തൃശൂർ ∙ യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന 70 കോടിയോളം ആസ്തിയുള്ള സ്ഥാപനം ബിസിനസ് പങ്കാളികളും ജീവനക്കാരും ചേർന്നു ചതിച്ചു തട്ടിയെടുത്തതായി വ്യവസായിയുടെ പരാതി. ദുബായ്, അബുദാബി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അക്വിനോർ ടെക്നിക്കൽ സർവീസസ് എന്ന സ്ഥാപനത്തിന്റെ പേരിൽ ചാഴൂർ വടക്കുംപറമ്പിൽ വിജിത് വിശ്വനാഥൻ ആണ് ഇന്ത്യൻ എംബസിക്കും നോർക്കയ്ക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്. മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റൂറൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിജിത് വിശ്വനാഥന്റെ പരാതിയിൽ പറയുന്ന വിവരങ്ങളിങ്ങനെ: ഇന്ധനോത്പാദന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ പാർട്ണറും ജനറൽ മാനേജറുമാണു വിജിത്. പിതാവ് രോഗബാധിതനായതുമൂലം അദ്ദേഹത്തിന്റെ പരിചരണത്തിനായി വിജിത്തിനു കഴിഞ്ഞ ജനുവരി 9-നു തൃശൂരിലെ വീട്ടിലേക്കു പോകേണ്ടി വന്നു. കമ്പനിയുടെ അക്കൗണ്ടുകളും ഇടപാടുകളും തന്റെ പേരിലായതിനാൽ ഇവയുടെ നിയന്ത്രണം താൽക്കാലികമായി സി ഇ ഒയ്ക്കു കൈമാറിക്കൊണ്ടു പവർ ഓഫ് അറ്റോണി നൽകിയിരുന്നു. 15 വർഷമായുള്ള സൗഹൃദത്തിന്റെ വിശ്വാസത്തിലാണു പവർ ഓഫ് അറ്റോർണി നൽകിയത്. എന്നാൽ, ഈ പവർ ഓഫ് അറ്റോർണി ദുരുപയോഗിച്ചു ബിസിനസ് പങ്കാളികളും ചില ജീവനക്കാരും ചേർന്നു കമ്പനി തട്ടിയെടുത്തുവെന്നാണു പരാതി.
കമ്പനിയുടെ അക്കൗണ്ടുകളെല്ലാം ഇവർ തങ്ങളുടെ പേരിലേക്കു മാറ്റിയെന്നും സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം ഇല്ലാതായതോടെ വീസയും റസിഡൻസി സ്റ്റാറ്റസും നഷ്ടപ്പെട്ടെന്നും പരാതിയിൽ പറയുന്നുണ്ട്. പരാതി റജിസ്റ്റർ ചെയ്ത പൊലീസ് വിജിത്തിനെ മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ