ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ്. സ്ഥാനാർഥി നിർണ്ണയവും സ്ഥാനാർത്ഥികൾക്കെതിരെ ആരോപണ പ്രത്യാരോപണങ്ങളും സമൂഹമാധ്യമങ്ങളിൽ ചൂടുപിടിച്ച് നടക്കുന്നുണ്ട്. അത്തരത്തിൽ ചൂടുപിടിച്ച ഒരു ചർച്ചയുടെ വസ്തുതയാണ് നമ്മൾ പരിശോധിക്കുന്നത്. അഴിക്കോട്-മുനമ്പം പാലത്തിന്റെ കാര്യത്തിൽ വാക്ക് പാലിക്കാത്തയാളാണ് എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ വി.എസ് സുനിൽ കുമാർ എന്ന അവകാശവാദവുമായുള്ള പ്രചരണമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി നടക്കുന്നത്.
”വികസന നായകന്‍ VS സുനില്‍കുമാര്‍ 20 വര്‍ഷം മുന്‍മ്പ് അഴിക്കോട് മുനമ്പം പാലത്തിനു തറക്കല്‍ ഇട്ടിരുന്നു…അതിപ്പോഴും തറയും കല്ലുമായി
കിടക്കുന്നു” എന്നുള്ള കുറിപ്പിനൊപ്പമാണ് പൊടി പ്രചരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നതും കേരളം ആവേശത്തോടെ ഫലം കാത്തിരിക്കുന്നതുമായ മണ്ഡലമാണ് തൃശൂർ.
അവിടെ ബിജെപിക്ക് വേണ്ടി നടനും മുന്‍ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയും, യുഡിഎഫ് സ്ഥാനാർത്ഥി വി. മുരളീധരനും, എല്‍ഡിഎഫിന് വേണ്ടി മുന്‍ മന്ത്രി വിഎസ് സുനില്‍കുമാറുമാണ് ജനവിധി തേടുന്നത്. അതിനിടയിലാണ് എല്‍ഡിഎഫ് സ്ഥാനാര്ഥിക്കെതിരെ ഇങ്ങനെ ഒരു പ്രചാരണം നടക്കുന്നത്.
പ്രചാരണത്തിന്റെ വസ്തുത പരിശോധിക്കാം.
പബ്ലിക് റിലേഷന്‍സ് വിഭാഗം നൽകുന്ന വിവരങ്ങൾ പ്രകാരം 2011 ഫെബ്രുവരി 26നാണ് രണ്ട് തീരദേശങ്ങളെ തമ്മിൽ കൂട്ടിമുട്ടിക്കുന്ന പാലത്തിന്റെ ശിലാസ്ഥാപനം നടന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. കയ്പമംഗലം മണ്ഡലത്തിലെ ജനങ്ങളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നാണ് അഴീക്കോട്- മുനമ്പം പാലം. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ എറണാകുളം ജില്ലയിൽ നിന്ന് തൃശൂർ ജില്ലയിലേക്കുള്ള എളുപ്പമാർഗമാകും ഈ പാലം. അഴീക്കോട് നിന്ന് കേരളത്തിന്റെ വടക്കൻ മേഖലകളിലേക്ക് ഏറ്റവും എളുപ്പമാർഗത്തിൽ എത്തിച്ചേരാനും തെക്കൻ ജില്ലകളിൽ നിന്ന് വൈപ്പിൻകര വഴി ഗതാഗത കുരുക്കുകളില്ലാതെ കടന്നുപോകാനും സാധിക്കുമെന്നും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം സ്ഥലമേറ്റെടുപ്പ് വൈകിയതാണ് പദ്ധതി നീണ്ടുപോകാന്‍ കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു.
പാലത്തിന്റെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പ്രകാരം 2011 ഫെബ്രുവരിയിൽ ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക്കാണ് നിര്‍വഹിച്ചതെന്ന് വ്യക്തമായി. ശിലാസ്ഥാപനത്തിന് ഉദ്ഘാടകനായി ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക്കും അന്നത്തെ റവന്യു മന്ത്രി കെപി രാജേന്ദ്രനും പൊതുമരാമത്ത് മന്ത്രിയായിരുന്ന എം.വിജയകുമാര്‍, എം.കെ.പുരുഷോത്തമന്‍ എംഎല്‍എ എംപിമാർ തുടങ്ങിയവർ പങ്കെടുതത്തയാണ് റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം അഴിക്കോട്-മുനമ്പം പാലത്തിന്റെ നിര്‍മാണം 28% പൂര്‍ത്തിയായി. അപ്രോച്ച് റോഡ് ഉള്‍പ്പെടെ 1123 മീറ്റര്‍ നീളവും 15.70 മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. ചേര്‍ത്തല- പൊന്നാനി ഇടനാഴിയിലെ ഏറ്റവും വലിയ പാലമാണിത്. 1.5 മീറ്റര്‍ നടപ്പാതയും 1.80 മീറ്റര്‍ സൈക്കിള്‍ ട്രാക്കും ഉള്‍പ്പെടെ ഒരുക്കിയിട്ടുള്ള പാലം നിര്‍മാണത്തിന് നൂതന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.
പാലത്തിന്റെ നിര്‍മാണം 2025ല്‍ പൂര്‍ത്തീകരിക്കുമെന്നാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയിട്ടുള്ളത്. അഴിക്കോട്-മുനമ്പം പാലം നിര്‍മിക്കുമെന്ന് 2003ല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരാണ് പ്രഖ്യാപിച്ചത്. എന്നാൽ പല കാരണങ്ങൾ കൊണ്ട് പാലത്തിന്റെ പണി പൂർത്തിയാക്കാൻ സാധിക്കാതെ നീണ്ടുപോയി.
ലഭ്യമായ വിവരങ്ങൾ പരിശോധിച്ച് വിലയിരുത്തുമ്പോൾ അഴീക്കോട്-മുനമ്പം പാലം നിര്‍മാണത്തിന് ഇരുപത് വര്‍ഷം മുന്‍പ് ശിലാസ്ഥാപനം നടത്തിയത് വി.എസ്. സുനില്‍കുമാറാണെന്ന അവകാശവാദം തെറ്റാണ് എന്ന് വ്യക്തമാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം