അബുദാബി/ദുബായ് ∙ ശക്തമായ കാറ്റിന്റെയും മിന്നലിന്റെയും അകമ്പടിയോടെ പെയ്ത മഴയിൽ യുഎഇയുടെ മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷം. വിമാന, ബസ്, ജലഗതാഗത സർവീസുകളെയും മഴ തകിടം മറിച്ചു. വാഹന ഗതാഗതവും മന്ദഗതിയിലാക്കി. മിക്ക റോഡുകളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഒട്ടേറെ വാഹനാപകടങ്ങൾ ഉണ്ടായെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ 13 വിമാനങ്ങൾ റദ്ദാക്കുകയോ സമീപ വിമാനത്താളത്തിലേക്ക് തിരിച്ചുവിടുകയോ ചെയ്തു. പുലർച്ചെ അബുദാബിയിൽനിന്ന് പുറപ്പെടേണ്ട വിമാനങ്ങളും വൈകിയാണ് സർവീസ് നടത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് തുടങ്ങിയ മഴ ഇന്നലെ പകൽ മുഴുവൻ നിന്നു പെയ്തു. രാത്രിയോടെ ശക്തി കുറഞ്ഞ മഴ ഇന്ന് ഉച്ചയോടെ പൂർണമായും മാറുമെന്നാണ് പ്രതീക്ഷ. അതിനിടെ, അതി തീവ്ര മഴയുടെയും കാറ്റിന്റെയും പശ്ചാത്തലത്തിൽ രാജ്യമെമ്പാടും ഇന്നു വൈകിട്ട് നാലു വരെ യെല്ലോ, ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. രാപകൽ തുടർന്ന മഴയിൽ ദുബായിലെ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. ഓഫിസുകളിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു.
ഇന്റർ സിറ്റി ബസ് റൂട്ടുകൾ ഓടിയില്ല. ഷാർജയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെയുള്ള വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജൈറ, അബുദാബി എന്നീ എമിറേറ്റുകളിലും അതി തീവ്രമഴയാണ് പെയ്തത്. റാസൽഖൈമയിലും ഫുജൈറയിലും ഇടിമിന്നലുമുണ്ടായി. വാരാന്ത്യ അവധിയായതിനാൽ ഇന്നലെ ഭൂരിഭാഗം ജനങ്ങളും വീടുകളിൽ തന്നെ കഴിഞ്ഞു.
മഴ ആസ്വദിക്കാൻ ഫ്ലാറ്റുകളുടെ താഴെ ഇറങ്ങിയതോഴിച്ചാൽ, റോഡുകളിൽ ജനത്തിരക്ക് കുറവായിരുന്നു. റാസൽഖൈമയിൽ അണക്കെട്ട് നിറഞ്ഞൊഴുകിയതിനെ തുടർന്ന് വാദി ഷൗഖയിലേക്കുള്ള റോഡ് പൂർണമായും അടച്ചു. എമിറേറ്റ്സ് റോഡിലേക്കു പ്രവേശിക്കുന്ന ഇന്റർചേഞ്ചിൽ റോഡ് ഇടിഞ്ഞതിനാൽ ഈ പ്രദേശത്തേക്കുള്ള ഗതാഗതം താൽക്കാലികമായി തടഞ്ഞു.
മുൻകരുതൽ ഫലിച്ചു; അപകടങ്ങൾ കുറഞ്ഞു
കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് എല്ലാ എമിറേറ്റുകളിലും ജാഗ്രതാ നിർദേശം നൽകിയിരുന്നു. സുരക്ഷാ മുൻകരുതൽ സ്വീകരിച്ചത് അപകടം കുറച്ചു. അത്യാവശ്യത്തിനു മാത്രമാണ് ജനം പുറത്തിറങ്ങിയത്. വാഹനവുമായി റോഡിൽ ഇറങ്ങിയവർക്ക് മണിക്കൂറുകൾ എടുത്താണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്താനായത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ