കുവൈത്ത് സിറ്റി∙ ‘കുവൈത്ത് സ്പോർട്സ് ഡേ’ യോട് അനുബന്ധിച്ച് പബ്ലിക് സ്പോർട്സ് അതോറിറ്റി ഷെയ്ഖ് ജാബർ ബ്രിഡ്ജിൽ സംഘടിപ്പിച്ച പരിപാടി പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ-സലേം അൽ-സബാഹിന്റെ നേതൃത്വത്തിൽ നടന്നു. വ്യായാമത്തിന്റെ ആവശ്യകതയെ കുറിച്ച് നാം ബോധവാന്മാരാവണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കുവൈത്ത് സ്പോർട്സ് ഡേയുടെ സമാരംഭത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന പൗരന്മാരുടെ പങ്കാളിത്തത്തെ അദ്ദേഹം അഭിനന്ദിച്ചു. അതോടൊപ്പം പബ്ലിക് സ്പോർട്സ് അതോറിറ്റിയെയും പരിപാടിയുടെ സംഘാടകരെയും പ്രധാനമന്ത്രി പ്രശംസിച്ചു.
സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തം വർധിപ്പിക്കുന്നതിനും മനുഷ്യന്റെ ആരോഗ്യത്തിനും കായികരംഗം നൽകുന്ന സംഭാവനകൾ വളരെ വലുതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ മത്സരങ്ങളിലും പ്രത്യേക പരിഗണന അർഹിക്കുന്ന വ്യക്തികളുടെ പങ്കാളിത്തം ശ്രദ്ധിച്ചതായും “ഇത് കുവൈത്ത് ജനതയുടെ ഉറച്ച ഇച്ഛാശക്തിയെയും ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള അവരുടെ നിശ്ചയദാർഢ്യത്തെയും സൂചിപ്പിക്കുന്നു,” എന്നും അദ്ധേഹം പറഞ്ഞു. ഈ ഉദ്യമത്തിൽ പങ്കാളികൾ ആയ എല്ലാവർക്കും അദ്ദേഹം ആശംസ നേർന്നു. ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാരും നയതന്ത്ര പ്രതിനിധികളും പൗരമാരും ‘കുവൈത്ത് സ്പോർട്സ് ഡേ’യോട് അനുബന്ധിച്ചുള്ള പരിപാടികളിൽ പങ്കാളികളായി. ഷെയ്ഖ് ജാബർ ബ്രിഡ്ജിൽ നടന്ന പരിപാടിയിൽ 1,400 വിദ്യാർഥികൾ ഉൾപ്പെടെ13,000 പേർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ