ദോഹ: ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഉയർന്ന നിലവാരത്തിൽ വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ 14 സ്കൂളുകൾ നിർമിക്കും. 2025-2026 അധ്യയനവർഷം മുതൽ പുതിയ സ്കൂളുകൾ പ്രവർത്തനക്ഷമമാകുമെന്നും അധികൃതർ അറിയിച്ചു.
പുതിയ സ്കൂളുകൾ നിർമിക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് അതോറിറ്റി അഷ്ഗാലും ഉർബകോൺ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയും തമ്മിൽ പുതിയ കരാർ ഒപ്പുവെച്ചു. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട 2022ലെ 12ാം നിയമമനുസരിച്ചാണ് കരാർ ഒപ്പുവെച്ചത്.
വജബ സൗത്ത്, മുഐദർ, തുമാമ, മഷാഫ് എന്നിവിടങ്ങളിൽ അഞ്ച് പ്രൈമറി സ്കൂളുകളും മുഐദർ, ഗറാഫ, അസീസിയ, റൗദത് റാഷിദ് എന്നിവിടങ്ങളിൽ നാല് പ്രിപ്പറേറ്ററി സ്കൂളുകളും മുഐദർ, തുമാമ, ഐൻ ഖാലിദ് എന്നീ പ്രദേശങ്ങളിലായി മൂന്ന് ഹയർ സെക്കൻഡറി സ്കൂളുകളും സ്ഥാപിക്കും. കൂടാതെ അൽ സഖാമ, റൗദത് അൽ ഹമാമ എന്നീ മേഖലകളിലായി രണ്ടു ശാസ്ത്ര, സാങ്കേതിക സ്കൂളുകളും സ്ഥാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി.വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ പൊതു-സ്വകാര്യ മേഖല പങ്കാളിത്തത്തിനുള്ളിലെ ഖത്തർ സ്കൂൾ വികസന പദ്ധതിയുടെ രണ്ടാം പാക്കേജിന്റെ ഭാഗമാണ് പുതിയ സ്കൂളുകൾ.
വാണിജ്യ വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനി, വിദ്യാഭ്യാസമന്ത്രി ബുഥൈന ബിൻത് അലി അൽ ജബർ അൽ നുഐമി, മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് അൽ അതിയ്യ എന്നിവർ കരാർ ഒപ്പുവെക്കൽ ചടങ്ങിൽ പങ്കെടുത്തു. ധനകാര്യ മന്ത്രി അലി ബിൻ അഹ്മദ് അൽ കുവാരി, അഷ്ഗാൽ പ്രസിഡന്റ് സഅദ് ബിൻ അഹ്മദ് അൽ മുഹന്നദി, വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള മുതിർന്ന പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചുഖത്തറിൽ ആദ്യമായി ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയും പ്രീ ഫാബ്രിക്കേറ്റഡ് സ്ട്രെക്ചറുകൾ ഉപയോഗിച്ച് മോഡുലാർ ബിൽഡിങ്ങും ഉൾപ്പെടുന്ന ആധുനിക നിർമാണരീതികളുടെ സഹായത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് അഷ്ഗാൽ ബിൽഡിങ്സ് പ്രോജക്ട്സ് വിഭാഗം മേധാവി എൻജി. ജാറല്ല മുഹമ്മദ് അൽ മർരി പറഞ്ഞു.പുതിയ സ്കൂളുകൾ നിർമിക്കാനുള്ള പദ്ധതി വിദ്യാഭ്യാസ തന്ത്രത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഏറെ സഹായിക്കുമെന്നും എല്ലാ പഠനതലങ്ങളിലും വിദ്യാർഥികളിൽ സർഗാത്മകതയും പുതുമയും വളർത്തുന്ന സമഗ്രമായ അടിത്തറ നൽകുമെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജനറൽ സർവിസസ് വിഭാഗം മേധാവിയും പി.പി.പി പ്രോജക്ട് കമ്മിറ്റി പാക്കേജ് രണ്ട് അംഗവുമായ ഖാലിദ് മുഹമ്മദ് അൽ ഹാജിരി പറഞ്ഞു.
30 ക്ലാസ് മുറികളും ശാസ്ത്ര, ഭാഷ, ഐ.ടി പഠനത്തിനായി പ്രത്യേകം ലബോറട്ടറികളും ഉൾപ്പെടുന്നതായിരിക്കും പുതിയ സ്കൂളുകളെന്ന് പ്രോജക്ട് എൻജി. ഖാലിദ് അൽ നജ്ജാർ പറഞ്ഞു.കലാകായിക സൗകര്യങ്ങൾ, മൾട്ടിപർപ്പസ് ഹാളുകൾ, ലൈബ്രറികൾ, ക്ലാസ് മുറികൾ, കാർ പാർക്കിങ്ങുകൾ, സ്റ്റേഡിയം തുടങ്ങി ഇൻഡോർ, ഔട്ട്ഡോർ സൗകര്യങ്ങളും സ്കൂളുകളിലുണ്ടായിരിക്കുമെന്നും അൽ നജ്ജാർ കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ