ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അഞ്ച് സിറ്റിംഗ് എം.എല്‍.എമാരില്‍ രണ്ടുപേര്‍ കോടിപതികള്‍. കൊല്ലത്തു മത്സരിക്കുന്ന എം. മുകേഷും, വടകരയില്‍ മത്സരിക്കുന്ന കെ.കെ. ശൈലജയുമാണ് കോടിപതികള്‍. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ ആസ്തി വിവര കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്. എം. മുകേഷ് സിനിമാ നടന്‍ കൂടിയായതിനാല്‍ ആസ്തി സ്വാഭാവികമായും വര്‍ധിക്കും. മുകേഷിന്റെ ആസ്തി 14.24 കോടിയാണ് (14,24,20240). തൊട്ടുപിന്നില്‍ നില്‍ക്കുന്നത്, മുന്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജയാണ്.
മട്ടന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വടകര ലോക്‌സഭാ മണ്ഡലത്തിലേക്ക് മാറിയ ഷൈലജ ടീച്ചറുടെ ആസ്തി 1.28 (128,10,471) കോടിയാണ്. ബാങ്ക് ബാലന്‍സ്, വസ്തു വകകള്‍, വീട്, കാറ്, ഭര്‍ത്താവിന്റെ വരുമാനം എല്ലാം ചേര്‍ത്താണിത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെയാണ് ഷൈലജ വിജയിച്ചത്. ഒന്നാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്നു. ലോകശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. ഇപ്പോള്‍ വടകര തിരിച്ചു പിടിക്കാനുള്ള ദൗത്യമാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. ബാക്കി മൂന്നു സ്ഥാനാര്‍ത്ഥികള്‍ ലക്ഷ പ്രഭുക്കന്‍മാരണ്. അതില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന വി. ജോയി ആണ് മുമ്പന്‍. ജോയിയുടെ ആസ്തി 59.74 ലക്ഷം രൂപയാണ്(59,74,083). വി.ജോയ് സി.പി.എമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ്. മത്സരിക്കാനിറങ്ങിയപ്പോള്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ സി. ജയന്‍ ബാബുവിന് ആക്ടിംഗ് സെക്രട്ടറി ചുമതല നല്‍കി. വര്‍ക്കല നിയോജക മണ്ഡലത്തില്‍ നിന്നുമാണ് വി. ജെയ് നിയമസഭയിലെത്തിയത്.
ലക്ഷപ്രഭുക്കളില്‍ രണ്ടാമന്‍ യു.ഡി.എഫിലെ ഷാഫി പറമ്പിലാണ്. ഷാഫി കെ.കെ. ഷൈലജയ്ക്ക് എതിരെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാണ്. ഷാഫിയുടെ ആസ്തി 56.21 ലക്ഷമാണ്(56,21,401). പാലക്കാട് നിയോജക മണ്ഡലത്തില്‍ നിന്നും രണ്ടു തവണ നിയമസഭയില്‍ എത്തിയ ഷാഫിക്ക് 13,25,849 രൂപയുടെ ബാധ്യതയുണ്ട്. ഭാര്യയുടേയും തന്റേയും പേരില്‍ വിവിധ ബാങ്കുകളിലായി 33,410 രൂപയുടെ നിക്ഷേപമുണ്ട് എന്നാണ് ഷാഫി പറമ്പില്‍ 2021 ലെ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. 15,53,000 രൂപ വിലയുള്ള ഇന്നോവ കാറുണ്ട് ഷാഫിക്ക്. കൂടാതെ പാലക്കാട് യാക്കരയില്‍ 17 ലക്ഷം വിലയുള്ള കൃഷിയിടവുമുണ്ട്. എം.എല്‍.എ ശമ്പളമാണ് പ്രധാന വരുമാന മാര്‍ഗമായി ഷാഫി പറമ്പില്‍ സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്. ഭാര്യ അഭിഭാഷകയാണെങ്കിലും നിലവില്‍ വീട്ടമ്മയാണ് എന്നാണ് കാണിച്ചിരിക്കുന്നത്. വടകരയിലെ സിറ്റിംഗ് എം.പി. കെ. മുരളീധരന്‍ മണ്ഡലം മാറിയതോടെയാണ് ഷാഫിക്ക് നറുക്കു വീണത്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കെ. മുരളീധരന്‍ തൃശൂരില്‍ മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.
മറ്റെല്ലാ മണ്ഡലത്തിലും സിറ്റിംഗ് എം.പിമാര്‍ക്ക് മത്സരിക്കാന്‍ അവസരം കിട്ടിയപ്പോള്‍ പുറത്തായത് തൃശൂര്‍ എം.പിയായ ടി.എന്‍. പ്രതാപനാണ്. കെ. മുരളീധരന്റെ സഹോദരിയും കെ. കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബി.ജെ.പിയിലേക്ക് പോയതോടെയാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ ഉണ്ടായത്. കെ. മുരളീധരന് പകരം കോണ്‍ഗ്രസ് ഷാഫി പറമ്പിലിനെ വടകര കാക്കാന്‍ നിയോഗിച്ചതോടെ സംസ്ഥാനത്തെ തന്നെ ഏറ്റവും വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനാണ് വടകര സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി തിരഞ്ഞെടുപ്പ് രംഗത്തെത്തുന്നത്. ഏഴായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഷാഫിയുടെ ആദ്യജയം. പിന്നീട് 2016 ലും 2021 ലും ഷാഫി പറമ്പില്‍ തന്നെയായിരുന്നു പാലക്കാട് നിന്ന് മത്സരിച്ച് ജയിച്ചത്. 2016 ല്‍ 17000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ഷാഫി പറമ്പിലിന് പക്ഷെ 2021ല്‍ ബിജെപിയുടെ ഇ ശ്രീധരനില്‍ നിന്ന് അപ്രതീക്ഷിതമായ മത്സരം നേരിടേണ്ടി വന്നു. എങ്കിലും 3000 ത്തിലേറെ വോട്ടുകള്‍ക്ക് വിജയം ഷാഫി പറമ്പിലിന് ഒപ്പം തന്നെയായിരുന്നു.
പട്ടികജാതി പട്ടിക വര്‍ഗ വകുപ്പുമന്ത്രിയായിരുന്ന കെ. രാധാകൃഷ്ണനാണ് ഏറ്റവും കുറച്ച് ആസ്തിയുള്ളത്. കെ. രാധാകൃഷ്ണന് 34.97 ലക്ഷം രൂപയാണ് ആസ്തി(34,97,780) ചേലക്കര നിയോജക മണ്ഡലത്തില്‍ നിന്നുമാണ് കെ. രാധാകൃഷ്ണന്‍ നിയമസഭയിലെത്തുന്നത്. ഇന്നും പൂശാത്ത ഒറ്റനില വീട്ടിലാണ് രാധാകൃഷ്ണനും കുടുംബവും താമസിക്കുന്നത്. വലിയ ചുറ്റുപാടുകളൊന്നുമില്ലെങ്കിലും ആസ്തിയുടെ കാര്യത്തില്‍ പിന്നാട്ടല്ല എന്നു വേണം കരുതാന്‍. കെ. രാധാകൃഷ്ണന്‍ നേരത്തെ സ്പീക്കറായിരുന്നിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രിസഭയില്‍ ദേവസ്വം വകുപ്പിന്റെ ചുമതലയും രാധാകൃഷ്ുണ്ടായിരുന്നു.
ഒരുവേള കേരളത്തിന്റെ ആദ്യ പിന്നോക്കക്കാരനായ മുഖ്യമന്ത്രി എന്ന ചരിത്രം തിരുത്താനുള്ള ചര്‍ച്ചകളും നടന്നിരുന്നു. എന്നാല്‍, പിന്നീടാ ചര്‍ച്ചകള്‍ വഴിമാറിപ്പോവുകയായിരുന്നു. കോണ്‍ഗ്രസിന്റെ സിറ്റിംഗ എം.പി രമ്യാ ഹരിദാസാണ് കെ. രാധാകൃഷ്ണനെതിരേ മത്സരിക്കുന്നത്. ഇത് രണ്ടാംതവണയാണ് രമ്യാഹരിദാസിന്റെ മത്സരം. ആലത്തൂര്‍ മണ്ഡലം തനിക്ക് അന്യമല്ലെന്നാണ് രാധാകൃഷ്ണന്‍ പറയുന്നത്. റിസര്‍വേഷന്‍ മണ്ഡലമായതിനാല്‍ ഇവിടുത്തെ മത്സരം തീ പാറുമെന്നുറപ്പാണ്.
Read more ….
- ഗാസയിൽ സമാധാനം പുനസ്ഥാപിക്കണം : ഓസ്കാർ വേദിയിൽ റെഡ് പിൻ ധരിച്ചെത്തി താരങ്ങൾ
- പാർലമെൻ്റിലെ ഇരു സഭകളിലും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് ബി.ജെ.പി എം.പി : വിശദീകരണവുമായി പാർട്ടി
- ഹിമാചലിലെ വിമത എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച ഹർജി നാളെ സുപ്രീം കോടതിയിൽ
- രാജിക്ക് കാരണം ബംഗാൾ സന്ദർശനത്തിനിടെയുണ്ടായ അഭിപ്രായവ്യത്യാസം
- പിക്കപ്പ് ജീപ്പ് മറിഞ്ഞ് അസം സ്വദേശി മരിച്ചു:9 പേർക്ക് പരിക്കേറ്റു