മനാമ ∙ പുണ്യമാസത്തിൽ വിശ്വാസികളെ നോമ്പുതുറ സമയം അറിയിക്കാനുള്ള പാരമ്പര്യ രീതിയായ പീരങ്കി വെടിയൊച്ച ഇത്തവണയും മാറ്റമില്ലാതെ ബഹ്റൈനിൽ മുഴങ്ങി. തുടർന്ന് വിവിധ ആരാധനാലയങ്ങളിൽ നിന്നുള്ള ബാങ്ക് വിളികളോടെ ഈ വർഷത്തെ ആദ്യ നോമ്പുതുറയ്ക്ക് തുടക്കമായി.സമയമറിയിക്കാനും കൃത്യത ഉറപ്പു വരുത്തുവാനും ഇപ്പോൾ നിരവധി സംവിധാനങ്ങൾ നിലവിൽ ഉണ്ടെങ്കിലും വര്ഷങ്ങളായി നോമ്പ് തുറ സമയം അറിയിക്കുന്ന ഇഫ്താർ പീരങ്കി പാരമ്പര്യം ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നു.
ബഹ്റൈനിൽ മാത്രമല്ല പല അറബ് രാജ്യങ്ങളിലും ഈ രീതി ഇപ്പോഴും തുടരുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.ആദ്യകാലങ്ങളിൽ സമയം അറിയിക്കാൻ വേണ്ടിയായിരുന്നു ഈയൊരു സംവിധാനം ഉപയോഗിച്ചതെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും പഴയ രീതി ഇപ്പോഴും തുടരുന്നത് വിശ്വാസത്തിന്റെ കൂടി ഭാഗമാണെന്ന് കരുതാം. പ്രധാനമായും അറാദ് ഫോർട്ടിലാണ് എല്ലാ ദിവസവും പീരങ്കി മുഴക്കി നോമ്പ് തുറ സമയം അറിയിക്കുന്നത്.
‘മദ് ഫ അൽ ഇഫ്താർ’ എന്നറിയപ്പെടുന്ന ഇഫ്താർ പീരങ്കി മുഴങ്ങിയാൽ നോമ്പുതുറക്കാൻ സമയമായി എന്നാണ് മനസിലാക്കേണ്ടത്. ഇപ്പോഴും ഈ പാമ്പര്യം കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ബഹ്റൈൻ. നോമ്പ് തുറ സമയത്തെ പീരങ്കി വെടി മുഴക്കുന്നത് കാണാൻ നിരവധി സന്ദർശകരും ഇവിടെ എത്താറുണ്ട്. രാജ്യത്തിന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ബഹ്റൈൻ ടി വി യും തത്സമയം ഇതിന്റെ സംപ്രേക്ഷണം നടത്താറുണ്ട്.
∙ വീടുകളും തെരുവുകളും അലങ്കരിച്ചു
റമസാൻ മാസം ആരംഭിച്ചതോടെ സ്വദേശികളും വിദേശികളും അവരുടെ വീടുകൾ വൃത്തിയാക്കി ദീപാലങ്കാരങ്ങൾ കൊണ്ട് അലങ്കരിച്ചു. മുഹറഖിലെയും മറ്റു സ്വദേശി പൗരന്മാർ തിങ്ങി നിറഞ്ഞ പ്രദേശങ്ങളിലാണ് റമസാൻ അലങ്കാരങ്ങളുടെ വൈവിധ്യങ്ങൾ കൂടുതലും കണ്ടു വരുന്നത്. പള്ളി മീനാരങ്ങളും ഉയരമുള്ള വീടുകളിലുമെല്ലാം ദീപാലങ്കാരങ്ങൾ നടത്തി പുണ്യമാസത്തെ വരവേൽക്കാൻ വിശ്വാസികൾ നേരത്തെ തന്നെ തയാറെടുപ്പ് ആരംഭിച്ചിരുന്നു. കച്ചവട കേന്ദ്രങ്ങൾ എല്ലാ തന്നെ രാത്രി ഏറെ വൈകുവോളം പ്രവർത്തിക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ