മക്ക ∙ റമസാനിലെ ആദ്യ ദിവസത്തെ പ്രാർഥനകളിൽ ഇരു ഹറമുകളിലും എത്തിയത് വൻ ജനാവലി. റമസാനിൽ മക്കയിലേക്കും മദീനയിലേക്കുമുള്ള വിശ്വാസികളുടെ ഒഴുക്ക് കണക്കിലെടുത്ത് സുരക്ഷ കൂട്ടിയിട്ടുണ്ട്. തീർഥാടനത്തിനും പ്രാർഥനയ്ക്കുമായി ഇരു ഹറമിലും എത്തുന്ന പതിനായിരങ്ങൾക്കു സുഗമമായി കർമങ്ങൾ നിർവഹിക്കാൻ അവസരമൊരുക്കുന്നതിനായി കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള എല്ലാ സുരക്ഷാ സേനകളെയും സമന്വയിപ്പിച്ചാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ നിർമിതബുദ്ധി റോബട്ടുകളെയും പ്രയോജനപ്പെടുത്തുന്നുണ്ട്.
ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം, സേവനങ്ങൾ ഉറപ്പാക്കൽ, സുരക്ഷയൊരുക്കൽ തുടങ്ങിയവയ്ക്കായി സുരക്ഷാ ഉദ്യോഗസ്ഥരെയും വൊളന്റിയർമാരെയും വിന്യസിച്ചിട്ടുണ്ട്. കഅബയ്ക്ക് ചുറ്റുമുള്ള പ്രദേശമായ മതാഫ്, ഹറം പള്ളിയുടെ താഴത്തെ നില എന്നീ ഭാഗങ്ങൾ ഉംറ തീർഥാടകർക്കായി നീക്കിവച്ചിട്ടുണ്ട്. വിശ്വാസികളുടെ തിരക്കനുസരിച്ച് ഒന്നാം നിലയുടെയും മേൽക്കൂരയുടെയും ഭാഗങ്ങളും ഉപയോഗപ്പെടുത്തും. ഹറം പള്ളിയിലേക്ക് പ്രവേശിക്കാനും തിരിച്ചുപോകാനും പ്രത്യേക കവാടങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
വിദേശ തീർഥാടകരുടെ എണ്ണം വർധിക്കുന്നതിനാൽ കര, കടൽ, വ്യോമ പ്രവേശനകവാടങ്ങളിൽ ബഹുഭാഷ ഉദ്യോഗസ്ഥരെ നിയമിച്ചു. അതേസമയം, സൗദിയിൽ ഭിക്ഷാടനം അനുവദിക്കില്ലെന്നും നിയമലംഘകർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ