തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി യുടെ തിരുവനന്തപുരം കേന്ദ്രത്തിൽ അന്തരാഷ്ട്ര വനിതാ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഐക്യ രാഷ്ട്ര സഭയുടെ ‘സ്ത്രീകളിൽ നിക്ഷേപിക്കുക, പുരോഗതി ത്വരിതപ്പെടുത്തുക’ എന്ന വനിതാദിന ആശയത്തോട് ചേർന്ന് നിന്ന വൈവിധ്യമാർന്ന പരിപാടികളാണ് യു എസ് ടി യുടെ തിരുവനന്തപുരം കേന്ദ്രത്തിൽ സംഘടിപ്പിച്ചത്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ, വനിതാ സംരംഭക ഷീല ജെയിംസ്, ദേശീയ അവാർഡ് ജേതാവും പ്രോജക്ട് വിഷൻ്റെ കേരള അംബാസഡറുമായ ഫാത്തിമ അൻഷി എന്നിവർ മുഖ്യാതിഥികളായി. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സ്ത്രീകൾ എങ്ങനെ സ്വയം നിക്ഷേപിക്കുകയും സ്വയം വിശ്വസിക്കുകയും ചെയ്യണമെന്നതിനെക്കുറിച്ചും കിരൺ നാരായണൻ സംസാരിച്ചപ്പോൾ, തൻ്റെ സംരംഭക യാത്രയെക്കുറിച്ചും, ആ യാത്രയിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ഷീല ജെയിംസ് പറഞ്ഞു. വൈകല്യം ബുദ്ധിമുട്ടായിട്ടും മുന്നോട്ടു പോകാൻ കഴിഞ്ഞ തൻ്റെ വിജയകഥ ഫാത്തിമ അൻഷി വിവരിച്ചു.
സംഘ നൃത്തം, സംഗീത പരിപാടികൾ തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. 2023-ലെ ഇൻസ്പയറിംഗ് വിമൻ പുരസ്കാരങ്ങളും ആഘോഷങ്ങളുടെ ഭാഗമായി സമ്മാനിച്ചു. മികച്ച നേതൃഗുണമുള്ള വ്യക്തിക്കുള്ള ഇൻസ്പയറിംഗ് ലീഡർഷിപ്പ് അവാർഡ്, ഏറ്റവും പ്രചോദനം നൽകുന്ന വ്യക്തിക്കുള്ള ഇൻസ്പയറിംഗ് പേഴ്സണാലിറ്റി അവാർഡ്; ഡിജിറ്റൽ മേഖലയിലെ മികച്ച സംഭാവനകൾ നൽകിയ വ്യക്തിക്കുള്ള ഡിജിറ്റൽ വേ അവാർഡ്; സാമൂഹിക ഉന്നമനത്തിനുള്ള മികച്ച സംഭാവന നൽകിയ വ്യക്തിക്കുള്ള സോഷ്യൽ കോസ് അവാർഡ് എന്നീ പുരസ്കാരങ്ങളാണ് സമ്മാനിച്ചത്.
യുഎസ് ടിയിലെ 30-ഓളം വനിതാ ജീവനക്കാർക്കാണ് അവാർഡുകൾ വിതരണം ചെയ്തത്. ഇതു കൂടാതെ കലാ-സാഹിത്യ മത്സരങ്ങളും ആഘോഷത്തിൻ്റെ ഭാഗമായി. ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ കവിതാ രചന, ചെറുകഥാ രചന, ലേഖന രചന എന്നിവ കൂടാതെ ചിത്ര രചന, പെൻസിൽ സ്കെച്ച് തുടങ്ങിയ മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി.
“തുടക്കകാലം മുതൽക്കു തന്നെ ലിംഗ ഭേദമില്ലാതെ ഏവർക്കും തുല്യ അവസരങ്ങൾ നൽകിയുള്ള പ്രവർത്തനങ്ങളോട് ചേർന്ന് നിൽക്കുന്ന തരത്തിലാണ് യു എസ് ടി വനിതാ ദിനം ആഘോഷിക്കുന്നത്. തുല്യതയിലും സമത്വത്തിലും ഞങ്ങൾ വിശ്വാസമർപ്പിക്കുന്നു. കമ്പനിയുടെ വളർച്ചയിൽ തങ്ങൾ ഒരു അവിഭാജ്യ ഘടകമാണെന്ന് യു എസ് ടി യുടെ വനിതാ ജീവനക്കാർ സംശയാതീതമായി തെളിയിച്ചിട്ടുണ്ട്. ‘സ്ത്രീകളിൽ നിക്ഷേപിക്കുക, പുരോഗതി ത്വരിതപ്പെടുത്തുക’ എന്ന ഐക്യ രാഷ്ട്ര സഭയുടെ ആശയത്തോടു ചേർന്നാണ് യുഎസ്ടിയിലെ പ്രവർത്തനങ്ങൾ എന്നതിൽ ഞങ്ങൾ കൃതാർത്ഥരാണ്,” യുഎസ്ടി തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ മേനോൻ പറഞ്ഞു.
സ്റ്റേജ് പരിപാടികൾ, പാനൽ ചർച്ചകൾ, ഗ്രൂമിംഗ് സെഷനുകൾ, വനിതാ സംരംഭകരുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനം, വിൽപ്പന എന്നിവയുൾപ്പെടെ വിപുലമായ രീതിയിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. യുഎസ് ടി സീനിയർ സൊല്യൂഷൻ ആർക്കിടെക്റ്റ് രേഷ്നി കൊച്ചുണ്ണി; അഭിഭാഷകയും ബാങ്കറും, പ്രൊഫഷണൽ ഗ്രൂമർ, സ്റ്റൈലിസ്റ്റ്, ഫാഷൻ കൊറിയോഗ്രാഫർ എന്നീ നിലകളിൽ അറിയപ്പെടുന്ന ഉഷാ രാജേഷ്; യംഗ് ഇന്ത്യൻസ് ട്രിവാൻഡ്രം ചാപ്റ്ററിൻ്റെ സഹ ചെയർമാനും ടൈംട്രോണിക് മാനേജ്മെൻ്റ് കൺസൾട്ടൻ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒയുമായ ശങ്കരി ഉണ്ണിത്താൻ; എന്നിവർ കമ്പനിയിലെ ജീവനക്കാരെ അഭിസംബോധന ചെയ്തു സംസാരിച്ചു.
Read more ….
- കോൺഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക രാത്രിയോടെ പ്രഖ്യാപിക്കും:മാങ്കൂട്ടത്തിലിനെയും പരിഗണിച്ച് ആലപ്പുഴ
- കാട്ടാന ആക്രമണത്തില്‍ രണ്ട് മരണം കൂടി, രോഷാകുലരായി നാട്ടുകാര്‍
- ‘ചാലക്കുടി ബിഡിജെഎസിന് തന്നെ’; മറിച്ചൊരു ചര്‍ച്ച ഉണ്ടായിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി
- സുധ മൂർത്തി രാജ്യസഭയിലേക്ക്; രാഷ്ട്രപതിയുടെ തീരുമാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി
- വിവാഹത്തിനു മണിക്കൂറുകൾ മുൻപ് ജിം ഉടമ കുത്തേറ്റു മരിച്ചു; പിതാവ് അറസ്റ്റിൽ
‘സ്ത്രീകളിൽ നിക്ഷേപിക്കുക, പുരോഗതി ത്വരിതപ്പെടുത്തുക’ എന്ന വിഷയത്തിൽ പാനൽ ചർച്ചയും സംഘടിപ്പിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ആദ്യ വനിതാ-നിർമ്മിത ഉപഗ്രഹമായ വീസാറ്റ് രൂപപ്പെടുത്താനായി 30 വിദ്യാർത്ഥികളുടെ വനിതാ സംഘത്തെ നയിച്ച അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ലിസി എബ്രഹാം; റെവിരി ഗ്ലോബൽ സിഇഒയും, വിമൻ ഇൻക്ലൂസിവ് ഇൻ ടെക്നോളജി – ടെക്നോപാർക്ക് ചാപ്റ്റർ പ്രസിഡന്റുമായ ടീന ജെയിംസ്, വിഎസ്എസ് സി അഡ്വാൻസ്ഡ് വീഡിയോ ഇമേജിംഗ് വിഭാഗം മേധാവി ശുഭ വാര്യർ, യുഎസ് ടി എച്ച്ആർ ഷെയേഡ് സർവീസസ്, എച്ച്ആർ ബെനിഫിറ്റ്സ് ആൻഡ് എച്ച്ആർ ഓപ്പറേഷൻസ് ഗ്രൂപ്പ് മാനേജർ വിജയ് രാമൻ, യു.എസ്.ടി.യുടെ മാനുഫാക്ചറിംഗ് – വെർട്ടിക്കൽ ഇൻഡസ്ട്രി മേധാവി രമ്യ കണ്ണൻ എന്നിവർ പാനലിസ്റ്റുകളായിരുന്നു. സാമൂഹിക ഉന്നമനത്തിനായി പ്രവർത്തിക്കുന്ന യു എസ് ടി യിൽനിന്നും അല്ലാതെയുമുള്ള വനിതാ സംരംഭകരുടെയും ഉത്പന്നങ്ങൾ പ്രദർശിപ്പിച്ച സ്റ്റാളുകളും ആഘോഷങ്ങളുടെ ഭാഗമായി.