ന്യൂഡല്‍ഹി: ഇലക്ട്രൽ ബോണ്ട് കേസില്‍ സുപ്രീം കോടതി വിധി പ്രസ്താവിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിദ്രൗപദി മുര്‍മുവിന് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിന്റെ കത്ത്. പ്രസിഡന്റ് അദീഷ് സി. അഗര്‍വാലയാണ് ഇത്തരം ഒരു ആവശ്യമുന്നയിച്ചിരിക്കുന്നത്.
മുമ്പ് കര്‍ഷകസമരത്തെ കുറ്റപ്പെടുത്തിയും അതില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടും ചീഫ് ജസ്റ്റിസിന് അഗർവാല കത്ത് അയച്ചിരുന്നു. ഇതിനെതിരെ അസോസിയേഷൻ അംഗങ്ങൾ ഇദ്ദേഹത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. 21 അംഗ നിര്‍വാഹകസമിതിയിലെ 13 പേരാണ് അന്ന് അഗര്‍വാലയ്‌ക്കെതിരെ പരസ്യമായി രംഗത്ത് എത്തിയത്.
ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുകയും പാര്‍ലമെന്റിന്റെ മഹത്വം തകര്‍ക്കുകയുംചെയ്യുന്ന വിധികള്‍ സുപ്രീംകോടതിയിൽ നിന്നും ഉണ്ടാവരുതെന്ന് കത്തില്‍ പറയുന്നു. കേസില്‍ വീണ്ടും വാദം കേട്ടാല്‍ മാത്രമേ ഇന്ത്യന്‍ പാര്‍ലമെന്റിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും പൊതുജനങ്ങള്‍ക്കും നീതി ഉറപ്പാകുകയുള്ളൂവെന്നാണ് അഗര്‍വാല പറയുന്നത്. പദ്ധതിക്ക് കാരണമായ നിയമനിര്‍മാണത്തിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നത് വികൃത മനോനിലയാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഇലക്ട്രൽ ബോണ്ടുകള്‍ 2024 ഫെബ്രുവരി 15ന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.ഇലക്ട്രല്‍ ബോണ്ട് വിശദാംശങ്ങള്‍ എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്. ഇന്ന് വൈകീട്ട് 5.30ന് മുമ്പ് വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാനായിരുന്നു സുപ്രീം കോടതി ഉത്തരവ്.
എസ്ബിഐ കൈമാറിയ വിവരങ്ങള്‍ മാര്‍ച്ച് 15ന് വൈകീട്ട് അഞ്ചിന് മുന്‍പേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണക്കു പ്രകാരം 2018 മുതല്‍ 2022 മാര്‍ച്ച് വരെ 5271 കോടി രൂപ ബോണ്ടുകള്‍ വഴി ബി.ജെ.പിക്ക് ലഭിച്ചപ്പോള്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് ലഭിച്ചത് 952 കോടി രൂപയായിരുന്നു.
വിവരങ്ങൾ വെളിപ്പെടുത്തിയാൽ ബോണ്ട് വഴി ഏറ്റവും കൂടുതല്‍ പണം സമാഹരിച്ച ബിജെപിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
സുപ്രീംകോടതി ഉത്തരവ് ലംഘിച്ചാല്‍ കോടതി അലക്ഷ്യ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇലക്ട്രല്‍ ബോണ്ടിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ എസ്ബിഐ സമയം ചോദിച്ചെങ്കിലും സുപ്രീം കോടതി തള്ളുകയായിരുന്നു.
വിവരങ്ങള്‍ ക്രോഡീകരിച്ച് നല്‍കാന്‍ സമയം വേണം എന്നായിരുന്നു എസ്.ബി.ഐ വാദം. ഇലക്ടറല്‍ ബോണ്ട് ആര് വാങ്ങി, ആരാണ് സ്വീകരിച്ചത് എന്ന വിവരങ്ങള്‍ പ്രത്യേകം സമര്‍പ്പിച്ചാല്‍ മതി എന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.