പാലക്കാട് ജില്ലയിലെ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ബിജുകുമാര്‍ ബിജെപിയില്‍ ചേര്‍ന്നെന്ന തരത്തിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പല തരത്തിലുള്ള അസ്വാരസ്യങ്ങള്‍ കാരണം രാഷ്ട്രീയ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് എതിര്‍പാര്‍ട്ടിയില്‍ ചേരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരാറുണ്ട്. എന്നാലും ഈ ചേക്കേറലിനു പിന്നിലെ സത്യാവസ്ഥ പരിശോധിക്കാം.
പാലക്കാട്ടെ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് മെമ്പറും ആയ ബിജു കുമാര്‍ ബിജെപി യില്‍ ചേർന്നു എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്…
പാലക്കാട് ജില്ലാ പഞ്ചായത്തില്‍ സിപിഎം പ്രതിനിധിയായ അംഗം ഇങ്ങനെയൊരു ചേക്കേറാൻ നടത്തിയിട്ടുണ്ടെങ്കിൽ അത് തീർച്ചയായും വാര്‍ത്തയാകേണ്ടതാണ്. എന്നാല്‍ ഇതുസംബന്ധിച്ച വാർത്തകളോ റിപ്പോർട്ടുകളോ ഔദ്യോഗിക മാധ്യമങ്ങളിൽ എവിടെയും വന്നിട്ടില്ല.
പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ ഫെബ്രുവരി 13ന് അദ്ദേഹത്തിന്റെ ഫേയ്സ്ബുക്ക് പേജില്‍ ഇതേ ചിത്രം പങ്കുവെച്ചിട്ടുള്ളതായി കാണാം. മറ്റ് നാല് ചിത്രങ്ങൾ കൂടി വൈറൽ ചിത്രത്തിനൊപ്പമുണ്ട്.
അതിൽ പറഞ്ഞിരിക്കുന്നത് പ്രകാരം കാര്യങ്ങൾ ഇങ്ങനെയാണ്- ഖത്തറിൽ നിന്ന് ജയിൽ മോചിതനായ രാകേഷിനെ പ്രകാശ് ജാവദേകർജിയോടൊപ്പം വീട്ടിലെത്തി സന്ദർശിച്ചു. ശ്രീ വി. വി. രാജേഷും സന്നിഹിതനായിരുന്നു. #ModiyudeGuarantee എന്ന കുറിപ്പിനൊപ്പമാണ് കെ. സുരേന്ദ്രൻ ചിത്രം പങ്ക് വച്ചിരിക്കുന്നത്.
ഖത്തറിൽ തടവിലായിരുന്ന എട്ട് ഇന്ത്യക്കാരെ കേന്ദ്രസർക്കാരിന്റെ ഇടപെടലിലൂടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അൽതാനിയുടെ നിർദേശം അനുസരിച്ച് മോചിപ്പിച്ചു എന്ന വാർത്ത പുറത്തുവന്നിരുന്നു. ഇന്ത്യൻ നാവിക സേനയിൽനിന്നും വിരമിച്ചശേഷം ദോഹയിലെ സൈനിക പരിശീലന കമ്പനിയിൽ പ്രവർത്തിച്ചിരുന്ന 8 പേരും ഇസ്രയേലിനു വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ 2022 ഓഗസ്റ്റിലാണ് അറസ്റ്റിലായത്. . ഇവരുടെ വധശിക്ഷ ഡിസംബറിൽ ഇളവു ചെയ്തിരുന്നു.
ഇനി ഇവിടെ മറ്റൊരു സംഗതി കൂടിയുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്തംഗമായ ബിജുകുമാറിനെപ്പറ്റി നടത്തിയ അന്വേഷണത്തിൽ ഇങ്ങനെയൊരു പേരിൽ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ഒരു വ്യക്തി പാലക്കാട് ജില്ലാ പഞ്ചായത്തില്‍ ഇല്ലെന്നാണ് ലഭ്യമാകുന്ന വിവരം.
ഈ വിവരങ്ങളിൽ നിന്നും ബിജെപിയിൽ ചേർന്ന സിപിഎം നേതാവിന്റേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്നും ഇന്ത്യയുടെ നയതന്ത്ര ഇടപെടലിൽ വധശിക്ഷയിൽ നിന്നൊഴിവായി ഖത്തറിൽ നിന്ന് ജയിൽ മോചിതനായ മുന്‍ ഇന്ത്യന്‍ നാവികൻ രാകേഷ് ഗോപകുമാറിനെ ബിജെപി നേതാക്കള്‍ സന്ദര്‍ശിക്കുന്ന ചിത്രമാണ് തെറ്റായി പ്രചരിക്കുന്നതെന്നും വ്യക്തമാകും.
Read More…APP Aneeshya Death: അനീഷ്യക്ക് മരണാനന്തരമെങ്കിലും നീതി ലഭിക്കണം