കുവൈത്ത് സിറ്റി: റമദാന്റെ ഭാഗമായി ഗസ്സയിലെ തെക്ക് ഭാഗത്തുള്ള റഫ നഗരത്തിൽ കുടിയിറക്കപ്പെട്ട നൂറുകണക്കിന് ഫലസ്തീനികൾക്ക് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ഭക്ഷണപൊതികൾ വിതരണം ചെയ്തു.
ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനാൽ 1.5 ദശലക്ഷം ഫലസ്തീനികൾ ടെന്റുകളിലും മറ്റും കഴിയുകയാണ്. ഇവർക്ക് ഫലസ്തീനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ (പി.ആർ.സി.എസ്) സഹകരണത്തോടെയാണ് കെ.ആർ.സി.എസ് സഹായം എത്തിക്കുന്നത്.
അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ മാനവികതയിലും ജീവകാരുണ്യത്തിലും ഉള്ള ശ്രദ്ധയുടെ അടിസ്ഥാനത്തിലാണ് ഈ കാമ്പയിൻ നടത്തുന്നതെന്ന് കെ.ആർ.സി.എസ് ഓപ്പറേഷൻസ് സെക്ടർ മേധാവിയും കുവൈത്ത് മെഡിക്കൽ ടീമും മേധാവിയുമായ ഡോ.മുസാദ് അൽ എനിസി പറഞ്ഞു.
ഭക്ഷണ പാക്കറ്റുകളിൽ അടിസ്ഥാന പോഷകങ്ങളും മാവും ഉൾപ്പെടുന്നു. കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികളുടെ പ്രയാസം ലഘൂകരിക്കാൻ ബന്ധപ്പെട്ട സഹായ, ദുരിതാശ്വാസ അളവ് വർധിപ്പിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. തുടർച്ചയായ സഹായങ്ങൾക്ക് കുവൈത്ത് നേതൃത്വത്തെയും സർക്കാറിനെയും ജനങ്ങളെയും ഫലസ്തീനികൾ അഭിനന്ദിച്ചു.കുവൈത്ത് സിറ്റി: ഗസ്സയിൽ പരിക്കേറ്റവർക്ക് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയിലെ (കെ.ആർ.സി.എസ്) ഡോക്ടർമാരുടെ ചികിത്സ സഹായം തുടരുന്നു. ഗുരുതര പരിക്കേറ്റവർക്ക് കുവൈത്ത് സംഘം കുവൈത്ത് സ്പെഷ്യലൈസ്ഡ് ഹോസ്പിറ്റലിലും ഗസ്സ യൂറോപ്യൻ ഹോസ്പിറ്റലിലും നിരവധി ശസ്ത്രക്രിയകൾ നടത്തി.
കഴിഞ്ഞ ദിവസം ഖാൻ യൂനസിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവർക്ക് സഹായം നൽകാൻ യൂറോപ്യൻ ഹോസ്പിറ്റലിലെ മെഡിക്കൽ സംഘത്തിന് കഴിഞ്ഞതായി അനസ്തേഷ്യ കൺസൾട്ടന്റ് ഡോ.മുഹമ്മദ് ഷംസ പറഞ്ഞു.
കുവൈത്ത് സ്പെഷ്യലൈസ്ഡ് ഹോസ്പിറ്റലിനുള്ളിൽ ആദ്യമായി ശസ്ത്രക്രിയയും സംഘം നടത്തി.
ആക്രമണം തുടരുന്നതിനാൽ നിരവധി രോഗികൾ ചികിത്സയ്ക്കായി വളരെക്കാലമായി കാത്തിരിക്കുകയാണ്. ആശുപത്രികൾ തകർക്കപ്പെടുന്നതിനാൽ മെഡിക്കൽ ഉദ്യോഗസ്ഥരുടെയും മരുന്നുകളുടെയും വലിയ കുറവുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി. ആരോഗ്യ മേഖലയിൽ കൂടുതൽ പിന്തുണയും സംഘം ആവശ്യപ്പെട്ടു. ഞായറാഴ്ച മാത്രം കുവൈത്തിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം 23 ശസ്ത്രക്രിയകൾ നടത്തി.
കുവൈത്ത് സിറ്റി: ഗസ്സയിലെ ഫലസ്തീനികൾക്കുള്ള ദുരിതാശ്വാസ സാമഗ്രികളുമായി കുവൈത്ത് 48-ാമത് വിമാനം അയച്ചു. അൽ സലാം സൊസൈറ്റി ഫോർ ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റബിൾ വർക്ക്സ് അയച്ച 40 ടൺ ഭക്ഷ്യവസ്തുക്കളുമായാണ് വിമാനം പുറപ്പെട്ടത്. ജോർഡൻ തലസ്ഥാനമായ അമ്മാനിലെ മാർക്ക അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് വിമാനം അയച്ചത്. ഇവിടെ നിന്ന് സഹായവസ്തുക്കൾ ഗസ്സയിൽ എത്തിക്കും.
ക്രൂരമായ ഇസ്രായേലി ആക്രമണവും പട്ടിണിയും കാരണം ഫലസ്തീൻ ജനത വലിയ ദുരിതത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ജോർദാനിലെ കുവൈത്ത് അംബാസഡർ ഹമദ് അൽ മറി പറഞ്ഞു. ഇവർക്ക് ആശ്വാസമായി കുവൈത്ത് നേതൃത്വത്തിന്റെ നിർദ്ദേശങ്ങളുടെ തുടർച്ചയായാണ് ഭക്ഷ്യവസ്തുക്കൾ അയക്കുന്നത്. കുവൈത്ത് റിലീഫ് ബ്രിഡ്ജ് സുഗമമാക്കുന്നതിനു കുവൈത്തിലും ജോർഡനിലുമുള്ള അധികാരികൾ നടത്തിയ എല്ലാ ശ്രമങ്ങൾക്കും അംബാസഡർ നന്ദിയും അഭിനന്ദനവും അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ