മനാമ: തന്റെ സ്ഥാപനത്തിൽ സ്വർണം കവർച്ച ചെയ്യാനായി എത്തിയ മോഷ്ടാകളിൽ നിന്നും ക്രൂരമായ ആക്രമണത്തിന് ഇരയായ ഹർകിഷൻ ദാസ് സുന്ദർജി (73 ) ഇന്ന് നാട്ടിലേക്കു മടങ്ങുന്നു. 2022 ഒക്ടോബർ 24നായിരുന്നു കവർച്ച നടന്നത്. പണിക്കായി മറ്റൊരാൾ ഏൽപിച്ചിരുന്ന സ്വർണമാണ് ആക്രമികൾ മോഷ്ടിച്ചത്.
ആക്രമണത്തിൽ സുന്ദർജിയുടെ തലക്ക് ഗുരുതരമായ പരിക്കേറ്റു. സൽമാനിയ ഹോസ്പിറ്റലിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ക്രമേണ സംസാരശേഷി വ്യക്തമല്ലാതായിത്തീർന്നു. പരസഹായം ഇല്ലാതെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെവന്നു.
പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് സുധീർ തിരുനിലത്ത് സുന്ദർജിയെ കാണുകയും അദ്ദേഹത്തെ സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. അർബുദബാധിതയായി സുന്ദർജിയുടെ ഭാര്യ മരണപ്പെട്ടിരുന്നു. ബഹ്റൈനിൽ ഉള്ള അദ്ദേഹത്തിന്റെ മകനും കുടുംബവും സുന്ദർജിയെ ഏറ്റെടുക്കാൻ തയാറായിരുന്നില്ല. പാസ്പോർട്ടിനെ കുറിച്ച് വ്യക്തമായ വിവരം സുന്ദർജിയിൽ നിന്നും ലഭിച്ചതും ഇല്ല.
തുടർന്ന് ബഹ്റൈൻ അധികാരികളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ മുൻ ബിസിനസ് പാർട്ണർ ആയ ഖാദറിനെ കണ്ടെത്തുകയും ദുബൈയിൽ സുന്ദർജിയുടെ ഇളയ സഹോദരിയും കുടുംബവും ഉണ്ടെന്നു അറിയുകയും ചെയ്തു. തുടർന്ന്, ഗുജറാത്ത് സ്വദേശിയും പ്രവാസി ലീഗൽ സെൽ ഗവേണിങ് കൗൺസിൽ അംഗവുമായ ജെയ്ഷയും പ്രവാസി ലീഗൽ സെൽ ദുബൈ ചാപ്റ്റർ അംഗം ശ്രീധരൻ പിള്ളയും സഹോദരിയുമായി സംസാരിച്ചു സുന്ദർജിയുടെ ആരോഗ്യസ്ഥിതി അറിയിച്ചു.
അവർ ഏറ്റെടുക്കാൻ തയാറായതോടെ ഇന്ത്യയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇന്ത്യൻ എംബസിയുടെയും എമിഗ്രേഷൻ അതോറിറ്റീസിന്റെയും സഹായത്തോടെ പിഴയടക്കുകയും ഔട്ട് പാസ് ലഭിക്കുകയും ചെയ്തു. ബുധനാഴ്ച കുവൈത്ത് എയർവേസിൽ നിന്നും യാത്രാനുമതി ലഭിച്ചു.
ഇന്ത്യയിൽ അദ്ദേഹത്തെ സംരക്ഷിക്കാൻ മറ്റു കുടുംബാംഗങ്ങൾ ആരുംതന്നെ ഇല്ലാത്തതിനാൽ സഹോദരി ഗുജറാത്തിൽ ഉള്ള സ്വജൻ ആശ്രമത്തിൻ കീഴിലുള്ള വൃദ്ധ സദനത്തിൽ താമസം ഏർപ്പാടാക്കിയിട്ടുണ്ട്. അഹ്മദാബാദ് എയർപോർട്ടിൽ സുന്ദർജിയുടെ സഹോദരിയും മകനും അദ്ദേഹത്തെ ഗുജറാത്തിലേക്ക് കൊണ്ടുപോകാൻ എത്തും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ