അബുദാബി ∙ വിളിപ്പാടകലെ എത്തിയ റമസാനെ വരവേൽക്കാൻ രാജ്യവും ജനങ്ങളും വിപണിയും ഒരുങ്ങി. പകൽ ഉപവാസവും രാത്രി ഉപാസനയുമായി പവിത്രമായ റമസാൻ ദിനങ്ങളിൽ പരമാവധി സത്കർമങ്ങൾ ചെയ്യാനുള്ള തയാറെടുപ്പിലാണ് വിശ്വാസികൾ. ഈ മാസം 11ന് വ്രതാരംഭം എന്നാണ് സൂചനയെങ്കിലും മാസപ്പിറവി കാണുന്നത് അനുസരിച്ചാകും പ്രഖ്യാപനം. വ്രതാനുഷ്ഠാനത്തിന്റെ പവിത്രത കളങ്കപ്പെടുത്തുംവിധമുള്ള പ്രവർത്തികളിൽ നിന്ന് ജനം വിട്ടുനിൽക്കണമെന്ന് മതകാര്യ വിഭാഗം ഓർമിപ്പിച്ചു.
∙ ആരാധനാലയം സജ്ജം
കഴുകി വൃത്തിയാക്കി വെള്ള പൂശിയും പുതിയ പരവതാനി വിരിച്ചുമാണ് വിശ്വാസികളെ സ്വീകരിക്കാൻ ആരാധനാലയങ്ങൾ സജ്ജമായത്. വാർഷിക അറ്റകുറ്റപ്പണികളും റമസാന് മുൻപ് പൂർത്തിയാക്കി. അബുദാബിയിൽ ബുധനാഴ്ചകളിൽ നടക്കുന്ന മതപ്രഭാഷണ പരമ്പരയിൽ ഇന്നലെ റമസാന്റെ പവിത്രതയും പ്രാധാന്യവുമാണ് വിവരിച്ചത്. റമസാനിലെ പ്രത്യേക പ്രാർഥനയായ തറാവീഹിന് കൂടുതൽ പേർ എത്താൻ സാധ്യതയുള്ളതിനാൽ പ്രത്യേക സൗകര്യവും ഒരുക്കുന്നുണ്ട്.
∙ വിപണിയിൽ ആദായ വിൽപന
ആദായ വിൽപന പ്രഖ്യാപിച്ചും വില സ്ഥിരത ഉറപ്പാക്കിയും വ്യാപാര സ്ഥാപനങ്ങളും രംഗത്തുണ്ട്. ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റ് ഉൾപ്പെടെ യുഎഇയിലെ ഷോപ്പിങ് മാളുകളും വ്യാപാര സ്ഥാപനങ്ങളും റമസാൻ വിഭവങ്ങൾ അടങ്ങിയ കിറ്റുകളും പുറത്തിറക്കി. റമസാൻ വിപണിക്കു തുടക്കമായതോടെ കച്ചവടവും സജീവമായി. റമസാൻ വിഭവങ്ങൾ തയാറാക്കാനുള്ള ഉൽപന്നങ്ങൾ പ്രത്യേക സ്ഥലത്ത് അലങ്കരിച്ച് ഒരുക്കിയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്.
∙ വീടുകളിലും ഒരുക്കം ഉഷാർ
താമസ സ്ഥലം അടിച്ചുതെളിച്ചും കഴുകി വൃത്തിയാക്കിയും റമസാനെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് വിശ്വാസികൾ. നോമ്പുതുറ വിഭവങ്ങൾക്കുള്ള സാധനങ്ങൾ ശേഖരിച്ചും മക്കൾക്ക് നോമ്പിനെക്കുറിച്ച് വിശദീകരിച്ചും കുടുംബങ്ങളും പുണ്യകാലത്തിന് ഒരുങ്ങി. റമസാൻ പ്രഭാഷണങ്ങളും കാരുണ്യ പ്രവൃത്തികളും സമൂഹ നോമ്പുതുറകളുമായി സംഘടനകളും രംഗത്തുണ്ട്.
∙ റമസാൻ ടെന്റ്
യുഎഇയിൽ ജീവകാരുണ്യ സംഘടനകളുടെ നേതൃത്വത്തിൽ സമൂഹ നോമ്പുതുറയ്ക്ക് പൊതു ടെന്റുകളും സജ്ജമാക്കുന്നു. യുഎഇ റെഡ് ക്രസന്റ് ഉൾപ്പെടെ അംഗീകൃത ചാരിറ്റി സംഘടനകളാണ് ഇതിനു മേൽനോട്ടം വഹിക്കുക. സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും നോമ്പുതുറയ്ക്ക് ഔദ്യോഗിക കേന്ദ്രങ്ങളുമായി സഹകരിക്കണമെന്നും അഭ്യർഥിച്ചു.
∙ ജോലി സമയത്തിൽ ഇളവ്
റമസാനിൽ സ്വകാര്യമേഖലയ്ക്ക് നിലവിലെ ജോലി സമയത്തിൽനിന്ന് 2 മണിക്കൂർ ഇളവുണ്ട്. ജോലിയുടെ സ്വഭാവം അനുസരിച്ച് അനുയോജ്യമായ സമയം കമ്പനികൾക്കു തിരഞ്ഞെടുക്കാം. സർക്കാർ ജീവനക്കാർക്ക് തിങ്കൾ മുതൽ വ്യാഴം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് ജോലി സമയം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 വരെയും. വെള്ളിയാഴ്ചകളിൽ 70% ജീവനക്കാർക്ക് വിദൂര ജോലിക്കും അനുമതിയുണ്ട്. സ്കൂൾ, സർവകലാശാല വിദ്യാർഥികളുടെ ക്ലാസുകൾ വെള്ളിയാഴ്ച ഓൺലൈനിലായിരിക്കും. എന്നാൽ പരീക്ഷകൾക്കു മാറ്റമില്ല.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ