ദുബായ്∙ ദുബായ് മീഡിയ കൗൺസിൽ റമസാൻ ഇൻ ദുബായ് ( #Ramadan_in_Dubai ) ക്യാംപെയ്ൻ ആരംഭിച്ചു. ദുബായ് രണ്ടാം ഡപ്യൂട്ടി ഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ (ഡിഎംസി) ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് ക്യാംപെയ്ൻ. റമസാനിന്റെ യഥാർത്ഥ സാരാംശം ഉൾക്കൊള്ളുന്ന മികച്ച അന്തരീക്ഷം നഗരത്തിലുടനീളം സൃഷ്ടിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പൊതു-സ്വകാര്യ മേഖലകൾ ഒന്നിക്കുന്ന ആദ്യത്തെ നൂതന പ്രചാരണമാണിത്. ദുബായ് ഗവൺമെന്റ് മീഡിയ ഓഫിസിൽ (ജിഡിഎംഒ) നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ സംരംഭം പ്രഖ്യാപിച്ചത്.
റമസാനിന്റെ അതുല്യമായ ചൈതന്യവും സൗന്ദര്യവും ഊഷ്മളതയും സമൂഹത്തിലേക്ക് കൊണ്ടുവരാനും വ്രത മാസത്തിലെ ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമായ സമ്പന്നമായ സാംസ്കാരിക പൈതൃകവും പാരമ്പര്യങ്ങളും പങ്കിടാനും വേണ്ടിയാണ് ഈ ക്യാംപെയ്ൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദുബായിലെ വിവിധ പൊതു-സ്വകാര്യ കൂട്ടായ്മകൾ സംഘടിപ്പിക്കുന്ന റമസാൻ ആഘോഷങ്ങൾ ക്യാംപെയ്നിന്റെ കുടക്കീഴിൽ കൊണ്ടുവരുന്നതിലൂടെ സമൂഹത്തിന് അവിസ്മരണീയമായ അനുഭവം സമ്മാനിക്കാൻ സാധിക്കും. ജീവിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരമെന്ന പദവി നിലനിർത്താനുള്ള ദുബായിയുടെ നേതൃത്വത്തിന്റെ കാഴ്ചപ്പാടുമായി ക്യാംപെയ്ൻ സംയോജിപ്പിച്ചിരിക്കുന്നു.
ദുബായ് മീഡിയ കൗൺസിൽ, ദുബായ് ഗവൺമെന്റ് ഓഫ് മീഡിയ ഓഫിസിന്റെ (ജിഡിഎംഒ) ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായിയെ ക്യാംപെയ്ൻ നടത്തിപ്പിന്റെ മേൽനോട്ടം വഹിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. റമസാനിന്റെ ചൈതന്യം ഉൾക്കൊള്ളുന്ന പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കാനുള്ള ക്യാംപെയ്നിന്റെ ഭാഗമായ എല്ലാ പങ്കാളികളുടെയും ശ്രമങ്ങളെ ഷെയ്ഖ് അഹമ്മദ് അഭിനന്ദിച്ചു. ദുബായുടെ സാംസ്കാരിക വ്യക്തിത്വം ഉയർത്തിക്കാട്ടുന്നതിനു പുറമേ, ദുബായിലെ വൈവിധ്യമാർന്ന സംസ്കാരങ്ങളിലുള്ള ആളുകൾക്കിടയിൽ സമാധാനപരമായ സഹവർത്തിത്വവും സൗഹാർദവും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. ഈ വർഷത്തെ ആഘോഷങ്ങൾ സ്വദേശികൾക്കും പ്രവാസികൾക്കും വേറിട്ട അനുഭവം സമ്മാനിക്കും.
റമസാൻ ഇൻ ദുബായ് ക്യാംപെയ്നിൽ പങ്കെടുക്കുന്ന വിവിധ സ്ഥാപനങ്ങളുടെ ശ്രമങ്ങൾ കാര്യക്ഷമമാക്കാനും ഏകീകരിക്കാനും ഷെയ്ഖ് അഹമ്മദ് നിർദ്ദേശങ്ങൾ നൽകി. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി(ആർടിഎ)യെ പ്രചാരണത്തിന്റെ തന്ത്രപരമായ പങ്കാളിയായി തിരഞ്ഞെടുത്തിട്ടുണ്ട്. സാമ്പത്തിക–വിനോദസഞ്ചാര വകുപ്പ്, ഇഎംഎആർ, ദുബായ് മുനിസിപ്പാലിറ്റി, മജീദ് അൽ ഫുത്തൈം ഗ്രൂപ്പ്, ദുബായിലെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി, ദുബായ് ഹോൾഡിങ്, എക്സ്പോ സിറ്റി ദുബായ്, നഖീൽ, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെന്റ്, വാസൽ പ്രോപ്പർട്ടീസ്, ദുബായ് പൊലീസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്-ദുബായ് (ജിഡിആർഎഫ്എ), ഫെർജാൻ ദുബായ്, ദുബായ് മീഡിയ, ദുബായ് സ്പോർട്സ് കൗൺസിൽ, ഗ്ലോബൽ വില്ലേജ് എന്നിവയാണ് മറ്റു പങ്കാളികൾ. വാർത്താ സമ്മേളനത്തിൽ ദുബായ് മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്സണും മാനേജിങ് ഡയറക്ടറും ജിഡിഎംഒ ഡയറക്ടർ ജനറലുമായ മോന അൽ മാരി പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ