വര്‍ക്കല ബീച്ചിലെ ഫ്ളോട്ടിങ് ബ്രിഡ്ജിലുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ശക്തമായ തിരയില്‍ പെട്ട് ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകരുകയായിരുന്നു. ശക്തമായി തിരമാല വീണ്ടും അടിച്ചതോടെ ഫ്ളോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നവര്‍ കടലിലേക്ക് പതിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയില്‍പ്പെട്ടതോട കടലില്‍ വീണവര്‍ക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല. സുരക്ഷാ ജീവനക്കാര്‍ ഉടന്‍ തന്നെ കടലില്‍ വീണവരെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. 15 പേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.
ക്രിസ്മസ് പുതുവത്സര സമ്മാനമായാണ് വര്‍ക്കലയില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് തുറന്നത്. കേരളത്തില്‍ വാട്ടര്‍ സ്പോര്‍ട്സിന്റെ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ബീച്ചുകളുള്ള എല്ലാ ജില്ലയിലും ഫ്ളോട്ടിങ് ബ്രിഡ്ജുകള്‍ നിര്‍മ്മിക്കാനും തീരുമാനിച്ചിരുന്നു. ബീച്ച് ടൂറിസം കേരളത്തില്‍ വ്യാപിപ്പിക്കാനായിരുന്നു തീരുമാനം. വാട്ടര്‍ സ്പോര്‍ട്സിനായി ഗോവയേയും തായ്ലന്‍ഡിനേയും ഒക്കെ ആശ്രയിക്കുന്ന മലയാളികള്‍ക്ക് സ്വന്തം നാട്ടില്‍ ഇത്തരം സാധ്യതകളെ പ്രയോജനപ്പെടുത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. വാട്ടര്‍ സ്പോര്‍ട്സ് സാധാരണക്കാര്‍ക്കും പ്രാപ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പറഞ്ഞിരുന്നത്.
വിനോദ സഞ്ചാര വകുപ്പിന്റെയും കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന് സൊസൈറ്റിയുടെയും വര്‍ക്കല മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ തിരുവനന്തപുരം ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലാണ് ഫ്ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്. 100 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമാണ് ഫ്ളോട്ടിങ് ബ്രിഡ്ജിനുള്ളത്. പാലത്തിന്റെ അവസാന ഭാഗത്ത് 11 മീറ്റര്‍ നീളത്തിലും ഏഴ് മീറ്റര്‍ വീതിയിലുമായി കാഴ്ചകള്‍ ആസ്വദിക്കാന്‍ പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട്. ഒരേസമയം മുന്നൂറ് ആളുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷി പാലത്തിനുണ്ട്.
രാവിലെ 11 മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് പ്രവര്‍ത്തന സമയം. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷാ ബോട്ടുകള്‍, ലൈഫ് ജാക്കറ്റുകള്‍, ലൈഫ് ഗാര്‍ഡുകള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ സേവനവും ഉണ്ടായിരുന്നു. 1,400 ഓളം ഉന്നത നിലവാരമുള്ള പ്ലാസ്റ്റിക് ബ്ലോക്കുകള്‍ ചേര്‍ത്ത് ഉറപ്പിച്ചാണ് കടലില്‍ പൊങ്ങിക്കിടക്കുന്ന പാലം നിര്‍മ്മിച്ചിരിക്കുന്നത്. വാട്ടര്‍ സ്പോര്‍ട്സിന്റെ ഭാഗമായി ബനാന ബോട്ട്, ജെറ്റ്സ്കി, സ്പീഡ് ബോട്ട്, ജെറ്റ് അറ്റാക്ക്, എ.റ്റി.വി എന്നിവയും വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. 120 രൂപയാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവേശനത്തിനുള്ള നിരക്ക്. 20 മിനിറ്റ് പാലത്തില്‍ ചെലവഴിക്കാം.