പുതുമകൾ നിറഞ്ഞ അനേകം കാഴ്ചകളുമായി റമദാനെ വരവേൽക്കാനൊരുങ്ങുകയാണ് ദുബൈയിലെ ഗ്ലോബൽ വില്ലേജ്. വൈകിട്ട് ആറു മുതൽ പുലർച്ചെ രണ്ടു മണിവരെ കുടുംബത്തിനൊപ്പം ചെലവിടാനുള്ള ഏറ്റവും മികവാർന്ന പരിപാടികളാണ് ഇത്തവണ ആസൂത്രണം ചെയ്തിരിക്കുന്നത്.
വൈകിട്ട് നാലു മുതൽ ആരംഭിച്ചിരുന്ന പ്രവേശനം റമദാൻ വ്രതമെടുക്കുന്നവരെ മുന്നിൽ കണ്ടാണ് കൂടുതൽ സമയത്തേക്ക് ദീർഘിപ്പിച്ചിരിക്കുന്നത്. ഇതു വഴി സന്ദർശകർക്ക് ലോകത്തെ വിവിധ രാജ്യങ്ങളിലെ രുചി ഭേദങ്ങൾ ആസ്വദിച്ച് നോമ്പു തുറക്കാനും സാധിക്കും. അതോടൊപ്പം കുടുംബത്തോടൊപ്പം സായം സന്ധ്യകൾ മനോഹരമാക്കാനുമുള്ള എല്ലാ തരം ആസ്വാദന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട് ഈ ആഗോള ഗ്രാമം.
രാത്രി രണ്ട് മണിവരെ പ്രവേശനം അനുവദിക്കുന്നതിനാൽ രാവേറെ വൈകി അത്താഴവും കഴിച്ച് പിരിയാം. ലോകത്തെ വിവിധ തരത്തിലുള്ള ആഭരണങ്ങളും കളിക്കോപ്പുകളും സ്വന്തമാക്കാൻ കഴിയുന്ന റമദാൻ വണ്ടേഴ്സ് സൂക്ക് മുതൽ കുട്ടികളേയും മുതിർന്നവരെയും ഒരു പോലെ പിടിച്ചിരുത്തുന്ന ഫ്യൂച്ചർ കോർപ്പുവരെ പുതിയ അനുഭവങ്ങളായിരിക്കും സന്ദർശകർക്ക് റമാൻ കാഴ്ചകൾ സമ്മാനിക്കുക.
ഓരോ രാജ്യങ്ങളുടെയും പവിലയനുകൾ കൂടാതെ കുട്ടികൾക്ക് കളിക്കാനും രസിക്കാനുമുള്ള അനേകം ഗെയിമുകളും ഒരുക്കിയിട്ടുണ്ടിവിടെ.
പഞ്ചാബി നൃത്തച്ചുവടുമായി ദോൾ ഫൗണ്ടേഷൻ
ഇത്തവണത്തെ ഏറ്റവും വലിയ ആകർഷണമാണ് ദോൾ ഫൗണ്ടേഷന്റെ കലാപ്രകടനം. ഓപ്പൺ സ്റ്റേജിൽ നടത്തുന്ന പഞ്ചാബി കലാകാരൻമാരുടെ പ്രകടനം കാണികളെ ആവേശം കൊളളിക്കുന്നതാണ്. പഞ്ചാബി ഗാനങ്ങൾക്കൊപ്പം ബോളിവുഡ് ഗാനങ്ങളും അവതരിപ്പിച്ചാണ് സംഘം കാണികളെ കയ്യിലെടുക്കുന്നത്.
തണുപ്പ് വിട്ടുമാറാത്ത സായം സന്ധ്യകളിൽ തട്ടുപൊളിപ്പൻ പാട്ടുകളുടെ അകമ്പടിയിൽ പഞ്ചാബിന്റെ പരമ്പരാഗത വേഷത്തിലുള്ള നൃത്തം മനോഹര കാഴ്ചയാണ്. സ്റ്റേജിലെ വെളിച്ച സംവിധാനങ്ങൾ പാട്ടുകൾക്കൊപ്പം നൃത്തം വെക്കുന്നത് കാണാം. കാണികൾ ആവശ്യപ്പെടുന്ന പാട്ടുകൾ പാടിയും കാണികൾക്കൊപ്പം ചേർന്ന് പാടിയും ഗ്ലോബൽ വില്ലേജിലെത്തുന്ന സന്ദർകർക്ക് ഏറ്റവും സുന്ദര മുഹൂർത്തമാണ് ദോൾ ഫൗണ്ടേഷൻ സമ്മാനിക്കുന്നത്.
ലണ്ടർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് ഗ്രൂപ്പാണ് ദോൾ ഫൗണ്ടേഷൻ. ദോൾ ഡ്രമ്മിന്റെ ശബ്ദത്തിനൊപ്പം പഞ്ചാബി ഗാനങ്ങൾ കൂടി ചേരുമ്പോൾ കാണികൾക്ക് നിശ്ചലമായി നിൽക്കാനാവില്ല. പ്രധാന സ്റ്റേജിലാണ് ലോകത്തെ പ്രശസ്തരായ ദോൾ ഫൗണ്ടേഷന്റെ പ്രകടനം.
ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ദോൾ ഫൗണ്ടേഷന്റെ മ്യൂസിക് ആസ്വാദിക്കാം. 2021ലെ ലണ്ടൻ ഒളിമ്പിക്സിന്റെ സമാപന ചടങ്ങിലും ബക്കിങ് ഹാം പാലസിൽ നടന്ന കോറോണേഷൻ ഗാല കൺസർട്ടിലുമാണ് ഇതിന് മുമ്പ് ദോൾ ഫൗണ്ടേഷന്റെ പ്രകടനം അരങ്ങേറിയത്.
ഫിയസ്റ്റ സ്ട്രീറ്റ്
ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലേയും പ്രശസ്തമായ ഭക്ഷ്യ വൈവിധ്യങ്ങളുടെ സ്റ്റാളുകൾ സംഗമിക്കുന്ന ഇടമാണ് ഫിയസ്റ്റ സ്ട്രീറ്റ്. ഗ്ലോബൽ വില്ലേജിന്റെ പ്രധാന ഗേറ്റ് കടന്നാൽ സന്ദർകരെ ആദ്യം വരവേൽക്കുന്നത് ഫിയസ്റ്റ സ്ട്രീറ്റാണ്. 50ലധികം ഫുഡ് സ്റ്റാളുകളാണ് രുചി മുകുളങ്ങളെ ഉത്തേജിപ്പിക്കാനായി ഇവിടെ സജ്ജമാക്കിയിട്ടുള്ളത്.
തുർക്കിയിലെ പരമ്പരാഗത രുചിക്കൂട്ടുകളെ പരിചയപ്പെടുത്തുന്ന ടർക്കിഷ് ബേക്ക്ഡ് പൊട്ടൊറ്റൊ, ചിക്കൻ വറുത്തതിൽ എരിവിന്റെ മസാലക്കൂട്ടുകൾ പരീക്ഷിക്കുന്ന നാഷ് ഹോട്ട് ചിക്കൻ, നൂഡിൽസിന്റെ രുചി വകഭേദങ്ങളും ബീഫിന്റെ വിത്യസ്തങ്ങളായ റസിപ്പികളും കൊണ്ട് സന്ദർകരെ ആകർഷിക്കുന്ന ജപ്പാനീസ് സ്റ്റാൾ, ബീഫ് കബാബിന് പേര് കേട്ട ബോസ്നിയൻ ഹൗസ്, പഴക്കമേറിയ ഭീമൻ ചീസ് കട്ടകൾ തുരന്ന് അതിൽ പാസ്തയുടെ വിവിധ റസിപ്പികൾ നിറച്ച് പാകം ചെയ്ത തരുന്ന പാസ്ത വീൽ, പരമ്പരാഗത അറബ് വിഭവങ്ങൾ ലഭിക്കുന്ന അറേബ്യൻ ഹട്ട് അങ്ങനെ തുടങ്ങി ഓരോ രാജ്യങ്ങളിലേയും ഏറ്റവും പ്രശസ്തമായ ഭക്ഷ്യ വിഭവങ്ങൾ പരിചയപ്പെടാനും രുചിക്കാനും അവസരം നൽകുന്ന സ്റ്റാളുകൾ സന്ദർശകരെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നതാണ്.
ഫ്ലോട്ടിങ് മാർക്കറ്റ്
ലോകത്ത് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് തായ്ലാണ്ട്. ഇവിടെത്തെ ഫ്ലോട്ടിങ് മാർക്കറ്റ് വളരെ പ്രശസ്തമാണ്. കടൽ വിഭവങ്ങളാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേതകത. തായ് രുചിയെ അതേ രൂപത്തിൽ തനിമ ചോരാതെ അവതരിപ്പിച്ചിട്ടുണ്ട് ഗ്ലോബൽ വില്ലേജിലെ ഫ്ലോട്ടിങ് മാർക്കറ്റ്.
കൃത്രിമമായി നിർമിച്ച നീല തടാകത്തിന്റെ അരികിലായാണ് തായ് വിഭവങ്ങളുടെ കലവറയുമായി സ്റ്റാളുകൾ അവതരിപ്പിച്ചിട്ടുള്ളത്. പരമ്പരാഗത തായ് രീതികളിലാണ് സ്റ്റാളുകളുടെ രൂപകൽപനയെന്നതിനാൽ തായ്ലണ്ടിലെ അതേ പ്രതീതി തന്നെ സന്ദർശകർക്ക് ഇവിടെ ലഭിക്കും. മാംഗോ സ്റ്റിക്കി റൈസ് ആൻഡ് ഐസ്കക്രീം, ചെമ്മീനിന്റെയും കൂന്തളിന്റെയും രുചികരമായ വിഭവങ്ങൾക്കൊപ്പം തായ് രീതിയിലുള്ള സലാഡുകളും സോസേജുകളും ഇവിടെ നിന്ന് ലഭിക്കും.
പത്തിലധികം സ്റ്റാളുകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. തടാകത്തിനരികിൽ ഏറ്റവും വൃത്തിയുള്ള പരിസരത്താണ് ഭക്ഷണം വിളമ്പുന്നതെന്ന പ്രത്യേകതയുമുണ്ട്. എല്ലാത്തിലും ദുബൈ നഗരത്തിന്റെ കയ്യൊപ്പ് ചാർത്തുന്നതിൽ ഗ്ലോബൽ വില്ലേജ് അതീവ ശ്രദ്ധാലുവാണെന്ന് മനസിലാകും.
റെയിൽവേ സ്ട്രീറ്റ്
പേരു പോലെ തന്നെ റെയിൽവേ സ്റ്റേഷനിൽ ചെന്ന പ്രതീതിയാണ് ഇവിടെ. മധുരം നിറഞ്ഞ പറുദീസ എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. പല നിറത്തിലും രുചിയിലുമുള്ള മധുര പലഹാരങ്ങളാണ് റെയിൽവേ സ്ട്രീറ്റിലെ സ്റ്റാളുകളിലും ഒരുക്കിയിട്ടുള്ളത്.
ഓരോ കടയിലും വിത്യസ്തങ്ങളായ മിഠായികൾ വർണക്കുപ്പികളിൽ ഒരുക്കിയത് കാണാൻ നല്ല രസമാണ്. ഓർമകളെ പിറകിലോട്ട് കൊണ്ടു പോകുന്ന തികച്ചും പരമ്പരാഗതമായ ശൈലിയിലാണ് ഈ സ്റ്റാളുകളുടെ നിർമാണം. പഞ്ഞി മിഠായി മുതൽ തേൻമിഠായി വരെ ഇവിടെ ലഭ്യമാണ്. വിവിധ രാജ്യങ്ങളിലെ മധുരം നിറഞ്ഞ കേക്കുകളും സന്ദർശകർക്ക് പുതിയ അനുഭവം സമ്മാനിക്കുന്നതാണ്.
സൈബർ സിറ്റി സ്റ്റണ്ട് ഷോ
സ്റ്റണ്ട് ഗെയിമുകളിലെ കഥാപാത്രങ്ങൾ ഭൂമിയിലേക്ക് ഇറങ്ങി വന്ന പ്രതീതിയാണിവിടെ. വാഹനങ്ങളിലെ അഭ്യാസ പ്രകടനങ്ങൾ ശ്വാസമടക്കി മാത്രമേ കണ്ടു നിൽക്കാനാവൂ. കൃത്യമായ പരിശീലനം നേടിയ പ്രഫഷനലുകളിലാണ് ഇത് അവതരിപ്പിക്കുന്നത്. വളരെയധികം അപകട സാധ്യതയേറിയ പ്രകടനങ്ങൾ കാണികളെ അത്ഭുതപ്പെടുത്തുന്നതാണ്.
ബൈക്കിലും കാറിലും നടത്തുന്ന പ്രകടനങ്ങൾ കാണികളുടെ കയ്യടിയോടെയാണ് അവസാനിക്കാറ്. വാട്ടർ സ്കീയിങ്, റോപ്പ് വേയിലൂടെയുള്ള വിവിധ അഭ്യാസങ്ങൾ, ഉയരത്തിൽ നിന്ന് വെള്ളത്തിലേക്കുള്ള ചാട്ടം തുടങ്ങിയ പ്രകടനങ്ങൾ കമ്പ്യൂട്ടർ ഗെയിമുകളിൽ മാത്രമേ നമുക്ക് കാണാനാവൂ.
യുദ്ധ ടാങ്കറുകളെ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടെ സന്ദർശിക്കാം. കുട്ടികൾ മാത്രമല്ല, മുതിർന്നവരേയും ഒരു പോലെ പിടിച്ചിരുത്തുന്ന മികവാർത്ത പ്രകടനങ്ങളാണ് സൈബർ സിറ്റി സ്റ്റണ്ട് ഷോയിൽ അരങ്ങേറുന്നത്.
മിനി വേൾഡ്
ലോകത്തെ അത്ഭുത നിർമിതികളുടെ മിനിയേച്ചർ കൊണ്ട് തീർത്തിരിക്കുന്ന ലോകമാണിത്. പാരിസിലെ ഇഫൽ ടവർ മുതൽ അമേരിക്കയിലെ സ്റ്റാച്ച്വു ഓഫ് ലിബർട്ടി വരെ ഇവിടെയുണ്ട്. സ്പെയിനിലെ അൽ ഹംബ്ര പാലസ്, അമേരിക്കയിലെ കാപ്പിറ്റോൾ ബിൽഡിങ് തുടങ്ങി 25ഓളം അത്ഭുത നിർമിങ്ങളുടെ മിനിയേച്ചറുകൾ ഇവിടെ കാണാനാവും.
ഓരോന്നിന്റെ ചരിത്ര പശ്ചാത്തലവും രേഖപ്പെടുത്തിയിട്ടുണ്ട്. കൃത്യമായി പരിപാലിച്ചു കൊണ്ടാണ് ഓരോ നിർമിതിയും നിലനിർത്തിയിട്ടുള്ളത്. ലോക സഞ്ചാരത്തിനിടെ മാത്രം കാണാൻ ഭാഗ്യം ലഭിക്കുന്ന ഇത്തരം നിർമിതകളുടെ മുമ്പിൽ നിന്ന് സെൽഫിയെടുക്കുന്നവരുടെ എണ്ണവും വളരെ വലുതാണ്. ആകർഷകമായ പശ്ചാലത്തലത്തിലാണ് മിനി വേൾഡിന്റെ നിർമാണം.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ