ദുബായ് ∙ റമസാനിൽ ദുബായിൽ മാത്രം ദിവസേന 12 ലക്ഷം ഇഫ്താർ പാക്കറ്റുകൾ വിതരണം ചെയ്യുന്നു. ഇസ്ലാമിക് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് വകുപ്പിൽ നിന്ന് പെർമിറ്റ് നേടിയ 1,200 സംഘങ്ങളാണ് ഇത്രയും പേർക്ക് ഇഫ്താർ വിഭവം തയാറാക്കി എത്തിക്കുന്നത്.
ലേബർ ക്യാംപുകൾ, പള്ളികൾ, പൊതുസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് സജ്ജമാക്കിയ റമസാൻ ടെന്റുകളിലൂടെയാണ് വിതരണം. സർക്കാരിന്റെ അംഗീകൃത ജീവകാരുണ്യ സംഘടനയാണ് മേൽനോട്ടം വഹിക്കുന്നത്. പലയിടത്തും മലയാളി സംഘടനാ വൊളന്റിയർമാരും വിതരണത്തിന് നേതൃത്വം നൽകുന്നുണ്ട്. വെള്ളം, ഈന്തപ്പഴം, പഴവർഗങ്ങൾ, പലഹാരം, മോര്, ജ്യൂസ്, ബിരിയാണി എന്നിവ അടങ്ങിയതായിരിക്കും ഇഫ്താർ പാക്കറ്റ്.
ഇസ്ലാമിക, സാംസ്കാരിക, സാമൂഹിക, ജീവകാരുണ്യ വിഭാഗങ്ങളിലായി സ്വദേശികൾക്കും വിദേശികൾക്കും ഗുണം ചെയ്യുന്നവിധം മതപ്രഭാഷണം ഉൾപ്പെടെ ഒട്ടേറെ പരിപാടികൾ നടത്തുന്നതായി ഡയറക്ടർ ജനറൽ ദർവിഷ് അൽ മുഹൈരി പറഞ്ഞു. ദുബായുടെ രണ്ടാം ഉപഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മാർഗനിർദേശമനുസരിച്ചാണ് നാലു വിഭാഗമായി പരിപാടികൾ നടത്തുന്നത്.
റമസാനിലെ പ്രത്യേക നിശാപ്രാർഥനയായ തറാവീഹിനും ലൈലത്തുൽ ഖദ്ർ പ്രാർഥനകൾക്കും നേതൃത്വം നൽകുന്നതിനായി ഖുർആൻ മനഃപാഠമാക്കിയവരും സ്വരമാധുരിയോടെ പാരായണം ചെയ്യുന്നവരുമായ വിവിധ രാജ്യക്കാരെ സർക്കാരിന്റെ അതിഥികളായി യുഎഇയിൽ എത്തിച്ചിട്ടുണ്ട്. 30 ദിവസത്തെ നമസ്കാരത്തിലൂടെ ഖുർആൻ മുഴുവനും പാരായണം ചെയ്യുന്നവിധത്തിലാണ് ക്രമീകരണം.
വിവിധ ഭാഷകളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നതിന് കേരളത്തിൽനിന്ന് ഉൾപ്പെടെയുള്ള മതപ്രഭാഷകരും എത്തിയിട്ടുണ്ട്. മലയാളം, ഉറുദു, ഇംഗ്ലിഷ്, അറബിക്, ഫ്രഞ്ച് തുടങ്ങിയ വ്യത്യസ്ത ഭാഷകളിൽ, വിവിധ സമയങ്ങളിൽ പള്ളികളും പൊതുവേദികളും കേന്ദ്രീകരിച്ചാണ് ക്ലാസുകൾ നടത്തുക. സമാധാനവും സഹവർത്തിത്വവും സ്വദേശികൾക്കും വിദേശികൾക്കും പകരുന്നതിന്റെ ഭാഗമായാണ് നടപടി. സമൂഹമാധ്യമങ്ങൾ വഴിയും ജനങ്ങളെ ബോധവൽക്കരിക്കുന്നുണ്ട്. ഇതിനു പുറമേ, നിരാലംബർക്ക് സഹായമേകുന്ന ഒട്ടേറെ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ