ന്യൂഡൽഹി: അനുപ് ചന്ദ്ര പാണ്ഡെയുടെ വിരമിക്കലും അരുൺ ഗോയലിൻ്റെ അപ്രതീക്ഷിത രാജിയും മൂലമുണ്ടായ ഒഴിവുകളിലേക്ക് നിയമനം നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ. മാർച്ച് 15 നകം പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിച്ചേക്കുമെന്ന് ലഭിക്കുന്ന സൂചന. നിയമ മന്ത്രി അർജുൻ റാം മേഘ്‌വാളിൻ്റെ കീഴിൽ, ആഭ്യന്തര സെക്രട്ടറിയും പേഴ്‌സണൽ ആൻ്റ് ട്രെയിസ്റ്റ് സെക്രട്ടറിയും അടങ്ങുന്ന സെർച്ച് കമ്മിറ്റി രണ്ട് തസ്‌തികകളിലേക്കും അഞ്ച് പേരുകൾ വീതമുള്ള രണ്ട് പ്രത്യേക പാനലുകൾ തയ്യാറാക്കും.
പാനലിൽ നിന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ, ഒരു കേന്ദ്രമന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും അടങ്ങുന്ന സെലക്ഷൻ കമ്മിറ്റിയാണ് പുതിയ കമ്മീഷ്ണർമാരുടെ പേരുകൾ തെരഞ്ഞെടുക്കുനത്. സെലക്ഷൻ കമ്മിറ്റി കണ്ടെത്തുന്നവരെ രാഷ്‌ട്രപതി കമ്മീഷണർമാരായി നിയമിക്കും. മാർച്ച് 13നോ 14നോ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സെലക്ഷൻ കമ്മിറ്റി യോഗം ചേരുമെന്നും മാർച്ച് 15നകം നിയമനങ്ങൾ നടക്കാനിടയുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങല്‍ സൂചന നല്‍കി.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജവച്ചത്. 2027 വരെ കാലാവധിയുള്ളപ്പോഴാണ് അദ്ദേഹത്തിന്‍റെ തിടുക്കപ്പെട്ടുള്ള രാജി. മറ്റൊരു തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ചിരുന്നു. ഈ ഒഴിവും നികത്തിയിരുന്നില്ല. നിലവിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ രാജീവ് കുമാർ മാത്രമാണ് മൂന്ന് അംഗ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ശേഷിക്കുന്നത്.
അരുൺ ഗോയലിന്‍റെ രാജിക്ക് പിന്നിൽ വ്യക്തിപരമായ കാരങ്ങളാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം. ഗോയലും രാജീവ് കുമാറും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾ വൃത്തങ്ങൾ തള്ളി. 2027 വരെ കാലാവധിയുള്ളപ്പോഴാണ് ഗോയലിന്‍റെ തിടുക്കപ്പെട്ടുള്ള രാജി. അടുത്ത വർഷം ഫെബ്രുവരിയിൽ നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വിരമിച്ചാൽ പിൻഗാമിയായി ഗോയൽ നിയമിതനാകുമായിരുന്നു.
















