തിരുവനതപുരം: ബിജെപിയിൽ ചേർന്ന മുൻ മുഖ്യമന്ത്രി കെ കരുണാകരൻ്റെ മകൾ പത്മജ വേണുഗോപാൽ നാളെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും.
ബിജെപി അംഗത്വം സ്വീകരിച്ച പത്മജാ വേണു ഗോപാൽ ഡൽഹിയിൽ നിന്ന് നാളെ സംസ്ഥാന തലസ്ഥാനത്ത് എത്തും. ബി ജെ പി പ്രവർത്തകർ തിരുവനന്തപുരത്ത് പത്മജക്ക് സ്വീകരണം നൽകും. മാരാർജി ഭവനിൽ വെച്ചാകും പത്മജ മാധ്യമങ്ങളെ കാണുക. പത്മജയെ യൂത്ത് വഴിയിൽ തടയുമെന്ന് രാഹുൽ മാങ്കൂത്തത്തിൽ പറഞ്ഞിരുന്നു. ഇതിന് വെല്ലുവിളിയുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി – യുവമോർച്ച പ്രവർത്തകർ.
ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ സെക്രട്ടേറിയറ്റിനു മുന്നിൽ പത്മജ വേണുഗോപാലിൻ്റെ ഫോട്ടോ കെഎസ് യു പ്രവർത്തകർ കത്തിരുന്നു. ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്.
ഇന്ന് വൈകിട്ടാണ് ഡൽഹിയിലെ പാർട്ടി ദേശിയ ആസ്ഥാനത്തെത്തി ബിജെപിയിൽ ചേർന്നത്. പ്രകാശ് ജാവദേക്കറിൽ നിന്നാണ് അവർ അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി സന്തുഷ്ടയല്ലെന്നും നിരവധി തവണ പരാതി നൽകിയിട്ടില്ലെന്നും പദ്മജ പറഞ്ഞു.
ദേശീയ നേതൃത്വം തൻ്റെ പരാതിയിൽ ഒരു നടപടിയും സ്വീകരിച്ചില്ല. തൻ്റെ പിതാവും അസംതൃപ്തനുമായി. പാർട്ടിയിൽ ശക്തമായ നേതൃത്വം ഇല്ല. മോദി ശക്തനായ നേതാവാണ്. തൻ്റെ പരാതികളിൽ നിന്നും പ്രതികരണം ലഭിച്ചില്ല. തന്നെ ദ്രോഹിച്ചവരുടെ പേരുകൾ ഒരിക്കൽ താൻ വെളിപ്പെടുത്തുമെന്നും പത്മജ വ്യക്തമാക്കി.
കുറേ കാലമായി അവഗണന നേരിടുന്നു. പലതവണ പരാതി നൽകിയതാണ്. രാഷ്ട്രീയം അവസാനിപ്പിച്ച് പോയാലോ എന്ന് വരെ ചിന്തിച്ചു. സോണിയാ ഗാന്ധിയോട് ബഹുമാനമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിവും നേതൃഗുണവും എന്നും തന്നെ ആകർഷിച്ചിരുന്നു. അച്ഛൻ മരിച്ചപ്പോഴും താൻ പാർട്ടി വിട്ടിരുന്നില്ല. മോദിജി കരുത്തനായ നേതാവാണെന്ന ഒറ്റ കാരണത്താലാണ് താൻ ബിജെപിയിൽ എത്തിയതെന്നും പത്മജ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
















