കെ.എസ്.ആര്.ടി.സിയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ മരിക്കുമ്പോള്‍, അവരുടെ കൂടെ ജോലി ചെയ്യുന്നവരുടെ ഫേസ്ബുക്ക് അക്കൗണ്ടിലും വാട്സാപ്പ് ഗ്രൂപ്പുകളിലും ആദരാഞ്ജലി പോസ്റ്റുകളും ഒരു ഫോട്ടോയും പ്രത്യക്ഷപ്പെടും. കൂടെ ജോലി ചെയ്തിരുന്നവന്റെ മരണത്തില്‍ ദുഖിക്കുന്ന കുറേ തൊഴിലാളികളുടെ വേദനകളും വിഷമങ്ങളും പരസ്പരം പങ്കുവെയ്ക്കും. ശേഷം, മരണത്തിലേക്കുള്ള അടുത്ത ഊഴവും കാത്ത് ജോലിയിലേക്ക് വ്യാപൃതരാകും. ഓരോ കെ.എസ്.ആര്.ടി.സി തൊഴിലാളിയുടെയും മരണമാണ് അവരുടെ ജോലിയുടെയും അവസാനം.
ഇത്രയും ജീവനക്കാര്‍ ജോലിയില്‍ ഇരിക്കുമ്പോള്‍ത്തന്നെ മരണപ്പെടുന്ന മറ്റൊരു സ്ഥാപനം കേരളത്തില്‍ ഇല്ല എന്നതാണ് സത്യം. 2022 മുതല്‍ ഇതുവരെ, അതായത് 2024 മാര്‍ച്ചു വരെ കെ.എസ്.ആര്.ടി.സിയില്‍ മരണപ്പെട്ടത് 91 പേരാണ്. ഇവര്‍ മരിച്ചതല്ല, കെ.എസ്.ആര്.ടി.സി എന്ന സ്ഥാപനം കൊന്നതാണ്. രക്തസാക്ഷികളാതെ പോയ ആ 91 പേരെയോര്ത്ത് ദുഖിക്കുന്നത് തൊഴിലാളികളും, മരണപ്പെട്ടവരുടെ കുടുംബങ്ങളും മാത്രമാണ്. കെ.എസ്.ആര്.ടി.സിയെ നിലനിര്‍ത്താന്‍ രാപ്പകലില്ലാതെ ചോരയും നീരും വറ്റിച്ച് വലിയ രോഗികളായി ചികിത്സിക്കാനോ, ഭക്ഷണത്തിനോ വകയില്ലാതെ മരണത്തിലേക്ക് വീണുപോയവരാണവര്.
അവരെയോര്‍ത്ത് വിലപിക്കാന്‍ പോലും നില്‍ക്കാതെ സ്റ്റിയറിംഗും ബെല്ലുമടിച്ച് മരണത്തിന്റെ അടുത്ത ഇരയെന്ന ലേബലൊട്ടിച്ച് ഓടുകയാണ് ഓരോ തൊഴിലളികളും. മന്ത്രി ഗണേശ് കുമാറും മാനേജ്മെന്റും ഇതു മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. അല്ലാതെ, കെ.എസ്.ആര്.ടി.സി നഷ്ടത്തിലാണ്, അത് ലാഭത്തിലാക്കണം എന്ന ഒറ്റച്ചിന്തയില്‍ കാര്യങ്ങളെ കണ്ടാല്‍ ജീവനക്കാരെ കൊന്നെടുക്കാനേ ഉതകൂ. രണ്ടു വര്‍ഷത്തിനുള്ളില്‍ മരണപ്പെട്ടവരും, ആത്മഹത്യ ചെയ്തവരും കെ.എസ്.ആര്.ടി.സിയില്‍ നിന്നുള്ള ശമ്പളം കിട്ടാത്തതിന്റെ മനോവിഷമത്തിലായിരുന്നുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
ഓടുന്ന വണ്ടികളില്‍ നേരവും കാലവും നോക്കാതെ വളയം പിടിച്ചവരും വിശ്രമമില്ലാതെ ജോലി ചെയ്തവരുമാണ് മരണത്തിന് കീഴടങ്ങിയവരില്‍ അധികവും. ഒരാളുടേയും പേരെടുത്തു പറയാനാകില്ല. പക്ഷെ, മരണപ്പെട്ടവരുടെ കുറച്ചു പേരുടെ ചിത്രങ്ങള്‍ മാത്രം ഇതില്‍ ഉള്‍പ്പെടുത്താം. മന്ത്രിയും മന്ത്രി മന്ദിരങ്ങളില്‍ മന്ത്രിക്ക് ഉപദേശം നല്‍കുന്നവരും ഇതറിയുകയാണ് വേണ്ടത്. എന്തുകൊണ്ടാണ് കെ.എസ്.ആര്.ടി.സിയില്‍ മാത്രം ഇത്രയും ജീവനക്കാര്‍ രോഗം പിടിപെട്ട് മരിക്കുന്നതെന്ന്.
അവര്‍ക്ക് മാനസിക പിരിമുറുക്കം കൂടുതലാണോ. അവര്‍ ശാരീരിക പ്രശ്നങ്ങള്‍ ഉള്ളവരാണോ. അവര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ. അതുകൊണ്ട് എന്തെങ്കിലും പ്രയോജനം ലഭിക്കുന്നുണ്ടോ. കൃത്യമായ ഇടവേളകളില്‍ ചെക്കപ്പ് നടത്തിക്കുന്നുണ്ടോ ഇങ്ങനെയുള്ള കാര്യങ്ങളില്‍ മാനേജ്മെന്റ് എന്തു നടപടിയാണ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം, ജീവനക്കാരുടെ മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നതിന് ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നു. അതത് ഡിപ്പോകളിലെ ഉദ്യോഗസ്ഥര്‍ രോഗികളായ ജീവനക്കാരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ നിര്‍ദേശിച്ചിരുന്നു. 13നാണ് മെഡിക്കല്‍ ചെക്കപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇത്തരം മെഡിക്കല്‍ ചെക്കപ്പുകള്‍ പേരിനു മാത്രം നടത്തിയതു കൊണ്ട് കാര്യമില്ല. ബസ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും പ്രത്യേകം ചികിത്സാ സൗകര്യം ഒരുക്കേണ്ടത് അത്യാവശ്യമാണ്. കാരണം, കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ മരണപ്പെട്ടവരില്‍ കൂടുതലും ഇവരാണ്. ലഭിച്ച വിവരം അനുസരിച്ച് 2022ല്‍ 7 പേരാണ് മരണപ്പെട്ടിരിക്കുന്നത്. 2023ല്‍ 56 പേരും. 2024ല്‍ 6 പേരുടെയും മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കണക്കില്‍പ്പെടാതെ മരണപ്പെട്ടുപോയ തൊഴിലാളികള്‍ വേറെയുമുണ്ട്. കെ.എസ്.ആര്.ടി.സിയിലെ ഒരു തൊഴിലാളി പോലും ജോലി സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് മരണപ്പെടാന്‍ പാടില്ലെന്ന് തീരുമാനിക്കേണ്ടത് ആ സ്ഥാപനത്തെ നോക്കുന്ന മാനേജ്മെന്റാണ്.
ലാഭമുണ്ടാക്കാന്‍ വേണ്ടി ചെയ്യിക്കുന്ന പണിയെല്ലാം തൊഴിലാളികളെ കൊല്ലാനേ ഉപകരിക്കൂ. ശീതീകരിച്ച മുറികളിലും, കസേരകളിലും ഇരുന്ന് ചെയ്യുന്ന ജോലിയല്ല. കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ ചെയ്യുന്നത്. കെ.എസ്.ആര്.ടി.സിയുടെ ബസുകളുമായി അല്ലയുദ്ധമാണ് നടത്തുന്നത്. ഇത് തിരിച്ചറിഞ്ഞു വേണം മാനേജ്മെന്റ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍, തൊഴിലാളികളെ കള്ളന്ാരെന്നും, പണിയെടുക്കാത്തവരെന്നും പറഞ്ഞാണ് മാനേജ്മെന്റ് മുന്നോട്ടു പോകുന്നത്. ശമ്പളം കൊടുക്കാതെയും, കൊടുക്കുന്ന ശമ്പളം രണ്ടായി മുറിച്ചുമൊക്കെ കഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.
ജോലി കഴിഞ്ഞ് ശമ്പളം കിട്ടാതെ വീട്ടിലെത്തുന്ന കുടുംബ നാഥന് ഏല്ക്കേണ്ടിവരുന്ന കുറ്റപ്പെടുത്തലുകളും, അനുഭവിക്കുന്ന മനോ വേദനയും മരണങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കെ.എസ്.ആര്.ടി.സിയില്‍ എത്തുന്നതോടെ നിത്യരോഗിയാകുന്ന ഡ്രൈവര്‍മാര്‍ പിന്നീട്, കുടുംബത്തിനു വേണ്ടി സ്വന്തം രോഗം മറച്ചുവെയ്കികുകയാണ് പതിവ്. ഇങ്ങനെ നിരന്തരം ജോലിക്കിടയിലും, ജോലി കഴിഞ്ഞ് വീട്ടിലുമൊക്കെ വെച്ചാണ് ഹാര്‍ട്ട്അറ്റാക്ക് സംഭവിച്ച് മരിക്കുന്നത്. അകാലത്തില്‍ ഒരു കുടംബത്തിന്റെ നാഥനെ ഇല്ലാതാക്കുന്ന കെ.എസ്.ആര്.ടി.സി മാനേജ്മെന്റ് ജീവനക്കാരുടെ ആരോഗ്യം നിലനിര്‍ത്താനുള്ള അടയന്തിര ഇടപെടലാണ് നടത്തേണ്ടത്.
ഇല്ലെങ്കില്‍ ബസ് ഓടുന്നതിനൊപ്പം ലാഭം കൊയ്യുന്ന കെ.എസ്.ആര്.ടി.സി, തൊഴിലാളികളുടെ ശവപ്പറമ്പായി മാറും. നോക്കൂ, കെ.എസ്.ആര്.ടി.സിയിലും തൊഴിലാളി യൂണിയനുകളുണ്ടായിരുന്നു. ശമ്പളവും ആനുകൂല്യങ്ങളും, പെന്‍ഷനും ഒന്നും നല്‍കാതെ നരകിച്ച് കൊലപ്പെടുത്തിയ ഈ തൊഴിലാളികളെ ആരെയെങ്കിലും രക്തസാക്ഷിയായി പരിഗണിച്ചിട്ടുണ്ടോ. അകാലത്തില്‍ ജീവന് നഷ്ടപ്പെടുത്തേണ്ടി വന്നവരുടെ ശമ്പളത്തില്‍ നിന്നും യൂണിയന് ലെവി കട്ട് ചെയ്തിട്ടില്ലേ. മരണപ്പെട്ട ഒരാളെയെങ്കിലും രക്തസാക്ഷി പരിവേഷം നല്കി ആദരിക്കാന്‍ തയ്യാറായിട്ടുണ്ടോ.
ഹൃദയാഘാതം സംഭവിച്ചു മരിക്കുന്നവരൊന്നും രക്തസാക്ഷിപ്പട്ടികയില്‍ വരില്ലല്ലോ. എന്നാല്‍, ഒന്നറിയുക. വര്‍ഗ ബോധം ഉള്ള യൂണിയനുകളാണെങ്കില്‍. മരണപ്പെട്ടവര്‍ ഓരോരുത്തരും നിങ്ങള്‍ക്കു വേണ്ടിയാണ് മരിച്ചത്. കെ.എസ്.ആര്.ടി.സി എന്ന പ്രസ്ഥാനം നിലനില്ക്കാന് വേണ്ടി എല്ലുമുറിയെ പണിയെടുത്തതിന്റെ ഭാഗമായി രോഗികളായി മരിച്ചതാണ്. ‘ഇന്ന് ഞാന്‍ നാളെ നീ’ എന്ന ആപ്ത വാക്യം മറന്നു പോകാതിരിക്കുക. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്.ടി.സിയില്‍ ഇടതു നേതാക്കളുടെ അഹന്ത ഒന്നുകൊണ്ടു മാത്രമാണ് ( വരുമാനം ഉണ്ടായിട്ടും ) ശമ്പളം മുടങ്ങിയതും, തൊഴിലാളികള്‍ അരക്ഷിതാവസ്ഥയിലായതും. ഇതും മരണങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. നിഷേധിക്കാനാവുമോ യൂണിയന്‍കാര്‍ക്ക്.
എങ്ങനെയെന്നാണ് മറുചോദ്യമെങ്കില്‍ ഉത്തരം ഇതാണ്. ശമ്പളം തവണകളായി നല്കിയപ്പോള്, ശമ്പളം കൂപ്പണായി നല്കിയപ്പോള്, യൂണിയന്റെ നിര്‍ദേശ പ്രകാരം DA കുടിശ്ശിക വരുത്തിയപ്പോള്‍, യൂണിയന്റെ അറിവോടെ ഡി.എ പൂജ്യം ശതമാനം ആക്കി ബേസിക് പേ മാത്രം നല്കി ശമ്പളം പരിഷ്കരിച്ചപ്പോള്‍, ശമ്പള പരിഷ്കരണത്തോടൊപ്പം പെന്ഷന് പരിഷ്കരണം നടത്താതിരുന്നപ്പോള്‍, ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും രണ്ട് തോതില്‍ ഡി.എ/ഡിആര്‍ നല്കിയപ്പോള്, പെന്ഷന് കാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ഉത്സവബത്ത നിഷേധിച്ചപ്പോള്‍ അതെല്ലാം ചരിത്രത്തില്‍ ആദ്യമായിരുന്നു.
തൊഴിലാളി വിരുദ്ധ സര്‍ക്കാര്‍ KSRTC തൊഴിലാളികള്‍ക്ക് മാത്രമായി നല്കിയ സംഭാവനയാണിതൊക്കെയും. എല്‍.ഡി.എഫ് വരും എല്ലാം |ശരിയാകും എന്നു വിശ്വസിച്ചിരുന്ന കെ.എസ്.ആര്.ടി.സി തൊഴിലാളികളാണ് മരിച്ചു പോയവരില്‍ അധികവും. എല്‍.ഡി.എഫ് വന്നിട്ടും ഒന്നും ശരിയാകാതെ പോയവരുടെ ആത്മാക്കള്‍ ഇന്നും കെ.എസ്.ആര്.ടി.സിയില്‍ തന്നെ ചുറ്റിത്തിരിയുന്നുണ്ട്. അവര്‍ക്കു കിട്ടേണ്ടത് വാങ്ങാനും, ചിലരെ പാഠം പഠിപ്പിക്കാനും.
Read more ….
- രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച് കേന്ദ്രസർക്കാർ;ഗാർഹിക സിലിണ്ടറിന് 100 രൂപയാണ് കുറച്ചത്
- എല്ലാ വിമർശനങ്ങളും കുറ്റകൃത്യമാണെന്ന് വിചാരിക്കുകയാണെങ്കിൽ ജനാധിപത്യം നിലനിൽക്കില്ല; സുപ്രീം കോടതി
- അജ്ഞാത സ്രോതസ്സുകളിൽനിന്ന് ദേശീയ പാർട്ടികൾക്ക് ലഭിച്ച വരുമാനത്തിന്റെ 82 ശതമാനവും ഇലക്ടറൽ ബോണ്ട് വഴി; എ.ഡി.ആർ
- ടേക്ക് ഓഫിന് പിന്നാലെ യുണൈറ്റ് എയർലൈൻ വിമാനത്തിന്റെ ടയർ ഊരിത്തെറിച്ചു
- ഗസ്സയിൽ പട്ടിണി; ഭക്ഷ്യസഹായം എത്തിക്കാൻ താൽക്കാലിക തുറമുഖം തുറക്കുമെന്ന് അമേരിക്ക