ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും മുൻ മുഖ്യമന്ത്രി വി.എസ്. അച്ച്യുതാനന്ദൻ്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാനും തമ്മിലുള്ള കൗതുകപരമായ ഒരു ബന്ധമുണ്ട്. ഇക്കുറി ശോഭാ സുരേന്ദ്രൻ മത്സരിക്കുന്ന ആലപ്പുഴയിൽ നിന്നും ജനവിധി തേടാനൊരുങ്ങുകയാണ് ഷാജഹാൻ. വി.എസ്.നിർത്തിയിടത്ത് നിന്നും താൻ തുടങ്ങുന്നു എന്ന സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഷാജഹാൻ താൻ മത്സരിക്കുന്ന വിവരം അറിയിച്ചത്. ആലപ്പുഴയിൽ വോട്ടഭ്യർത്ഥിച്ചു കൊണ്ടുള്ള പോസ്റ്ററും അദ്ദേഹം പങ്കുവച്ചിരുന്നു.
ഷാജഹാൻ ശോഭയ്ക്ക് എതിരെ മത്സരിക്കാനിറങ്ങുന്നത് ഇതാദ്യമായിട്ടല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരിന്നു. കേരളത്തിലെ സിപിഎം വിരുദ്ധ പ്രസ്താനങ്ങായ സിപിഐ (എംഎൽ), സിപിഐ (എംഎൽ- റെഡ് ഫ്ലാഗ്), എസ്യുസിഐ(സി), എംസിപിഐ, ആർഎംപിഐ, വിവിധ ദളിത് സംഘടനകൾ എന്നിവയുടെ പിന്തുണയോടെ രൂപീകരിച്ച പ്രോഗ്രസീവ് പൊളിറ്റിക്കൽ ഫ്രണ്ടിൻ്റെ (പിപിഎഫ്) പിന്തുണയോടെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒരു ബദൽ എന്ന ടാഗ് ലൈൻ ഉയർത്തിയായിരുന്നു പ്രചരണം.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോസ്റ്റർ ഉൾപ്പെടെ തയ്യാറാക്കിയിരുന്നു. എന്നാൽ മത്സരിക്കാമെന്ന് ഉറപ്പു നൽകിയ ഷാജഹാൻ മുന്നണി നേതൃത്വത്തോട് ആലോചിക്കാതെ സ്ഥാനാർത്ഥിത്വത്തിന് പിൻമാറുയായിരുന്നു. അദ്ദേഹത്തിൻ്റെ തീരുമാനത്തിനെതിരെ വ്യാപക വിമർശനവും മുന്നണിയിൽ നിന്നും ഉയർന്നു. അന്ന് എന്ത് കാരണത്താലാണ് മത്സര രംഗത്ത് നിന്നും വിട്ടുനിന്നത് എന്നതിനെപ്പറ്റി മുന്നണി നേതാക്കൾക്കും അജ്ഞാതമാണ്. എന്നാൽ ഷാജഹാൻ്റെ പിൻമാറ്റത്തെ തുടർന്ന് പിരിച്ചെടുത്ത പണത്തെപ്പറ്റി ഉൾപ്പെടെ ചർച്ച ഉയർന്നപ്പോൾ വർഗീയ ശക്തികളെ സഹായിക്കും എന്നതാണ് ഷാജഹാൻ്റെ പിൻമാറ്റത്തിന് കാരണം എന്ന് വ്യക്തമാക്കി പത്രക്കുറിപ്പ് നടത്തി പിപിഎഫ് നേതാക്കൾ തടിയൂരുയായിരുന്നു.
വീണ്ടും ഷാജഹാൻ ശോഭ സുരേന്ദ്രനെതിരെ മത്സരത്തിനിറങ്ങും എന്ന പ്രഖ്യാപനത്തിനെ അദ്ദേഹത്തിൻ്റെ അടുത്ത വൃത്തങ്ങൾ പോലും പരിസിക്കുകയാണെന്നാണ് സൂചന. പ്രഖ്യാപനം മുറപോലെ നടക്കും പിന്നാലെ പിൻമാറ്റവും നടക്കും. അതിൻ്റെ കാരണങ്ങൾ ഷാജഹാന് മാത്രമേ അറിയൂ എന്ന് അവർ പരിഹസിക്കുന്നു. ഷാജഹാൻ്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനെതിരെ ഇടത് സോഷ്യൽ മീഡിയ ഹാൻഡിലുകളും പരിഹാസമായി രംഗത്ത് എത്തിയിട്ടുണ്ട്. കഴക്കൂട്ടത്ത് നിന്നും മുങ്ങിയ ഭാഗവതർ തെരഞ്ഞെടുപ്പ് കാലത്ത് ആലപ്പുഴ കടപ്പുറത്ത് വന്നടിഞ്ഞിട്ടുണ്ടെന്നാണ് അവരുടെ പരിഹാസം.