തിരുവനന്തപുരം: എല്ലിൻ കഷ്ണം കിട്ടാൻ ഓടുന്നവരേ പോലെ കോൺഗ്രസുകാർ ബിജെപിക്ക് പിന്നാലെ ഓടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ എൽഡിഎഫ് കൺവെൻഷൻ വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോൺഗ്രസുകാർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുകയാണ്. കോൺഗ്രസിന്റെ 11 മുൻ മുഖ്യമന്ത്രിമാരാണ് ബിജെപിയിൽ അംഗത്വമെടുത്തത്. കോൺഗ്രസുകാർക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ചാൽ അവർ കോൺഗ്രസായി നിൽക്കുമോ. അതിന് ആർക്കെങ്കിലും ഗ്യാരണ്ടി പറയാൻ കഴിയുമോ? രാജ്യത്തെ വർഗീയതയിലേക്ക് വഴിതിരിച്ച് വിടാതിരിക്കാൻ ലോക്സഭയിൽ ഇടത് സാന്നിധ്യം വേണമെന്നും അദ്ദേഹം മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരിൽ എം വി ജയരാജന് നല്ല സ്വീകാര്യതയാണ് ലഭിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് ആദ്യഘട്ടത്തിൽ തന്നെ വലിയ സ്വീകാര്യത ലഭിച്ചു. ലോക് സഭ തിരഞ്ഞെടുപ്പ് രാജ്യത്തിൻ്റെ ഭാവി നിർണ്ണയിക്കുന്ന ഘടകമാണ് എന്നും രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ച് ജനങ്ങൾക്ക് ആശങ്കയുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യം സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ചർച്ച ചെയ്യപ്പെടുന്ന കാലം. മോദി സർക്കാറിൻ്റെ കീഴിൽ രാജ്യം വളരെയേറെ പിറകോട്ട് പോയി.പട്ടിണി സൂചികയിൽ 107 സ്ഥാനത്തെത്തി.കോടാനുകോടി ജനങ്ങൾ പരമ ദരിദ്രരാണ്.ഈ ഇന്ത്യയെക്കുറിച്ചാണ് പൊടിപ്പും തൊങ്ങലും വച്ച് പ്രചരണം നടത്തുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
തെറ്റായ നയങ്ങളുടെ ഭാഗമാണ് ഇന്ത്യ ഈ അവസ്ഥയിലെത്തിയത്.വൻകിട കുത്തകകൾക്ക് വേണ്ടിയുള്ള നയങ്ങളാണ് നടപ്പാക്കുന്നത്.ദരിദ്രാവസ്ഥ ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്.പരമദരിദ്രാവസ്ഥയിൽ നിന്ന് മോചിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.2025 നവംബർ 1 ആകുമ്പോൾ അതിദരിദ്രരില്ലാത്ത നാടായി കേരളം മാറും.ഗ്യാരണ്ടിയുടെ വർത്തമാനം പറയുന്നവർക്ക് ഇങ്ങനെയൊന്ന് നടപ്പിലാക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു .
















