അബുദാബി/ഷാർജ∙ പാഠ്യപാഠ്യേതര മികവിന് ഷാർജ സർക്കാർ നൽകുന്ന എജ്യുക്കേഷനൽ എക്സലൻസ് അവാർഡിൽ മലയാളി തിളക്കം. തിരുവനന്തപുരം സ്വദേശിയും അബുദാബി ഇന്ത്യൻ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയുമായ നക്ഷത്ര പ്രേം ഉൾപ്പെടെ 6 മലയാളി വിദ്യാർഥികൾക്കാണ് ഷാർജ അവാർഡ് ഫോർ എജ്യുക്കേഷനൽ എക്സലൻസ് ലഭിച്ചത്.
ഷാർജ ജെംസ് മിലേനയം സ്കൂളിലെ അനുപമ പടിഞ്ഞാറേതിൽ, പ്രിയങ്ക ഗോപിനാഥ്, നിലീന മറിയം ജോനേഷ്, അംബാസഡർ സ്കൂൾ ഷാർജയിലെ ശ്രീമദ് ശ്രീരാജ്, ഡിപിഎസ് ഷാർജയിലെ അനന്യ മണികണ്ഠൻ എന്നിവരാണ് പുരസ്കാരം നേടിയ മറ്റു മലയാളികൾ. 1151 അപേക്ഷകരിൽനിന്ന് അന്തിമ പട്ടികയിലെത്തിയ 486 പേരിൽ നിന്നും തിരഞ്ഞെടുത്ത 41 പേർക്ക് ഷാർജ ഉപഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി അവാർഡ് സമ്മാനിച്ചു.
അബുദാബിയിൽ നിന്നുള്ള ഏക വിജയിയായ നക്ഷത്രയ്ക്ക് കല, സാഹിത്യം, ശാസ്ത്ര സാങ്കേതിക മികവു കൂടി പരിഗണിച്ചാണ് പുരസ്കാരം. ദുബായിൽ നടന്ന യുഎൻ കാലാവസ്ഥ ഉച്ചകോടി കോപ്–28ൽ സ്പീക്കറും പാനലിസ്റ്റുമായിരുന്നു. നക്ഷത്രയുടെ ആദ്യ പുസ്തകം ‘ഫോർ ഔർ പ്ലാനറ്റ്’ പിന്നീട് അറബിക്കിലേക്ക് വിവർത്തനം ചെയ്യുകയും 2023ലെ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതത്തെക്കുറിച്ചും സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ചും മുതിർന്നവർക്കും ക്ലാസ് എടുക്കുന്നു ഈ കൊച്ചു മിടുക്കി. എൻജിനീയർമാരായ പ്രേം ജോസ് ആന്റണി-സ്വപ്ന ദമ്പതികളുടെ മകളാണ്. സഹോദരൻ നവ്യുക്ത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ