ആലപ്പുഴ: മുൻ കെപിസിസി പ്രസിഡൻ്റും വടകര എംപിയുമായ കെ മുരളീധരനും ബിജെപിയിലെത്തുമെന്ന സൂചന നൽകി ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ മകൾ പത്മജാ വേണുഗോപാൽ ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നതിനിടയിലാണ് എൻഡിഎ സ്ഥാനാർത്ഥിയുടെ പരാമർശം.
ഇന്ന് ബിജെപിയെ സംബന്ധിച്ച് കൂടുതല്‍ രാശിയുള്ള ദിവസമാണ്. കാരണം ഡല്‍ഹിയില്‍ ഒരു ചര്‍ച്ച നടക്കാന്‍ പോകുകയാണ്. ഇത് പെട്ടെന്ന് സംഭവിച്ചതല്ല. ഒരു സഹോദരികൂടി ഞങ്ങളുടെ പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നുവെന്ന ശുഭവാര്‍ത്ത കേട്ടാണ് താന്‍ ആലപ്പുഴയിലെത്തയിട്ടുള്ളതെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. ബിജെപിയിലേക്ക് കെ.മുരളീധരൻകൂടി കടന്നുവരാന്‍ സാധിക്കുന്ന രീതിയിലുള്ള സാഹചര്യമാണ് ഇന്ത്യന്‍ ജനാധിപത്യത്തില്‍ നിലനിൽക്കുന്നതെന്നും ശോഭ പറഞ്ഞു.
കെ. മുരളീധരന് ശക്തമായ രീതിയില്‍ മറുപടി നൽകണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ, കുറച്ച്നാള്‍ കഴിഞ്ഞാല്‍ അദ്ദേഹത്തെ മുരളീജി എന്ന് വിളിക്കേണ്ടി വന്നാലോ എന്നുകരുതിയാണ് അങ്ങനെ മറുപടി നൽകാത്തതെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
‘മുരളീധരന്റെ അച്ഛന് ജീവിച്ചിരിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ താത്പര്യമില്ലാതെ മറ്റൊരു പാര്‍ട്ടി രൂപീകരിച്ച മുരളീധരന് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പറഞ്ഞത്, എനിക്ക് എന്റെ അച്ഛനാണെന്ന് പറയാന്‍ പോലും ലജ്ജ തോന്നുന്നുവെന്നാണ്. ജീവിച്ചിരിക്കുന്ന കാലത്ത് അച്ഛന്റെ പേര് മുരളീധരന് വിലകുറച്ച് കാണിച്ച ഏറെ സംഭവങ്ങളുണ്ടായിട്ടുണ്ട്’- ശോഭാ സുരേന്ദ്രന് പറഞ്ഞു. ആലപ്പുഴയില്‍ പ്രചാരണത്തിനെത്താന്‍ വൈകിയത് വിശ്വാസപ്രകാരമുള്ള നല്ല സമയം നോക്കിയതുകൊണ്ടാണെന്നും അവർ കൂട്ടിച്ചേർത്തു.
സഹോദരിയുടെ ബിജെപി പ്രവേശന വാർത്തകളോട് രൂക്ഷമായി പ്രതികരണമാണ് കെ. മുരളീധരൻ നടത്തിയത്. പത്മജയ്ക്ക് കോൺഗ്രസ് മുന്തിയ പരിഗണനയാണ് നൽകിയത്. പാർട്ടി വിടാൻ അവർ പറഞ്ഞ ഒരു കാരണത്തിനും അടിസ്ഥാനമില്ല. പത്മജയെ പാർട്ടിയിലെടുത്തതുകൊണ്ട് ബിജെപിക്ക് കാൽ കാശിന്റെ ഗുണമുണ്ടാകില്ല. ഈ ചതിക്ക് പകരം തെരഞ്ഞെടുപ്പിൽ ചോദിക്കും. ഇനി ഒരുതരത്തിലുമുള്ള ബന്ധവും അവരുമായില്ല, എല്ലാബന്ധവും അവസാനിച്ചു. ഇഡിയെക്കാണിച്ച് പേടിപ്പിക്കാൻ കഴിയില്ല. ഈ പരിപ്പ് വടകരയിൽ വേവില്ല. വർഗീയ കക്ഷിയുടെ കൂടെ പോയതിൽ പിതാവ് കെ. കരുണാകരന്റെ ആത്മാവ് പത്മജയോട് പൊറുക്കില്ല. കരുണാകരൻ അന്ത്യവിശ്രമംകൊള്ളുന്ന സ്ഥലത്ത് സംഘികളെ കയറി നിരങ്ങാൻ സമ്മതിക്കില്ലെന്നും മുരളീധരൻ പറഞ്ഞു.