റാസൽഖൈമ ∙ എമിറേറ്റിലെ ട്രാൻസ്പോർട്ട് അതോറിറ്റി റാക്ടാ റമസാൻ സമയക്രമം പ്രഖ്യാപിച്ചു. അബുദാബി, അൽഐൻ, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിലേക്ക് നേരിട്ടു ബസ് സർവീസ് ഉണ്ടായിരിക്കും. റാസൽഖൈമ–ഗ്ലോബൽ വില്ലേജ്, റാസൽഖൈമ–ദുബായ് മാൾ എന്നീ റൂട്ടുകളിലും ബസ് സർവീസ് നടത്തും.
രാവിലെ 6ന് റാസൽഖൈമയിൽ നിന്നു നേരിട്ട് ദുബായിലേക്കു ബസ് സർവീസുണ്ടാകും. തുടർന്ന് രാവിലെ 7 മുതൽ രാത്രി 9 വരെ ഓരോ മണിക്കൂർ ഇടവിട്ട് ഷാർജ വഴി ദുബായിലേക്കു സർവീസ് നടത്തും. രാത്രി 9ന് അവസാന ബസ് അജ്മാൻ, ഉമ്മുൽഖുവൈൻ, ഷാർജ വഴിയായിരിക്കും ദുബായിലെത്തുക. രാവിലെ 8.30 മുതൽ രാത്രി 10.30 വരെ ഓരോ മണിക്കൂർ ഇടവിട്ട് ദുബായിൽ നിന്ന് ഉമ്മുൽഖുവൈൻ വഴി റാസൽഖൈമയിലേക്കും സർവീസ് നടത്തും. അവസാന ബസ് രാത്രി 11.15ന് ദുബായിൽ നിന്ന് പുറപ്പെടും. അജ്മാനിലേക്കുള്ള ആദ്യ ബസ് രാവിലെ 6ന് പുറപ്പെടും. ഉമ്മുൽഖുവൈൻ വഴിയാണ് യാത്ര. രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 3.30 വരെ 2 മണിക്കൂർ ഇടവിട്ടു സർവീസ് ഉണ്ടായിരിക്കും. തുടർന്നുള്ള ബസ് വൈകിട്ട് 5നും അവസാന ബസ് രാത്രി 7നും പുറപ്പെടും. അജ്മാനിൽ നിന്ന് തിരിച്ചുള്ള സർവീസ് രാവിലെ 7.30ന് ആരംഭിക്കും. 3.30 വരെ 2 മണിക്കൂർ ഇടവിട്ടു സർവീസുണ്ടാകും. പിന്നീട്, 5നും 7നുമാണ് സർവീസ്. അവസാന ബസ് 8.30ന് പുറപ്പെടും.
റാസൽഖൈമയിൽ നിന്ന് നേരിട്ട് അബുദാബിയിലേക്ക് ദിവസം 2 സർവീസ് വീതമുണ്ടാകും. രാവിലെ 9നും ഉച്ചയ്ക്ക് 3നും. അബുദാബിയിൽ നിന്നു തിരിച്ചുള്ള സർവീസ് ഉമ്മുൽഖുവൈൻ വഴിയാണ്. ഉച്ചയ്ക്ക് 1.30നും രാത്രി 7.30നും. അബുദാബി മെയിൻ സ്റ്റേഷനിലേക്കാണ് സർവീസ്. അൽഐനിലേക്കും തിരിച്ചും ഓരോ സർവീസാണുള്ളത്. ഉച്ചയ്ക്ക് 2ന് റാസൽഖൈമയിൽ നിന്ന് അൽഐൻ ബസ് സ്റ്റേഷനിലേക്കാണ് സർവീസ്. രാത്രി 8നാണ് അൽഐനിൽ നിന്നുള്ള ബസ്. ഉമ്മുൽഖുവൈൻ, അജ്മാൻ വഴി റാസൽഖൈമയിലെത്തും.
റാസൽഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്കുള്ള സർവീസ് വൈകിട്ട് 5ന് പുറപ്പെടും അർധരാത്രി 12നാണ് തിരിച്ചുള്ള സർവീസ്. ദുബായ് മാളിലേക്കും വൈകിട്ട് 5ന് ബസ് പുറപ്പെടും. രാത്രി 11.30നാണ് തിരിച്ചുള്ള സർവീസ്. റാസൽഖൈമ–മുസന്ദം സർവീസ് രാവിലെ 8നും വൈകിട്ട് 6നും പുറപ്പെടും. തിരിച്ചുള്ള സർവീസ് ഇതേസമയം, മുസന്ദത്ത് നിന്നു പുറപ്പെടും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ