കുവൈത്ത് സിറ്റി: മുസ്ലിം മതവിശ്വാസികൾക്ക് ഇനി ഒരുമാസക്കാലം വ്രതാനുഷ്ഠ്ാനത്തിന്റെ നാളുകൾ. രാജ്യത്ത് തിങ്കളാഴ്ച റമദാൻ വ്രതം ആരംഭിക്കും. ഞായറാഴ്ച വൈകീട്ട് മാസപ്പിറ കണ്ടതായി അധികൃതർ അറിയിച്ചതോടെ വിശ്വാസികൾ റമദാൻ നോമ്പിനായുള്ള ഒരുക്കത്തിൽ മുഴുകി. രാത്രി പള്ളികളിൽ തറാവീഹ് നമസ്കാരത്തിനും തുടക്കമായി.
റമദാന് മുന്നേ പഠനക്ലാസുകളും മുന്നൊരുക്കങ്ങളുമായി സംഘടനകളും കൂട്ടായ്മകളും വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. തിങ്കളാഴ്ച മുതൽ ഇഫ്താർ, കാരുണ്യ പ്രവർത്തനങ്ങൾ, പഠനക്ലാസുകൾ, പ്രാർഥനകൾ എന്നിവയാൽ വിശ്വാസി സമൂഹം കൂടുതൽ സജീവമാകും. മതസംഘടനകൾ പ്രത്യേക ഉദ്ബോധന ക്ലാസുകളും മറ്റു പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. പരിപാടികളിൽ പ്രമുഖ പണ്ഡിതരും വാഗ്മികളും ക്ലാസ് നയിക്കും.
രാജ്യത്തെ പള്ളികളിൽ ഇഫ്താറുകൾ, തറാവീഹ് നമസ്കാരങ്ങൾ, രാത്രിനമസ്കാരങ്ങൾ എന്നിവയും സജീവമാകും. അന്തർദേശീയ തലത്തിൽ വരെ പ്രശസ്തരായ ഖുർആൻ പാരായണ പ്രതിഭകളെ രാത്രി നമസ്കാരത്തിന് നേതൃത്വം നൽകാൻ ഔഖാഫ് ചുമതലപ്പെടുത്തിയിട്ടുണ്ട്.
മലയാളീ സംഘടനകൾ വിവിധ പരിപാടികളും വിപുലമായ ഇഫ്താറുകളും ആസൂത്രണം ചെയ്തിട്ടുണ്ട്. റമദാൻ പ്രഭാഷണങ്ങൾക്കായി നാട്ടിൽ നിന്ന് പണ്ഡിതന്മാരും കുവൈത്തിൽ എത്തും.രാജ്യത്ത് മിതമായ കാലാവസ്ഥയിലാണ് ഇത്തവണ റമദാൻ എത്തുന്നത്. കടുത്ത ചൂടും തണുപ്പും ഇല്ലാത്തതിനാൽ നോമ്പ് പ്രയാസരഹിതമായി കടന്നുപോകും. റമദാനിൽ വിവിധ മന്ത്രാലയങ്ങളിൽ തൊഴിലാളികളുടെ പ്രവൃത്തിസമയം പുന:ക്രമീകരിച്ചിട്ടുണ്ട്. തൊഴിൽ സമയം ഫ്ലക്സിബിൾ ആക്കി നാലര മണിക്കൂറാണ്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ