ധൈര്യമുണ്ടോ തടയാന്‍ ?, മത്സ്യ മാഫിയ ട്രെയിനിലും: ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം എവിടെ നിന്നും എത്തുന്നു ? ; അറിയണോ നിങ്ങള്‍ക്ക് (എക്‌സ്‌ക്ലൂസീവ്)

കെമിക്കലുകളില്‍ മാസങ്ങളോളം സൂക്ഷിച്ചുവെച്ച ശേഷം കേരളത്തിലേക്കെത്തിക്കുന്ന മത്സ്യങ്ങളുടെ ഒഴുക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്. മത്സ്യം എത്തിക്കാന്‍ എല്ലാ വഴികളും മത്സ്യ മാഫിയകള്‍ സ്വീകരിക്കുന്നുണ്ട്. റോഡിലൂടെയും ബോട്ടുകളിലും, ട്രെയിന്‍ മാര്‍ഗവുമൊക്കെ മത്സ്യങ്ങള്‍ എത്തിക്കുന്നുണ്ട്. ട്രെയിനുകള്‍ മത്സ്യം എത്തിക്കുന്നതിന് കൂടുതല്‍ ഗുണമാണെന്നു കണ്ട് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രശ്‌നം. ശീതീകരണ സംവിധാനങ്ങളില്ലാതെ ഒരു ദിവസത്തിലേറെ ട്രെയിനുകളിലെ ലഗ്ഗേജ് ബോഗികളില്‍ എത്തുന്ന മത്സ്യം പ്രധാനമായും നീണ്ടകര, തങ്കശ്ശേരി, വാടി, വിഴിഞ്ഞം, ബേപ്പൂര്‍ പോലുള്ള കേരളത്തിലെ മത്സ്യ ഹാര്‍ബറുകളിലാണ് എത്തുന്നത്. 

കേരളത്തില്‍ നിന്ന് പിടിച്ച മത്സ്യമെന്ന ലേബലിലാണ് പിന്നീട് ഇവ കേരളത്തിലെ വിവിധ ജില്ലകളിലെ മാര്‍ക്കറ്റുകള്‍ വഴി വിറ്റഴിക്കുന്നത്. വലിയ അളവില്‍ ഫോര്‍മാലിന്‍ ഉപയോഗിച്ചാണ് കേട് വരാതെ, ശീതീകരണ സംവിധാനം പോലുമില്ലാത്ത ബോഗികളില്‍ മത്സ്യം കയറ്റുന്നത്. തെര്‍മോക്കോള്‍ ബോക്‌സുകളില്‍ പേരിന് മാത്രം ഐസ് നിറച്ച് മീനുകള്‍ കേരളത്തിലെത്തിലേക്ക് കയറ്റി വിടുന്നത് പരിശോധനകള്‍ ഒന്നുമില്ലാതെ എത്തിക്കാനാവും എന്നതു കൊണ്ടാണ്. സുരക്ഷിതമല്ലാത്ത പാക്കിംഗുകളിലൂടെ ഒഴുകിയൊലിക്കുന്ന ദ്രാവകത്തില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധം യാത്രക്കാരില്‍ പലര്‍ക്കും ദേഹസ്വാസ്ഥ്യം ഉണ്ടാക്കുന്നതായും പരാതിയുണ്ട്. 

അതില്‍ നിന്നും മത്സ്യങ്ങളില്‍ ഉപയോഗിക്കുന്ന കെമിക്കലുകളുടെ തീവ്രത മനസ്സിലാക്കാനാവും. റെയില്‍വേ സ്റ്റേഷനുകളില്‍ കേരള സര്‍ക്കാരിന്റെ ഭക്ഷ്യവകുപ്പ് ജീവനക്കാര്‍ക്ക് പരിശോധന നടത്താനുള്ള പരിമിതികളെ മത്സ്യ മാഫിയകള്‍ മുതലെടുക്കുകയാണ് ചെയ്യുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്ന മത്സ്യം പരിശോധിക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് അധികാരമുണ്ട്. പക്ഷെ, പരിശോധനകള്‍ കര്‍ശനമല്ല എന്നതാണ് വസ്തുത. കരള്‍, കിഡ്‌നി സംബന്ധമായ മാരക അസുഖങ്ങളിലേയ്ക്ക് വഴിവെയ്ക്കുന്ന കെമിക്കലുകളാണ് മത്സ്യം കേടുവരാതിരിക്കാന്‍ മത്സ്യ മാഫിയകള്‍ ഉപയോഗിക്കുന്നത്. ഈ വിഷം ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ശ്രദ്ധയിലും എത്തിയിട്ടുണ്ടെങ്കിലും നടപടി എടുക്കാന്‍ വൈകുന്നു. 

സംസ്ഥാന സര്‍ക്കാരും റെയില്‍വേയും സംയുക്തമായി പരിശോധന കര്‍ശനമാക്കിയാലേ ഇത് പൂര്‍ണ്ണമായും തടയാന്‍ സാധിക്കൂ. നേരത്തെ, സുനാമി ഇറച്ചികളുടെ വ്യാപകമായ ഇറക്കുമതി കേരളം കണ്ടെത്തി നിരോധിച്ചിരുന്നു. പരശുറാം, ശബരി, അനനന്തപുരി, അമൃത എക്‌സ്പ്രസ്സുകളില്‍ ദിവസവും നിരവധി പെട്ടികളിലായി മത്സ്യം കേരളത്തില്‍ എത്തുന്നുണ്ട്. കൈപ്പറ്റുന്നവരുടെ വിവരങ്ങള്‍ പോലും പെട്ടികളില്‍ അവ്യക്തമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ധാരാളം കായല്‍, കടല്‍ മത്സ്യസമ്പത്തുള്ള കേരളത്തിലേയ്ക്ക് മൂന്നും നാലും ദിവസങ്ങളോളം ട്രെയിനുകളില്‍ ശീതീകരിക്കാതെ എത്തുന്ന മത്സ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരോഗ് വിദഗ്ദ്ധരും പറയുന്നുണ്ട്. 

ട്രെയിന്‍ യാത്രക്കാരുടെ സംഘടനയാ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍ ഇതിനെതിരേ റെയില്‍വേക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം 2022ല്‍ മീനില്‍ ഫോര്‍മാല്‍ഡിഹൈഡ് എന്ന രാസവസ്തുവിന്റെ സാന്നിധ്യത്തിന് അളവ് നിശ്ചയിച്ച് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയന്ത്രണ അധികൃതര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഫോര്‍മാല്‍ഡിഹൈഡിന്റെ നേര്‍പ്പിച്ച രൂപമായ ഫോര്‍മാലിന്‍ ചേര്‍ക്കാന്‍ അനുമതിയില്ലെങ്കിലും മീനില്‍ സ്വാഭാവികമായി ഫോര്‍മാല്‍ഡിഹൈഡ് രൂപപ്പെടുന്നുണ്ട്. ഇത് ഒരു പരിധിയില്‍ കൂടുതല്‍ ഉണ്ടാവില്ല. അതില്‍ക്കൂടുതല്‍ ഫോര്‍മാലിന്‍ കണ്ടെത്തിയാല്‍ അത് മീന്‍ കേടാവാതിരിക്കാന്‍ കൃത്രിമമായി ചേര്‍ത്തതാണെന്ന് അനുമാനിക്കാം. ഫോര്‍മാലിന്‍ ചേര്‍ക്കുന്നത് തടയാനാണ് പരിധി നിശ്ചയിച്ചത്.

വിവിധവിഭാഗം മീനുകളില്‍ ഫോര്‍മാലിന്റെ സാന്നിധ്യത്തിന് പ്രത്യേകം അളവ് നിശ്ചയിച്ചിട്ടുണ്ട്. പരിശോധനകളില്‍ ഈ മാനദണ്ഡം പാലിക്കാന്‍ കേന്ദ്ര ഭക്ഷ്യസുരക്ഷാവിഭാഗം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. കടല്‍മത്സ്യങ്ങളും ശുദ്ധജലമത്സ്യങ്ങളും ഉള്‍പ്പെടുന്ന വിഭാഗത്തില്‍ കിലോയ്ക്ക് നാലു മില്ലിഗ്രാമാണ് ഫോര്‍മാല്‍ഡിഹൈഡ് പരിധി. വിപണിയിലെ പ്രധാന മത്സ്യങ്ങളെല്ലാം ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടും. ഇതില്‍പ്പെടാത്ത മത്സ്യങ്ങള്‍ അടുത്ത വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കിലോയ്ക്ക് എട്ട് മില്ലിഗ്രാം ഫോര്‍മാല്‍ഡിഹൈഡ് പരമാവധി ആകാമെന്നും നിശ്ചയിച്ചിട്ടുണ്ട്. 

മത്സ്യ ഉത്പന്നങ്ങളില്‍ ഒരു മില്ലിഗ്രാമിനെക്കാള്‍ കൂടിയ സാന്നിധ്യം ഉണ്ടാകരുതെന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, ഈ നിര്‍ദ്ദേശങ്ങളെല്ലാം ആരാണ് പാലിക്കുന്നത്. ആരാണ് ഓഡിറ്റ് ചെയ്യാന്‍ തയ്യാറാകുന്നത്. അങ്ങനെയൊരു നിര്‍ദ്ദേശം നടപ്പാക്കാനോ, പരിശോധിക്കാനോ ആരുമില്ലെന്ന ധൈര്യത്തിലാണ് ട്രെയിന്‍ വഴിയുള്ള മത്സ്യക്കടത്ത് നിര്‍ബാധം നടക്കുന്നത്. 

* എന്താണ് ഫോര്‍മാലിന്‍ 

ഫൊര്‍മാല്‍ഡിഹൈഡ് എന്ന രാസവസ്തുവില്‍ 35 മുതല്‍ 40 ശതമാനം വെള്ളം ചേര്‍ത്ത ലായനിയാണ് ഫോര്‍മാലിന്‍. അണുനാശിനിയും കോശകലകള്‍ക്ക് കട്ടികൂട്ടുന്നതുമായ രാസവസ്തുവാണിത്. മൃതദേഹം കേടാകാതിരിക്കാന്‍ ഇത് ഉപയോഗിക്കും. വിവിധ ശരീര ഭാഗങ്ങള്‍ പത്തോളജി പരിശോധനയ്ക്കായി അയയ്ക്കുന്നത് 10 ശതമാനം വീര്യമുള്ള ഫോര്‍മാലിന്‍ ലായനിയിലാണ്. ഈ ലായനിയില്‍ ആറ്മാസത്തില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കേടു കൂടാതെ സൂക്ഷിക്കാന്‍ കഴിയും.

മൃതദേഹം എംബാം ചെയ്യാന്‍ ഉപയോഗിക്കുന്നതും ഫോര്‍മാലിനാണ്. കഴിക്കുന്ന മീനിനൊപ്പം ഫോര്‍മാലിന്‍ ശരീരത്തിനുള്ളില്‍ എത്തിയാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. ഫോര്‍മാലിന്‍ കഴിക്കാന്‍ പാടില്ല. അത് ചെറിയ അളവിലാണെങ്കില്‍ക്കൂടി ശരീരത്തിനുള്ളില്‍ എത്തിയാല്‍ വിഷമായി പ്രവര്‍ത്തിക്കും. ക്യാന്‍സര്‍ പോലുള്ള മാരകമായ അസുഖങ്ങള്‍ ഉണ്ടവുകയും ചെയ്യും. 

Read more ….

Latest News