ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനം സംബന്ധിച്ച് കേന്ദ്രം വിശദീകരിക്കണമെന്ന് സിപിഎം പിബി. കമ്മീഷനില്‍ അവശേഷിക്കുന്നത് ഒരാള്‍ മാത്രമാണ്. കമ്മീഷന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാണ്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് എങ്ങനെ ഉറപ്പുവരുത്തും.
18-ാം ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ഈ സമയത്തുള്ള കമ്മീഷന്റെ രാജി കാര്യങ്ങള്‍ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. കമ്മീഷന്‍ നിയമനം സംബന്ധിച്ച പുതിയ നിയമം അനുസരിച്ച്,കമ്മീഷന്‍ രൂപീകരിക്കുന്നതിന്റെ മുഴുവന്‍ നിയന്ത്രണവും കേന്ദ്ര സര്‍ക്കാരിന്റെ കയ്യിലാണ്. ഈ അവസ്ഥ ആശങ്ക സൃഷ്ടിക്കുന്നതാണ്.
ഭരണഘടനാ പദവിയുടെ വിശ്വാസ്യതയ്ക്കും സ്വാതന്ത്രവും കളങ്കരഹിതവുമായി തെരഞ്ഞെടുപ്പ് നടത്താനുള്ള ശക്തി ഉറപ്പാക്കുന്നതിനും ഈ ഒരു പ്രശ്‌നം അഭിസംബോധന ചെയ്യേണ്ടതുണ്ട്.ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം ഉരുത്തിരിഞ്ഞത് എന്നുള്ളത് സംബന്ധിച്ച് കൃത്യമായ പത്രക്കുറിപ്പ് കേന്ദ്രംഇറക്കണമെന്നും പിബി പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, അനുപ് ചന്ദ്ര പാണ്ഡെയുടെ വിരമിക്കലും അരുൺ ഗോയലിൻ്റെ അപ്രതീക്ഷിത രാജിയും മൂലമുണ്ടായ ഒഴിവുകളിലേക്ക് മാർച്ച് 15 നകം പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിച്ചേക്കുമെന്ന് സൂചന. നിയമ മന്ത്രി അർജുൻ റാം മേഘ്‌വാളിൻ്റെ കീഴിൽ, ആഭ്യന്തര സെക്രട്ടറിയും പേഴ്‌സണൽ ആൻ്റ് ട്രെയിനിങ്ങ് സെക്രട്ടറിയും അടങ്ങുന്ന സെർച്ച് കമ്മിറ്റി രണ്ട് തസ്‌തികകളിലേക്കും അഞ്ച് പേരുകൾ വീതമുള്ള രണ്ട് പ്രത്യേക പാനലുകൾ തയ്യാറാക്കും.
പാനലിൽ നിന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ, ഒരു കേന്ദ്രമന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും അടങ്ങുന്ന സെലക്ഷൻ കമ്മിറ്റിയാകും രണ്ടുപേരെ തെരഞ്ഞെടുക്കുക. സെലക്ഷൻ കമ്മിറ്റി കണ്ടെത്തുന്നവരെ രാഷ്‌ട്രപതി കമ്മീഷണർമാരായി നിയമിക്കും.
















