കൊച്ചി: ഡിഗ്രി ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസം നേടിയിട്ടും തൊഴിൽരഹിതരായി തുടരുന്ന സ്ത്രീകൾക്ക് ജോലി നൽകാൻ പദ്ധതി. മൂന്നു വർഷംകൊണ്ട് 10,000 സ്ത്രീകൾക്ക് തൊഴിൽ എന്നതാണ് ലക്ഷ്യം.
സംസ്ഥാന സർക്കാരിനു കീഴിലുള്ള കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിലാണ് ഇതിനായി പദ്ധതി തയ്യാറാക്കിയത്. ഈ മാസംതന്നെ പദ്ധതി തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു. ഐ.ടി. മേഖലയിൽ ജോലിചെയ്യുന്ന സ്ത്രീ സി.ഇ.ഒ.മാരുടെ കൂട്ടായ്മയായ വിമെൻ ഇൻക്ലൂസീവ് ഇൻ ടെക്‌നോളജി എന്ന കൂട്ടായ്മയുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്. സ്ത്രീകൾ നേതൃസ്ഥാനത്തുള്ള 100 സ്ഥാപനങ്ങളുടെ പിന്തുണയും പദ്ധതിയിൽ ഉറപ്പാക്കിയിട്ടുണ്ട്.
നോളജ് മിഷനു കീഴിലുള്ള ഡിജിറ്റൽ വർക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ ഒൻപത് ലക്ഷത്തിലേറെ സ്ത്രീകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ നിന്നുൾപ്പെടെ യായിരിക്കും ആദ്യ ഘട്ടത്തിലേക്കുള്ള 3000 സ്ത്രീകളെ തിരഞ്ഞെടുക്കുക. അടുത്ത രണ്ടുവർഷംകൊണ്ട് 7000 പേർക്കുകൂടി തൊഴിൽ ലഭ്യമാക്കും. ഐ.ടി., ഐ.ടി. ഇതര മേഖലയിൽ ആയിരിക്കും തൊഴിൽ അവസരം. സ്ത്രീകളെ തൊഴിൽ സജ്ജരാക്കുന്നതിനാവശ്യമായ പരിശീലനം വിമെൻ ഇൻക്ലൂസീവ് ഇൻ ടെക്‌നോളജി കൂട്ടായ്മയുടെ നേതൃത്വത്തിൽ നൽകും. കരിയർ ബ്രേക്ക് വന്ന സ്ത്രീകൾക്കും ഇതിൽ അവസരം ലഭിക്കും.
ലക്ഷ്യം ഇങ്ങനെ
സ്ത്രീകൾക്ക് ആത്മവിശ്വാസം നൽകുന്നതിനാവശ്യമായ പരിശീലനം നൽകുകയാണ് ആദ്യഘട്ടം. പിന്നീട് മെന്റർഷിപ്പ് ഒരുക്കും. തൊഴിലുമായി ബന്ധപ്പെടുത്തും. ഫ്രീലാൻസ് അവസരങ്ങളുമുണ്ടാകും. വീട്ടിലിരുന്ന് ജോലി ചെയ്യാൻ താത്പര്യമുള്ളവർക്ക് അതിനും അവസരം ലഭിക്കും.
നോളജ് മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് 10 ജില്ലകളിൽ വർക് നിയർ ഹോം സൗകര്യം ഒരുക്കുന്നുണ്ട്. ജൂലായ് 31-ഓടെ ഇതിന് തുടക്കമാകും. ഈ പദ്ധതിവഴി തൊഴിൽ ലഭിക്കുന്നവർക്ക് വർക് നിയർ ഹോം സൗകര്യം ഉപകാരപ്പെടും.
തൊഴിൽ മേഖലയിൽ കേരളത്തിൽ 28 ശതമാനമാണ് സ്ത്രീപങ്കാളിത്തം കണക്കാക്കിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകൾ ഏറെയുണ്ടെങ്കിലും തൊഴിലിൽ സ്ത്രീപങ്കാളിത്തം കുറവാണ്. ജോലിയിലുള്ളവർ പല കാരണങ്ങളാൽ തൊഴിൽ വിട്ടുപോകുന്നുണ്ട്. ഇവരിൽ പലർക്കും ജോലിയിലേക്ക് മടങ്ങിവരവ് ബുദ്ധിമുട്ടാണ്. ആത്മവിശ്വാസക്കുറവ് മുതൽ മാറിയ തൊഴിൽ സാഹചര്യങ്ങൾക്കാവശ്യമായ ശേഷി നേടാനാകാത്തതുവരെയുള്ള പ്രശ്നങ്ങളുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ