സംസ്ഥാന സർക്കാർ സപ്ലൈകോ വഴി ശബരി കെ-റൈസ് ബ്രാന്റില്‍ വിപണിയിലെത്തിക്കുന്ന അരിയുടെ വിതരണോദ്ഘാടനം 2024 മാർച്ച് 13ബുധനാഴ്ച ഉച്ചയ്ക്ക്12 മണിയ്ക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ വച്ച് ബഹു. മുഖ്യമന്ത്രി പിണറായി വിജയന് നിർവ്വഹിക്കും.
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി .ജി.ആർ.അനില്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന് കുട്ടി ആദ്യ വില്പന നിർവ്വഹിക്കും. മേയർ ആര്യാ രാജേന്ദ്രന്, എം.എല്‍.എ മാരായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രന്, വി.കെ.പ്രശാന്ത് എന്നിവർ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
ശബരി കെ-റൈസ് (ജയ അരി) കിലോയ്ക്ക് 29 രൂപയും മട്ട അരിയും കുറുവ അരിയും കിലോയ്ക്ക് 30 രൂപ നിരക്കിലുമാണ് വിതരണം ചെയ്യുന്നത്. കാർഡൊന്നിന് 5 കിലോ ഗ്രാം ശബരി കെ-റൈസ് വിതരണം ചെയ്യുന്നതാണ്. മാർച്ച് 12 ന് ഉദ്ഘാടന ചടങ്ങ് തീരുമാനിച്ചിരുന്നത് മുഖ്യമന്ത്രിയുടെ സൗകര്യാർത്ഥമാണ് മാർച്ച് 13 ലേക്ക് മാറ്റിയത്.