13 വയസുകാരിക്കെതിരായ പീഡനാരോപണം: അധ്യാപകനെ വെറുതേവിട്ടു; അടച്ചിട്ട സാഹചര്യങ്ങളിൽ നടത്തിയ ലൈംഗികാതിക്രമ ആരോപണങ്ങൾക്ക് നിർണായക നിർദ്ദേശവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: ഒരു മുറിയുടെയോ വീടിന്റെയോ ചുമരുകള്‍ക്കുള്ളില്‍ നടന്ന ലൈംഗികാതിക്രമ ആരോപണത്തില്‍ ഇരയുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കി ശിക്ഷ വിധിക്കുമ്പോള്‍ സൂക്ഷ്മ പരിശോധന ആവശ്യമാണെന്ന് സുപ്രീം കോടതി. സംശയം തോന്നിയാൽ മൊഴിയുടെ സാധുത പരിശോധിക്കാൻ മറ്റെല്ലാ സാധ്യതയും തേടണം. അതേസമയം, ബലാൽസംഗം പോലെയുള്ള കേസുകളിൽ എല്ലാ പഴുതുമടച്ച മൊഴി തന്നെ ഇര നൽകണമെന്ന് നിർബന്ധം പിടിക്കാനാകില്ല. മൊഴി വിശ്വാസയോഗ്യമെന്ന് കോടതിക്ക് ബോധ്യപ്പെടുന്ന പക്ഷം അതിൻ്റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകാമെന്നും സുപ്രീംകോടതി പറഞ്ഞു.

തുടർന്ന് വിചാരണക്കോടതിയുടെയും മദ്രാസ് ഹൈക്കോടതിയുടെയും വിധികൾ റദ്ദാക്കിക്കൊണ്ട്, 13 വയസ്സുള്ള തൻ്റെ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച ഒരു അധ്യാപകനെ സുപ്രീം കോടതി വെറുതെവിട്ടു. ഇര ഉൾപ്പെടെയുള്ള പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴികളിൽ വ്യക്തമായ വൈരുദ്ധ്യങ്ങളുണ്ട്. ഇവ പ്രോസിക്യൂഷൻ്റെ വാദത്തെ വിശ്വാസ്യതയെ ഗണ്യമായി ദുർബലപ്പെടുത്തുന്നു. പ്രോസിക്യൂഷൻ്റെ വിവരണത്തിലെ ഈ പൊരുത്തക്കേടുകൾ  വളരെ സംശയാസ്പദമാക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഈ കേസിലെ ഇരയുടെ മൊഴിയിൽ ന്യൂനതകളുണ്ട്. അവയെ അവഗണിച്ചാൽ തന്നെയും സ്കൂളിലെ ഹെഡ്മാസ്റ്റർ, അതേ സ്കൂളിൽ തന്നെ പഠിക്കുന്ന ഇരയുടെ സഹോദരൻ എന്നിവരെ വിസ്തരിച്ചില്ല എന്ന ഗുരുതര പിഴവ് പ്രോസിക്യൂഷൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

‘ഒരു മുറിയുടെയോ വീടിന്റെയോ പരിധിക്കുള്ളില്‍, അല്ലെങ്കില്‍ പൊതുജനങ്ങളുടെ ശ്രദ്ധ പതിയാത്ത ഒരു പൊതുസ്ഥലത്ത് നടന്നുവെന്ന് പറയുന്ന ലൈംഗികാതിക്രമ കേസുകളില്‍, ഇരയുടെ മൊഴിയുടെ ആധികാരികത സംബന്ധിച്ച് കോടതിക്ക് എന്തെങ്കിലും സംശയം തോന്നിയാല്‍, കോടതി വിവേചനാധികാരം ഉപയോഗിച്ച് സംഭവം നേരിട്ട് കണ്ട മറ്റ് സാക്ഷികളില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് സാഹചര്യങ്ങളില്‍ നിന്നോ സത്യം കണ്ടെത്തുന്നതിന് സ്ഥിരീകരണം തേടണം,’ ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, കെ.വി. വിശ്വനാഥന്‍, സന്ദീപ് മേത്ത എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ച് നിർദേശിച്ചു.

Latest News