ന്യൂഡൽഹി: കണ്ണൂർ കോടതിയുടെ ബഹുനില സമുച്ചയത്തിൻ്റെ നിർമ്മാണ കരാർ ഊരാളുങ്കൽ ലേബര്‍ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകിയ നടപടി സുപ്രീം കോടതി ശരിവച്ചു. 7.2 ശതമാനം അധിക തുക ക്വോട്ട് ചെയ്ത കമ്പനിക്ക് കരാര്‍ നൽകി എന്നത് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. ഹൈക്കോടതി വിധിക്കെതിരായി നിർമാൺ കൺസ്ട്രക്ഷൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സർക്കാർ ഓഹരി പങ്കാളിത്തമുള്ള കമ്പനിക്ക് പത്ത് ശതമാനം വരെ പ്രിഫറൻസ് നൽകാമെന്ന വാദം കോടതി ശരിവക്കുകയായിരുന്നു.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റേത് ആണെന്നറിയിച്ച് കേരളം സുപ്രീം കോടതിയിൽ സത്യവാംഗ്മൂലം ഫയൽ ചെയ്തത് ഈ കേസിലായിരുന്നു. സാമ്പത്തിക പരിധിയില്ലാതെ ഏത് പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ ഊരാളുങ്കൽ സൊസൈറ്റിക്ക് അനുമതി നൽകുന്ന ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
കോടതി നിര്‍മ്മാണത്തിനായി നിര്മ്മാൺ കൺസ്ട്രക്ഷൻസ് ക്വോട്ട് ചെയ്ത തുകയേക്കാൾ 1.65 കോടി രൂപയാണ് ഊരാളുങ്കൽ സൊസൈറ്റി ക്വോട്ട് ചെയ്തത്. കരാര്‍ ലഭിച്ചത് നിര്മ്മാൺ കൺസ്ട്രക്ഷൻസിനായിരുന്നു. ഇതിനെതിരെ ഊരാളുങ്കൽ കോടതിയെ സമീപിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഊരാളുങ്കലിന് അനുകൂലമായി വിധിച്ചു. ഇതോടെ നിര്മ്മാൺ കൺസ്ട്രക്ഷൻസ് സുപ്രീം കോടതിയെ സമീപിച്ചു. ഏറെ നാൾ നീണ്ട വാദ പ്രതിവാദങ്ങൾക്ക് ശേഷമാണ് ഹര്‍ജി തള്ളിയത്.