ദോഹ: വിവിധ കായികപരിപാടികളുമായി ഖത്തർ ഫൗണ്ടേഷനിൽ വനിതദിനം ആചരിച്ചു. ഗോൾഡൻ റേസ് നടത്തി ഖത്തർ ഫൗണ്ടേഷൻ. മുതിർന്നവർക്ക് അഞ്ചു കിലോമീറ്ററും കുട്ടികൾക്ക് ഒരു കിലോമീറ്ററുമായി രണ്ട് ഇനങ്ങളിലായി സംഘടിപ്പിച്ച ഗോൾഡൻ റേസിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിന് സ്ത്രീകൾ പങ്കെടുത്തു.
അത്ലറ്റിക് എഡ്ജിന് കീഴിലായിരുന്നു സ്ത്രീകളിൽ ആരോഗ്യ സംരക്ഷണത്തിനും വ്യായാമത്തിനും പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചത്.
തുടക്കക്കാർക്കും ഒപ്പം, മികച്ച ഓട്ടക്കാർക്കുമായി ഉപയോഗപ്പെടുത്തുന്നതായിരുന്നു മത്സരങ്ങൾ. തുടക്കക്കാർക്കായി ആറാഴ്ചത്തെ റണ്ണിങ് പരിശീലനവും അത്ലറ്റിക് എഡ്ജിനു കീഴിൽ നടപ്പാക്കുന്നതായി സ്ഥാപക റബാ അൽ മുസ്ലിഹ് പറഞ്ഞു. ഈ പരിപാടി ഏറെ അഭിമാനകരമാണെന്നും പങ്കെടുക്കുന്നവരുടെ എണ്ണം ക്രമേണ വർധിച്ചതായും അവർ പറഞ്ഞു.
ആദ്യഘട്ടത്തിൽ 30 സെക്കൻഡിൽ കൂടുതൽ സമയം ഓടാൻ കഴിയാത്തവർ നിരന്തര പരിശീലനത്തിലൂടെ ഇപ്പോൾ ഹാഫ് മാരത്തണിൽ വരെ പങ്കെടുക്കുന്നുണ്ടെന്നും അൽ മുസ്ലിഹ് ചൂണ്ടിക്കാട്ടി. അതേസമയം, എജുക്കേഷൻ സിറ്റിയിലും എജുക്കേഷൻ സിറ്റി ഗോൾഫ് ക്ലബിലുമായി പുതിയ ഇൻഡോർ, ഔട്ട്ഡോർ പാഡൽ കോർട്ടുകൾ ഖത്തർ ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്തു.
പാഡലിലൂടെ വ്യക്തികളുടെ ശാരീരികവും മാനസികവുമായ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ച് പാഡലിൽ തൽപരരായവരെ ലക്ഷ്യമിട്ടാണ് എജുക്കേഷൻ സിറ്റിയിലെ ഡോം പാഡൽ ക്ലബ് പുതിയ സൗകര്യങ്ങൾ ആരംഭിച്ചിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ