സംസ്ഥാനത്തെ ടൂറിസം രംഗത്ത് വൻ കുതിച്ചു ചാട്ടം ഉണ്ടാകുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് കൊട്ടിഘോഷിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ തുടർച്ചയായി അപകടത്തിൽ പെടുന്നത് ആശങ്ക സൃഷ്ടിക്കുന്നു. മൂന്ന് മാസം മുൻപ് ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലുണ്ടായ അപകടത്തിന് പിന്നാലെയാണ് വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് അപകടത്തിൽപ്പെട്ടത്.
2023 ഒക്‌ടോബര്‍ 1 ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത ഫ്ലോട്ടിങ് ബ്രിഡ്ജ് നവംബർ 28ന് ഉച്ചയ്ക്കാണ് തകര്‍ന്നത്. ഏകദേശം ഒരു കോടി രൂപയായിരുന്നു ഇതിൻ്റെ ചെലവ്. സ്വകാര്യ കമ്പനിക്കായിരുന്നു നിർമ്മാണത്തിൻ്റെയും പരിപാലനത്തിൻ്റേയും കരാർ നൽകിയിരുന്നത്. അന്ന് തിരക്ക് കുറവായതിനാൽ വൻ അപകടമാണ് ഒഴിവായത്.
ബ്ലാങ്ങാട് ബീച്ച് കേരളത്തിലെ അപകടകരമായ ബീച്ചുകളിലൊന്നൊണെന്ന് നേരത്തെ അധികൃതർ റിപ്പോർട്ട് ചെയ്തിട്ടും വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ പാലിക്കാതെയാണ് ഇവിടെ ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമ്മിച്ചതും പ്രവർത്തിക്കുന്നതെന്നുമായിരുന്നു ആരോപണം.
ഉദ്ഘാടനം ചെയ്ത് എഴുപത്തിയാറാം ദിവസമാണ് വർക്കലയിലെ പാപനാശം ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നിരിക്കുന്നത്. അപകടത്തിൽപ്പെട്ട പതിനഞ്ചോളം പേരെയാണ് പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഡ്വഞ്ചർ ടൂറിസം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നിർമിച്ച ഏഴാമത്തേതും തിരുവനന്തപുരം ജില്ലയിലെ ആദ്യത്തേതുമായ ഫ്ലോട്ടിംഗ് ബ്രിഡ്ജ് 2023 ഡിസംബറിൽ ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തത്.
വര്‍ക്കലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്ന് അപകടം ഉണ്ടായതില്‍ ഗുരുതര വീഴ്ച സംഭവിച്ചതായിട്ടാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ. ബ്രിഡ്ജ് നിര്‍മ്മാണ ചട്ടങ്ങളും തീരദേശ പരിപാലന ചട്ടങ്ങളും പാലിക്കാതെയാണ് നിര്‍മ്മിച്ചത്. ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ നിര്‍മ്മാണത്തിന് കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റിന്റെ അനുമതി വാങ്ങിയില്ല എന്നും കണ്ടെത്തലുകളില്‍ പറയുന്നു.
തീരദേശത്ത് നടത്തുന്ന എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കേരള കോസ്റ്റല്‍ സോണിന്റെ (കെസിഇസഡ്എംഎ) അനുമതി വേണം. എന്നാല്‍ ഫ്ലോട്ടിംഗ് ബ്രിഡ്ജ് താത്കാലിക നിര്‍മ്മാണമായതിനാല്‍ അനുമതി വേണ്ടെന്നാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗൺസിലും (ഡിറ്റിപിസി) കേരള അഡ്വഞ്ചർ ടൂറിസവും നല്‍കുന്ന വിശദീകരണം. ഫ്ലോട്ടിംഗ് ബ്രിഡ്ജിന്‍റെ നടത്തിപ്പ് ഉത്തരവാദിത്തം കരാർ കമ്പനിക്കാണെന്ന് ഡിറ്റിപിസിയും സുരക്ഷാ ചുമതല നടത്തിപ്പ് കമ്പനിയുടേത് മാത്രമാണെന്ന് അഡ്വഞ്ചർ ടൂറിസവും വാദിച്ചു.
ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന വിവരങ്ങൾ പുറത്തു വന്ന പശ്ചാത്തലത്തിൽ വർക്കലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്ന് അപകടം ഉണ്ടായതിൽ ടൂറിസം സെക്രട്ടറി ഇന്ന് റിപ്പോർട്ട് നൽകിയേക്കും. അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ഇന്നലെ തന്നെ മന്ത്രി മുഹമ്മദ് റിയാസ് നിർദ്ദേശം നൽകിയിരുന്നു.