കേരളത്തിന്റെ ആരോഗ്യ മേഖല ലോക പ്രശ്സ്തമാണ്. പുതിയ രോഗങ്ങളെപ്പോലും പ്രതിരോധിക്കാന്‍ കഴിയുന്ന രീതിയില്‍ ആധുനിക വത്ക്കരിച്ചു കഴിഞ്ഞു. എന്നാല്‍, മെഡിക്കല്‍ കോളേജുകളുടെ സ്ഥിതി അതി ദയനീയമാണ്. അവശ്യമരുന്നുകള്‍പോലും, എന്തിന് ജീവന് രക്ഷാ മരുന്നുകള്‍ പോലും കിട്ടാനില്ല. മരുന്നു വിതരണക്കാരുമായി ആരോഗ്യ മേഖള ഇപ്പോള്‍ അത്ര സുഖത്തിലല്ല. വാങ്ങിയ മരുന്നുകളുടെ കുടിശിക തീര്‍ക്കാന്‍ കഴിയാതെ വന്നതോടെ മരുന്നു വിതരണം നിര്‍ത്തി വെച്ചിരിക്കുകയാണ് വിതരണക്കാര്‍.
ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജുകളില്‍ അത്യാസന്ന നിലയില്‍ എത്തിക്കുന്ന രോഗികളെ എങ്ങനെ ശുശ്രൂഷിക്കാനാണ്. ജീവന് മരണപ്പോരാട്ടം നടത്തുന്ന രോഗികളെ നോക്കി സോക്ടര്‍മാരും നഴ്സുമാരും പറയുന്നത്, ജീവന് നിലനിര്‍ത്താനുള്ള മരുന്നുകള്‍ കിട്ടാനില്ലെന്നാണ്. ഇതാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ അവസ്ഥ. 75 കോടി രൂപയാണ് മരുന്നു വിതരണക്കാര്‍ക്ക് നല്‍കാനുള്ളത്. ഇത് എപ്പോള്‍ നല്‍കാനാകുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് അറിയില്ല. കിട്ടാനുള്ള കുടിശിക എപ്പോള്‍ തരാന്‍ കഴിയുമെന്ന് അധികൃതര്‍ പറയാതായതോടെ, വിതരണക്കാര്‍ മരുന്നുവിതരണം പൂര്‍ണ്ണമായി നിര്‍ത്തുകയും ചെയ്തു.
ജീവന്‍രക്ഷാമരുന്നുകള്‍, ശസ്ത്രക്രിയാ ഉപകരണങ്ങള്‍, ഫ്ളൂയിഡുകള്‍ എന്നിവയുടെ വിതരണമാണ് ഇപ്പോള്‍ നിര്‍ത്തിയിരിക്കുന്നത്. രണ്ടുദിവസത്തിനകം മെഡിക്കല്‍ കോളേജ് എച്ച്.ഡി.എസ്. ഫാര്‍മസിയില്‍ ബാക്കിയുള്ള മരുന്നുകളും തീരുന്ന അവസ്ഥയിലാണ്. ഇതോടെ രോഗികള്‍ വലയും. അതീവ ഗുരുതരമായ അവസ്ഥയിലേക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ സ്ഥിതി മാറിയിട്ടുണ്ട്. കാന്‍സര്‍ മരുന്നുകളും മറ്റും ഇന്ത്യയില്‍ തന്നെ ഏറ്റവും വിലകുറച്ച് കിട്ടുന്ന ആശുപത്രികളിലൊന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. എന്നാല്‍, ഈ മരുന്നുകള്‍ ഇപ്പോള്‍ സ്റ്റോക്കില്ലാതായി കഴിഞ്ഞു. 8000 രൂപയ്ക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ഈ മരുന്ന് കിട്ടുന്നത്.
എന്നാല്‍, കാന്‍സര്‍ മരുന്നുകള്‍ 30,000 രൂപകൊടുത്ത് പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. മെഡിക്കല്‍ കോളേജിലെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് ഈ തുക താങ്ങാനാവില്ല. ഇതോടെ പലരുടെയും ചികിത്സമുടങ്ങുമെന്നുറപ്പാണ്. യൂറോളജി, നെഫ്രോളജി, ഓര്‍ത്തോ വിഭാഗങ്ങള്‍ക്കു ആവശ്യമുള്ള വിവിധ മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണവും നിലച്ചിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ഓര്‍ത്തോ വിഭാഗത്തില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നടക്കേണ്ട പത്തോളം മേജര്‍ ശസ്ത്രക്രിയകള്‍ റദ്ദാക്കിയിട്ടുണ്ട്. നട്ടെല്ലിന്റെ ഭാഗത്തും, കൈ മുട്ട്, കാല് മുട്ട് തുടങ്ങിയ എല്ലുകള്‍ക്കുള്ള ശസ്ത്രക്രീയകളാണ് നടത്താതെ മാറ്റിവെച്ചിരിക്കുന്നത്.
ആഴ്ചയില്‍ 20 ആര്‍ത്രോസ്കോപ്പി ശസ്ത്രക്രിയകള്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയിരുന്നു. ഹൃദയവാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നാലെണ്ണവും അഞ്ച് ബൈപ്പാസ് ശസ്ത്രക്രിയകളും നടത്തുന്നുണ്ട്. മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ ഏഴെണ്ണമാണ് ആഴ്ചയില്‍ നടത്തുന്നത്. ഇതോടൊപ്പം നാല് ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയകളും നടത്തിയിരുന്നു. ഇതു കൂടാതെ മറ്റ് നിരവധി ചെറുതും വലുതുമായ ശസ്ത്രക്രിയകളും നടത്തുന്നുണ്ട്. കാന്‍സര്‍ രോഗികള്‍ക്കുള്ള കീമോ ആടക്കമുള്ള ശസ്ത്രക്രിയകളും നടത്തുന്നുണ്ട്. ശസ്ത്രക്രീയാ ഉപകരണങ്ങളുടെ വിതരണം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓപ്പറേഷന് തിയറ്ററുകള്‍ അടച്ചിടേണ്ട അവസ്ഥയിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഹൃദ്രോഗചികിത്സയുടെ ഭാഗമായ പേസ്മേക്കര്‍, സ്റ്റെന്റ്, ബലൂണ്‍, വാല്‍വ് തുടങ്ങിയ എല്ലാ ഉപകരണങ്ങളുടെയും വിതരണം മാര്‍ച്ച് 31ന് പൂര്‍ണമായി നിര്‍ത്തുമെന്ന് ചേംബര്‍ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫ് മെഡിക്കല്‍ ഇംപ്ലാന്റ്സ് ആന്‍ഡ് ഡിസ്പോസിബിള്‍സ് ഭാരവാഹികളും വ്യക്തമാക്കി. മെഡിക്കല്‍ കോളേജിലേക്ക് മരുന്ന് വിതരണം നടത്തുന്നത് എഴുപത്തഞ്ചോളം വിതരണക്കാരാണ്. കുടിശ്ശിക കിട്ടാതായതോടെ ചിലര്‍ നേരത്തെ തന്നെ വിതരണം നിര്‍ത്തിയിരുന്നു. തുടര്‍ന്ന് വിതരണക്കാരുടെ സംഘടന യോഗം ചേരുകയും, മരുന്നു വിതരണം പൂര്‍ണ്ണമായി നിര്‍ത്താന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതോടെ കഴിഞ്ഞ ശനിയാഴ്ച മുതല്‍ എല്ലാ വിതരണക്കാരും ഒരുമിച്ച് വിതരണം നിര്‍ത്തുകയായിരുന്നു.
ഡിസംബര്‍വരെയുള്ള കുടിശ്ശിക മാര്‍ച്ച് 31നകം ലഭിക്കണം. അതിനുള്ള ഉറപ്പ് ലഭിച്ചാല്‍ മാത്രമേ മരുന്നുവിതരണം പുനരാരംഭിക്കൂവെന്ന് ഓള്‍കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു. ആരോഗ്യമന്ത്രിക്കും, കളക്ടര്‍ക്കും, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്ലിനും സൂപ്രണ്ടിനും ഇതു സംബന്ധിച്ച് സംഘടനകള്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് സംഘടകള്‍ കടുത്ത നടപടിയിലേക്ക് നീങ്ങിയത്. വന്‍ മരുന്നുകമ്പനികള്‍ വിതരണക്കാര്‍ക്ക് 21 ദിവസത്തെ ക്രെഡിറ്റാണ് നല്‍കിയിരിക്കുന്നത്. ഇതിനുള്ളില്‍ പണം അടച്ചില്ലെങ്കില്‍ മരുന്നു വിതരണക്കാര്‍ക്ക് കമ്പനികള്‍ മരുന്നു നല്‍കാതെ വരും. അതുകൊണ്ട് പലരും കടം വാങ്ങിയും ലോണെടുത്തും മറ്റുമാണ് കമ്പനികള്‍ക്ക് പണം നല്‍കുന്നത്. ചില വിതരണക്കാര്‍ ജപ്തിയുടെ വക്കിലാണെന്നും സംഘടനാ ഭാരവാഹികള്‍ പറയുന്നു.
Read more ….
- ഗാസയിൽ സമാധാനം പുനസ്ഥാപിക്കണം : ഓസ്കാർ വേദിയിൽ റെഡ് പിൻ ധരിച്ചെത്തി താരങ്ങൾ
- പാർലമെൻ്റിലെ ഇരു സഭകളിലും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് ബി.ജെ.പി എം.പി : വിശദീകരണവുമായി പാർട്ടി
- ഹിമാചലിലെ വിമത എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച ഹർജി നാളെ സുപ്രീം കോടതിയിൽ
- രാജിക്ക് കാരണം ബംഗാൾ സന്ദർശനത്തിനിടെയുണ്ടായ അഭിപ്രായവ്യത്യാസം
- പിക്കപ്പ് ജീപ്പ് മറിഞ്ഞ് അസം സ്വദേശി മരിച്ചു:9 പേർക്ക് പരിക്കേറ്റു