റിയാദ്: പെട്രോൾ പമ്പുകളിൽ കൃത്രിമം കാണിച്ചതിന് 39 പെട്രോൾ പമ്പുകൾ അടച്ചുപൂട്ടി. പമ്പുകളിൽ വിൽക്കുന്ന ഇന്ധനത്തിന്റെ അളവിൽ തട്ടിപ്പ് വരുത്തുന്നതിനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചതായി കണ്ടെത്തിയതിനെതുടർന്ന് പെട്രോൾ പമ്പുകൾ നിരീക്ഷിക്കുന്നതിനുള്ള സ്ഥിരം എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് ഇത്രയും പമ്പുകൾ അടച്ചുപൂട്ടിയത്. കൃതൃമം കാണിക്കുന്നതിൽ ഉൾപ്പെട്ടവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.
19 നഗരങ്ങളിലും ഗവർണറേറ്റുകളിലുമാണ് നിയമലംഘനങ്ങൾ കണ്ടെത്തിയതെന്ന് സമിതി വിശദീകരിച്ചു. ഈ സ്റ്റേഷനുകൾക്കെതിരെ വാണിജ്യ തട്ടിപ്പ്, അളവിലും തൂക്കത്തിലും കൃത്രിമം എന്നിവക്ക് നിശ്ചയിച്ച നിയമപരമായ ശിക്ഷാനടപടികൾ എടുക്കുന്നതിനുവേണ്ട കാര്യങ്ങൾ പൂർത്തിയാക്കിവരുകയാണ്.
പെട്രോൾ സ്റ്റേഷനുകൾക്കും അതിലെ സേവനത്തിനും നിശ്ചയിച്ച എല്ലാ നിബന്ധനകളും ചട്ടങ്ങളും പാലിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. വഞ്ചന നടത്തിയതായി തെളിഞ്ഞാൽ അവർക്കെതിരെ നിയമപരമായ ശിക്ഷകൾ ചുമത്തുന്നതിന് യാതൊരു അലംഭാവവും ഉണ്ടാകില്ലെന്നും സമിതി പറഞ്ഞു. ഊർജ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, മുനിസിപ്പൽ-റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിങ് മന്ത്രാലയം, സൗദി സ്റ്റാൻഡേഡ്സ്-മെട്രോളജി-ക്വാളിറ്റി ഓർഗനൈസേഷൻ എന്നിവ ഉൾപ്പെട്ടതാണ് സമിതി.
പെട്രോൾ പമ്പുകളിലെ നിരീക്ഷണവും തുടർപ്രവർത്തനങ്ങളും തുടരുകയാണ്. വിൽക്കുന്ന ഇന്ധനത്തിന്റെ അളവ് മാറ്റുന്നതിനുള്ള ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്തതായി സംശയിക്കുന്ന ഗ്യാസ് സ്റ്റേഷനുകളെക്കുറിച്ച് വിവരം ലഭിച്ചാൽ അത് പിന്തുടർന്ന് നടപടിയുണ്ടാകുമെന്നും സമിതി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ