പരിക്ക് ഭേദമായില്ല; മുഹമ്മദ് ഷമി ടി20 ലോകകപ്പ് കളിക്കില്ല

 

ന്യൂഡല്‍ഹി: പരിക്ക് ഭേദമാകാത്തതിനാല്‍ ഇത്തവണത്തെ ടി 20 ലോകകപ്പില്‍ മുഹമ്മദ് ഷമി കളിക്കില്ല. ഇടത് കണങ്കാലിന് ഏറ്റ പരിക്ക് മാറാന്‍ സമയം എടുക്കുമെന്നതിനാലാണിത്.

ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശസ്ത്രക്രിയക്ക് വിധേയനായ ഷമി ഇപ്പോള്‍ വിശ്രമത്തിലാണ്. ഈ മാസം നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും മുഹമ്മദ് ഷമി കളിക്കില്ല. സെപ്തംബറോടുകൂടിയെ ഷമിക്ക് പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാനാകൂ. 

സെപ്തംബറിലെ ബംഗ്ലാദേശ് പരമ്ബരയില്‍ ആകും ഇനി ഷമി കളിക്കുക എന്ന് ജയ് ഷാ വെളിപ്പെടുത്തി. ബംഗ്ലാദേശ് പരമ്ബരയില്‍ രണ്ട് ടെസ്റ്റും മൂന്ന് ടി20യും ഇന്ത്യ കളിക്കുന്നുണ്ട്.
 
 
അതേസമയം കാറപകടത്തെ തുടര്‍ന്ന് 15 മാസമായി കളത്തിന് പുറത്തായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്റെ ട്വന്റി-20 ലോകകപ്പ് സാധ്യതകളെപ്പറ്റിയും ഷാ വിവരിച്ചു. കീപ്പ് ചെയ്യാനാകുമെങ്കില്‍ അദ്ദേഹം ലോകകപ്പ് ടീമിലുണ്ടാകുമെന്നാണ് ഷാ പറഞ്ഞത്. പന്ത് ഇപ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാനുള്ള ശാരീരിക ക്ഷമത വീണ്ടെടുത്തിട്ടില്ല. ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി ബാറ്ററായി താരം കളിക്കുമെന്ന് ടീം ഡയറക്ടര്‍ സൗരവ് ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ അദ്ദേഹം പരിശീലന മത്സരം കളിക്കുന്നുണ്ട്. പന്തിന് അധികം വൈകാതെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പന്ത് ടീമിലുണ്ടെങ്കില്‍ ഇന്ത്യയ്ക്ക് അതൊരു മുതല്‍ക്കൂട്ടാണ്. കീപ്പ് ചെയ്യാന്‍ കഴിയുമെങ്കില്‍ പന്ത് ലോകകപ്പ് ടീമിലുണ്ടാകും. ഐ.പി.എല്ലില്‍ പന്ത് എങ്ങനെ കളിക്കുന്നുവെന്ന് നോക്കാം.- ഷാപറഞ്ഞു.

Read more ….