമാണം ഏറ്റെടുക്കാൻ കെ റെയിൽ:പുതുക്കിയ 3800 കോടി എസ്റ്റിമേറ്റിന് അംഗീകാരം

തിരുവനന്തപുരം:ശബരി റെയിൽപാത നിർമാണത്തിന്റെ ചുമതല ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് കേരള  റെയിൽ ഡവലപ്മെന്റ് കോർപ്പറേഷൻ.കേരളവും കേന്ദ്രവും ചേർന്നു പണം മുടക്കുന്ന റെയിൽവേ മേൽപാലങ്ങളുടെ നിർമാണം നിലവിൽ കെ റെയിലിനെ ഏൽപിച്ചിട്ടുണ്ട്.

അങ്കമാലി-എരുമേലി ശബരി റെയിൽപാതയുടെ നിർമാണമാണ് കെ റെയിൽ ഏറ്റെടുക്കുന്നത്.കേന്ദ്ര–കേരള സർക്കാരുകൾ തുല്യ വിഹിതം മുടക്കി നടപ്പാക്കുന്ന പദ്ധതി, ഇരു സർക്കാരുകളുടെയും തുല്യ പങ്കാളിത്തമുള്ള കോർപറേഷൻ എന്ന നിലയ്ക്ക് ഏൽപിക്കണമെന്നു കെ റെയിൽ സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ചു.

ശബരി റെയിൽ നിർമാണച്ചെലവിൽ പകുതി മുടക്കാമെന്നു വാഗ്ദാനം ചെയ്തെങ്കിലും കേരളം ഇതുവരെ രേഖാമൂലം സമ്മതം നൽകിയിട്ടില്ല. കെ റെയിൽ സമർപ്പിച്ച 3800 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിനു ദക്ഷിണ റെയിൽവേ അക്കൗണ്ട്സ് വിഭാഗം അംഗീകാരം നൽകിയിരുന്നു.

ജനറൽ മാനേജരുടെ അംഗീകാരത്തിനു സമർപ്പിച്ചപ്പോഴാണു പകുതി തുക മുടക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ സമ്മതപത്രം നൽകണമെന്നു നിർദേശിച്ചത്. ചെലവിന്റെ പകുതിയായ 1900 കോടി രൂപ കേരളം വഹിക്കണം. 2017ലെ എസ്റ്റിമേറ്റ് പ്രകാരം 1407 കോടി രൂപ സംസ്ഥാനം മുടക്കേണ്ടിയിരുന്ന ഘട്ടത്തിൽ രേഖാമൂലം സമ്മതമറിയിച്ചിരുന്നു.

Read more ….

പുതിയ എസ്റ്റിമേറ്റ് അനുസരിച്ച് 493 കോടി രൂപ കൂടി അധികം വേണമെന്നതിനാൽ  വീണ്ടും സമ്മതം നൽകണം. രേഖാമൂലം സമ്മതം ആവശ്യപ്പെട്ടു മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു ധനവകുപ്പു കൈമാറിയ ഫയലിൽ ഇനി മന്ത്രിസഭാ തീരുമാനം വരേണ്ടതുണ്ട്. 

45 മിനിറ്റുകൊണ്ട് ചെങ്ങന്നൂരിൽ നിന്നു പമ്പയിലെത്തുന്ന 60 കി.മീ. ഇരട്ടപ്പാതയുടെ അലൈൻമെന്റ് സർവേ  കേന്ദ്രം നടത്തുന്നുണ്ട്. രണ്ടു പദ്ധതികളുടെയും ഡിപിആർ താരതമ്യം ചെയ്തശേഷം മുൻഗണന നിശ്ചയിക്കാമെന്നാണു കേന്ദ്രസർക്കാരിന്റെ നിലപാട്. ഇക്കാര്യത്തിലുള്ള അവ്യക്തതയും സംസ്ഥാന സർക്കാരിന്റെ തീരുമാനം വൈകാൻ ഇടയാക്കുന്നുണ്ട്.