തിരുവനന്തപുരം : പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതിയുടെ ഭാഗമായുള്ള ഗ്യാസ് കണക്ഷന് വിതരണം നെടുങ്ങാട് വാര്‍ഡില്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിയിലൂടെ ഇന്ത്യയിലുടനീളം ലക്ഷക്കണക്കിന് വീട്ടമ്മമാര്‍ക്ക് കുറഞ്ഞ നിരക്കില്‍ പാചകവാതകം എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
2021 മുതല്‍ ഈ പദ്ധതിയുടെ ഭാഗമായി ഗ്യാസ് സ്റ്റൗവും ആദ്യ റീഫില്ലും സൗജന്യമായി നല്കി വരുന്നുണ്ട്. ഇതിനു പുറമെ ഉപഭോക്താക്കള്‍ക്ക് സബ്സിഡി തുക നേരിട്ട് അക്കൗണ്ടിലേക്ക് നല്കുന്ന പഹല്‍ പദ്ധതി പ്രകാരവും പാചക വാതക സിലിണ്ടറുകള്‍ വിതരണം ചെയ്തു വരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ പഹല്‍ പദ്ധതി പ്രകാരമുള്ള സിലിണ്ടറുകള്‍ക്ക് 200 രൂപ വിലയും കുറിച്ചിട്ടുണ്ട്. ഈ പദ്ധതികളിലൂടെ ഇന്ത്യയിലെ പാചക വാതക വിതരണം പത്തു വര്‍ഷത്തിനിടെ രണ്ടിരട്ടിയിലേറെ വര്‍ധിപ്പിക്കാനും കഴിഞ്ഞു. ഈ മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം 10.3 കോടി കണക്ഷനുകളാണ് വിതരണം ചെയ്തത്.
അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് പാചക വാതകത്തിന് കുറഞ്ഞ നിരക്കും ഇന്ത്യയിലാണ്. 14.2 കി.ഗ്രാം സിലിണ്ടറിന് 603 രൂപയാണ് വില. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളവും എല്‍പിജി ലഭ്യതയുടെ ഏതാണ്ട് പൂര്‍ണത കൈവരിച്ചു. തിരുവനന്തപുരം ജില്ലയിലും ഏതാണ്ട് പൂര്‍ണമാണ്.