തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിൽ നിന്നും പ്രമുഖ നേതാക്കൾ വീണ്ടും ബിജെപിയിലേക്ക് ചേക്കേറുമെന്ന് വെളിപ്പെടുത്തി ബിജെപി നേതാവ്
വി.പി. ശ്രീപത്മനാഭൻ. മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ മക്കൾ പത്മജ വേണുഗോപാലിൻ്റെ ബിജെപി പ്രവേശം സംബന്ധിച്ച് നടന്ന ഏഷ്യാനെറ്റ് ന്യൂസിൻ്റെ ന്യൂസ് അവർ ചര്‍ച്ചയിലാണ് വെളിപ്പെടുത്തൽ
കേരളത്തിലെ മൂന്നിലേറെ കോൺഗ്രസ് നേതാക്കൾ ബിജെപിയുമായി ചര്‍ച്ച നടത്തി. കേരളത്തിലെ മുതിര്‍ന്ന നേതാക്കളാണ് ചര്‍ച്ച നടത്തിയതെന്ന് ശ്രീപത്മനാഭൻ വ്യക്തമാക്കി. പത്മജയുടെ ബിജെപി പ്രവേശനത്തെ വിമര്‍ശിക്കുന്ന ബിന്ദു കൃഷ്ണ അടക്കവും പലരും ബിജെപിയുമായി നേരത്തെ ചര്‍ച്ച നടത്തിയവരായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് പറഞ്ഞിരുന്നു. ഇത് ശരിവെച്ചാണ് ബിജെപി നേതാവിന്റെ വെളിപ്പെടുത്തൽ.
“കേരളത്തിലെ മൂന്നിലേറെ നേതാക്കൾ ഒന്നര വര്‍ഷത്തിനിടെ ബിജെപിയുമായി ചര്‍ച്ച നടത്തി. ഇവരിൽ പലരും മുതിര്‍ന്ന നേതാക്കളാണ്. ഇക്കാര്യം എനിക്ക് നേരിട്ട് അറിവുളളതാണ്. പേരുവിവരം സാമാന്യമര്യാദ കാരണം വെളിപ്പെടുത്തുന്നില്ല’. നാളെയവര്‍ ബിജെപിയിൽ ചേരുമ്പോൾ വിശ്വാസം വരും “- എന്നായിരുന്നം വി.പി. ശ്രീപത്മനാഭൻ്റെ വെളിപ്പെടുത്തൽ.
അതേസമയം; മുൻ കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ചു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.കരുണാകരൻ്റെ മകൾ ബിജെപിയിൽ ചേർന്നത്. പ്രകാശ് ജാവഡേക്കർ പത്മജക്ക് മെംബർഷിപ്പ് നൽകി.
പാർട്ടിയിൽ നിന്നേറ്റ അവഗണനയാണ് കോൺഗ്രസ് വിടാൻ കാരണം എന്ന് പത്മജ വ്യക്തമാക്കി. പ്രധാന മോദി ശക്തനായ നേതാവാണെന്നും പത്മജ ബിജെപി അംഗത്വം സ്വീകരിച്ച ശേഷം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കരുത്തനായ നേതാവാണെന്ന് പത്മജ വേണുഗോപാൽ മാധ്യമങ്ങളോടു പറഞ്ഞു.
കോണ്‍ഗ്രസുമായി ഏറെക്കാലമായി താൻ അകൽച്ചയിലായിരുന്നെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിച്ച തന്നെ സ്വന്തം പാർട്ടിക്കാർ തന്നെ തോല്പിച്ചു എന്നും സമയമാകുമ്പോൾ അവരുടെ പേരുകൾ വെളിപ്പെടുത്തുമെന്നും പത്മജ അറിയിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ പത്മജ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും അവർ തൃശൂരിൽ പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷം പാർട്ടി നേതാക്കളുമായി ഉണ്ടായ അകൽച്ചിലാണ് പത്മജപാർട്ടി വിട്ടത്.
‘‘വളരെയധികം സന്തോഷവും കുറച്ച് ടെൻഷനുമുണ്ട്. ആദ്യമായാണ് പാർട്ടി മാറുന്നത്. കുറച്ചധികം വർഷങ്ങളായി കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലാണ്. പ്രത്യേകിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം. ഹൈക്കമാൻഡിൽ പരാതി നൽകിയെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. നേതൃത്വവുമായി ചർച്ച നടത്താൻ പലതവണ എത്തിയെങ്കിലും അതിനു അനുവാദം തന്നില്ല. എന്റെ അച്ഛനും ഇതേ അനുഭവമാണ് കോൺഗ്രസിൽനിന്നുണ്ടായത് ” – എന്നും പത്മജ ചൂണ്ടിക്കാട്ടി
















